Fr Johnson Punchakonam
വൈദികര്‍ അഹങ്കാരത്തോടെ വിശ്വാസികളോട് പെരുമാറരുതെന്നതും സഭ ഉപേക്ഷിക്കുന്നതിനു കാരണമാകുന്നുണ്ട്. വൈദികരായ ചിലരെങ്കിലും ബുദ്ധീജീവികളെ പോലെയാണ് വിശ്വാസികളെ നോക്കികാണുന്നത്. എല്ലാത്തിനും അവസാന വാക്ക് തങ്ങള്‍ മാത്രമാണ് എന്ന അഹങ്കാരമനോഭാവം. തന്റെ മുന്നിലിരുന്നു ഉപദേശം കേള്‍ക്കുന്ന വിശ്വാസികള്‍ തങ്ങളെക്കാള്‍ കൂടുതല്‍ ലോകപരിചയം ഉള്ളവരും വിവിധ മേഖലകളില്‍ അനുഭവസമ്പത്തുള്ളവരുമാണെന്ന സത്യം വിസ്മരിച്ചു കൊണ്ടുള്‍ള ഭാവം. സാധാരണക്കാരും, എളിമയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരുമായ വിശ്വാസികളാണ് വൈദികരുടെ ബുദ്ധിജീവി സംസ്‌കാരങ്ങള്‍ക്കും തത്വശാസ്ത്രങ്ങള്ക്കും ഇരകളാക്കപ്പെടുന്നത്. യേശുക്രിസ്തുവിനെ വിചാരണ ചെയ്ത അന്നാസും കയ്യാഫാസും യഹൂദസമൂഹത്തിലെ പുരോഹിതശ്രേഷ്ഠന്മാരായിരുന്നു. ദൈവം മോശയ്ക്ക് നല്‍കിയ പത്തു കല്പ്പനകളെ തങ്ങളുടെ സൗകര്യത്തിനും, ആവശ്യങ്ങള്ക്കുമായി പുരോഹിതര്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ ചൂഷണം ചെയ്തിരുന്നു. യൂദാസ് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത ശേഷം, പാപഭാരത്താല്‍ പുരോഹിതരുടെ അരികില് എത്തിയപ്പോള് യൂദാസിനെ കൈവെടിയുകയാണ് പുരോഹിതര് ചെയ്തത്. ഇന്നത്തെ കാലഘട്ടത്തിലും ചില പുരോഹിതര് ഇത്തരം കഠിനമായ രീതിയില് ജനങ്ങളോട് പെരുമാറുന്നുണ്ട്. തങ്ങള് പുരോഹിതരാണെന്ന ഒരു തരം അധികാരത്തിന്റെ മാനസിക അവസ്ഥയാണ് ഇകൂട്ടരേ നയിക്കുന്നത്. പാവപ്പെട്ടവരേയും, ക്ലേശം അനുഭവിക്കുന്നവരേയും ഇവര് കാണുന്നതേയില്‍ല. തടവിലായവരെയോ, രോഗികളെയോ ഇവര് ചെന്നു കാണുകയോ ശുശ്രൂഷിക്കുകയോ ചെയ്യുന്നില്ല. ജനങ്ങളോട് ചേര്ന്നു നിലനില്ക്കുവാന് പുരോഹിതര് എല്ലായ്‌പ്പോഴും ശ്രമിക്കണം. സ്വപുത്രനെ നമ്മുക്കായി, നമ്മോടുകൂടെ വസിക്കാന്‍ നല്‍കിയ വലിയ സ്‌നേഹമാണ് പിതാവായ ദൈവം കാണിച്ചത്. മനുഷ്യരുടെ ഇടയില്‍ വേണം ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതര്‍ സഹവസിക്കേണ്ടത്. മാറുന്ന കാലത്തിനും ചിന്താഗതികള്‍ക്കുമനുസ്സരിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യരെ ഉള്‍ക്കൊള്ളുവാന്‍ യാഥാസ്ഥിതിക നിലപാടുകള്‍ കര്‍ക്കശമായി വച്ചുപുലര്‍ത്തുന്ന സഭയ്ക്കു കഴിയാതെ പോകുന്നതാണ് ഈ 'പുറംപോക്കി'ന്റെ മറ്റൊരു കാരണം.
ഉന്നത വിദ്യാഭ്യാസത്തിനായി വീടും നാടും വിട്ടു മാറിതാമസിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പുത്തന്‍ അനുഭവങ്ങളിലേക്ക് പാലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാകും. ചില അവസരങ്ങളിലെങ്കിലും തങ്ങള്‍ പാലിച്ചുവന്ന ജീവിതമൂല്യങ്ങളും, മാനദണ്ഡങ്ങളുമെല്ലാം വിട്ടു മദ്യപാനം, മയക്കുമരുന്ന്, അശ്‌ളീല ജീവിത രീതികള്‍ തുടങ്ങി അരുതാത്ത പലതും കീഴടക്കും. പിന്നീട് അതുമൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷവും, കുറ്റബോധവും ചിലരെയെങ്കിലും ദേവാലയഅനുഭവങ്ങളില്‍ നിന്ന് മാറി നില്‍ക്കുവാന്‍ പ്രേരിപ്പിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവര്‍ക്കു ആവശ്യമായ കൗണ്‍സിലിംഗും, സപ്പോര്‍ട്ടും കൊടുക്കുവാന്‍ സാധിക്കാതെ വരുന്നത് അവരെ സഭകളില്‍ നിന്ന് അന്യരാക്കും. മനുഷ്യന് ആദ്ധ്യാത്മികാവബോധം പകര്‍ന്നുനല്‍കി സ്വന്തം നിലയില്‍ ശരിതെറ്റുകളെ വിവേചിച്ചറിഞ്ഞു ജീവിക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നതില്‍ സഭകള്‍ക്കും ഇടവകകള്‍ക്കും പരാജയം സംഭവിച്ചതാണ് വിശ്വാസികള്‍ സഭവിട്ടുപോകുവാന്‍ കാരണം എന്നാണ് എന്റെ വിലയിരുത്തല്‍.
ഇടവകളില്‍ അംഗത്വമെടുത്തിട്ടുള്ള ഒരു വിഭാഗത്തിന്റെ കാര്യം മാത്രമേ നാം ശ്രദ്ധിക്കുന്നുള്ളു. അതിനു പുറത്തുനില്‍ക്കുന്നവരെ അന്വേഷിക്കുവാനോ കണ്ടെത്തുവാനോ, സഭയിലേക്കു തിരികെ കൊണ്ടുവരുവാനോ യാതൊരു ശ്രമവും ഉണ്ടാകുന്നില്‍ല എന്നതുകൂടി സ്വയം വിമര്‍ശന വിധേയമാക്കേണ്ടിയിരിക്കുന്നു. വിശ്വാസം നഷ്ടപ്പെട്ടവര്, വിശ്വാസത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്നവര്‍, ദൈവം ഇല്‍ല എന്ന വിധത്തില്‍ ജീവിക്കുന്നവര്, മൂല്യബോധവും ആദര്‍ശങ്ങളും നഷ്ടപ്പെട്ടവര്‍, തകര്‍ന്ന കുടുംബങ്ങള്‍, തൊഴില് രഹിതര്, ഏകാന്തതയനുഭവിക്കുന്നവര്‍ എന്നിവരെ കണ്ടെത്തുവാനുള്‍ള എന്ത് സാധ്യതകളാണ് ഇന്നലെകളില്‍ നാം സ്വീകരിച്ചത്. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്റെയടുക്കല് വരുവിന് ഞാന് നിങ്ങളെ ആശ്വാസിപ്പിക്കാം എന്നു പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കുകള്‍ക്കു എന്ത് വിലയാണ് ആധുനിക െ്രെകസ്തവസഭകള്‍ നല്‍കുന്നത്? സഭ എന്ന നിലയില്‍, നിശ്ചിതമായ സാമൂഹികനിയമങ്ങള്‍ക്കു വിശ്വാസികളെ വിധേയപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസികള്‍ തിരസ്‌കരിക്കപ്പെടുന്നു. അതാതുകാലത്തെ നിയമങ്ങളുടെ നടത്തിപ്പുകാരെയും അവയുടെ വ്യാഖ്യാതാക്കളെയും (മിക്കപ്പോഴും ദുര്‍വ്യാഖ്യാതാക്കള്‍ എന്ന് പറയേണ്ടിവരും) മറികടന്നുള്‍ള ചിന്തകള്‍ക്കും ജീവിതരീതികള്‍ക്കും വിലങ്ങുവീഴുന്നതിന്റെയും മാറ്റം അസാധ്യമാകുന്നതിന്റെയും അടിസ്ഥാനകാരണം ഇതാണെന്നു പറയാം. ഇസ്രായേല്‍ജനത്തിനു മോശെ നല്‍കിയ പത്തു ദൈവികകല്പനകളെത്തുടര്‍ന്നു പിറന്നുവീണ പുരോഹിതനിയമങ്ങള്‍മൂലം, മനുഷ്യനു അവന്റെ സത്തയില്‍ ജീവിക്കാനാവാതെ വന്ന സാഹചര്യത്തിലാണ്, അവയുടെ സാരാംശമായി ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെതുമായ രണ്ടു പരമപ്രധാന കല്പനകളില്‍ മറ്റെല്ലാ കല്പനകളും പ്രവാചകവചനങ്ങളും അടങ്ങുന്നു എന്നു പ്രഖ്യാപിച്ച്, പുരോഹിതനിയമങ്ങളില്‍നിന്ന് മനുഷ്യരെ യേശു മോചിപ്പിച്ചതിലൂടെയാണ് ക്രിസ്തീയ സമൂഹം രൂപപ്പെട്ടത്. മോശെയേയും കല്പനകളെയും തള്ളിക്കളയാതെതന്നെ അവയുടെമേല്‍ യേശുക്രിസ്തു നടത്തിയ ആദ്ധ്യാത്മികവ്യാഖ്യാനം ലോക ചരിത്രത്തിന്റെ നാഴികത്താളുകള്‍ മാറ്റിമറിക്കുവാന്‍ പര്യാപ്തമായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വിത്തുപാകി. ബാഹ്യനിയമങ്ങളുടെ ആന്തരീകപൂര്‍ത്തീകരണമായിരുന്നു അത്. 'അരുത്, അരുത്' എന്ന നിഷേധാത്മകനിയമങ്ങള്‍ക്ക് പകരം, 'സ്‌നേഹിക്കൂ, സ്‌നേഹിക്കൂ' എന്ന പുതിയ ആത്മാധിഷ്ഠിത നിയമമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു യേശുക്രിസ്തു. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക എന്ന് പഠിപ്പിച്ചതിലൂടെ പുതിയൊരു വാതില്‍ കാട്ടിത്തന്നു. സ്‌നേഹം അതില്‍ത്തന്നെ ദൈവികമാണ്. അപ്പോള്‍പ്പിന്നെ ദൈവത്തെ സ്‌നേഹിക്കണം എന്ന് എടുത്തു പറയേണ്ടതില്‍ല.
ഓരോ വ്യക്തിക്കുമായി യേശുക്രിസ്തു പ്രഖ്യാപിച്ച പരമപ്രധാനമായ ഈ സ്‌നേഹനിയമം, വ്യക്തികളെ വിവിധ ദൈവസങ്കല്പങ്ങള്‍ പുലര്‍ത്തുന്ന മുഴുവന്‍ മതസംവിധാനങ്ങളില്‍നിന്നുകൂടി മോചിപ്പിക്കുന്നു; 'അതൊന്നും നോക്കേണ്ടതില്ല, പരസ്പരം സ്‌നേഹിച്ചു ജീവിച്ചാല്‍ മാത്രംമതി' എന്നു ധൈര്യപ്പെടുത്തുന്നു. പാപപുണ്യങ്ങളെ സ്വയം വിവേചിച്ചറിഞ്ഞു സ്വന്തംനിലയില്‍ ജീവിതം നയിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. ഒപ്പം പറയേണ്ട മറ്റൊന്ന്, പാപമെന്നറിഞ്ഞുകൊണ്ടുതന്നെ അതു ചെയ്യാനുള്ള സ്വാതന്ത്ര്യവും വിശേഷബുദ്ധിയോടൊപ്പം ദൈവം മനുഷ്യനു നല്‍കിയിട്ടുണ്ട് എന്നതാണ്. തന്നെ ഒറ്റിക്കൊടുക്കാന്‍ പുരോഹിതരില്‍നിന്ന് അച്ചാരം വാങ്ങിയെന്നറിഞ്ഞിരുന്നിട്ടും, താനൊരുക്കിയ അന്ത്യഅത്താഴത്തില്‍ പങ്കുചേരുന്നതില്‍നിന്ന് യേശുക്രിസ്തു യൂദാസിനെ തടയാതിരുന്നത് ദൈവനിയോഗം തിരിച്ചറിഞ്ഞത്‌കൊണ്ടാണ്. പഴയനിയമമനോഭാവത്തില്‍നിന്നും ഇനിയും നാം മോചിതരായിട്ടില്ല. ഏതു പാപിക്കും പ്രാര്‍ത്ഥനാലയങ്ങളില്‍, പിതാവിന്റെ ഭവനത്തിലേക്ക് ധൂര്‍ത്തപുത്രനെയെന്നപോലെ കടന്നുവരുവാനും ദൈവവുമായി സഹവസിക്കാനും അനുരഞ്ജനപ്പെടാനുമുള്ള അവകാശത്തെ സഭയുടെയും ഇടവകകളുടെയും വ്യവസ്ഥാപിത നിയമങ്ങളുടെ പിന്‍ബലത്തില്‍ നിഷേധിക്കപ്പെടുന്നത് ഏറ്റം വലിയ പാപമാണ് എന്നത് നാം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും, നിങ്ങളോ അത് കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു എന്ന കര്‍ത്തൃവചനം ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. വാസ്തവത്തില്‍ പ്രാര്‍ത്ഥനാലയങ്ങളില്‍നിന്നു പുറത്താക്കപ്പെടേണ്ടവര്‍, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കി മാറ്റുവാന്‍ ശ്രമിക്കുന്നവരാണ്. 'പാപി'കള്‍ക്കു വാതിലുകള്‍ തുറന്നുകൊടുക്കാന്‍ സഭകള്‍ തയ്യാറാകണം.
യെരുശലേം ദേവാലയത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങളെ വിലവിവരപ്പട്ടികവച്ച് കച്ചവടം നടത്തിയവര്‍ക്കെതിരെ ചാട്ടവാറുയര്‍ത്തി അതേ വാതിലുകളിലൂടെ പുറത്താക്കാനും സാഹസികമായി പരിശ്രമിച്ചത് യേശുക്രിസ്തുവിന്റെ പാപികളോടുള്‍ള സ്‌നേഹവും സാമ്പത്തിക അധികാരാര്‍ത്തിയില്‍ മുങ്ങിക്കുളിച്ചവര്‍ക്കെതിരെയുള്ള ധാര്‍മ്മികരോഷവും വേണ്ടത്ര ഉള്‍ക്കൊണ്ടതുകൊണ്ടാണെന്നുള്ളതിനു തെളിവാണ് മോശെയില്‍നിന്ന് യേശുക്രിസ്തുവിലേക്കു വഴിവെട്ടുകയെന്ന, കാലഘട്ടം കൊതിക്കുന്ന മഹാകര്‍മ്മപദ്ധതിക്കു നേതൃത്വം നല്‍കുന്ന ഏതു പാപിക്കും പ്രാര്‍ത്ഥനാലയങ്ങളില്‍, പിതാവിന്റെ ഭവനത്തിലേക്ക് ധൂര്‍ത്തപുത്രനെയെന്ന പോലെയെങ്കിലും കടന്നുചെല്ലാനും ദൈവവുമായി സഹവസിക്കാനും അനുരഞ്ജനപ്പെടാനും അവകാശമുണ്ട്. വാസ്തവത്തില്‍ പ്രാര്‍ത്ഥനാലയങ്ങളില്‍നിന്നു പുറത്താക്കപ്പെടേണ്ടവര്‍, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കുന്നവരാണ്. ഇടയന്റെ ജീവിതവിശുദ്ധി അധികാരി എന്ന ഭാവം വെടിഞ്ഞു പകഷപാതം കാണിക്കാതെ, ഗ്രൂപ്പ് പിടിക്കാതെ തന്റെ ചുമതലയിലുള്‍ള ഇടവകയിലെ, സഭയിലെ വിശ്വാസികളെ എല്ലാവരെയും ഒരുപോലെ കാണുകയും നീതിയുടെയും, സത്യത്തിന്റെയും മാര്‍ഗത്തില്‍ പുരോഹിതരും അല്മായരും തമ്മിലുള്‍ള പരസ്പരബഹുമാനവും, വ്യക്തിബന്ധവും, സ്‌നേഹവും, കരുതലും വളര്‍ത്തുകയും ചെയ്താല്‍ ഒരളവുവരെ വിശ്വാസി സമൂഹത്തെ ചിതറി പോകാതെ പരിരക്ഷിക്കുവാന്‍ സാധിക്കും. ഇടയന്റെ ജീവിതവിശുദ്ധി പരമപ്രധാനമാണ്. ആടുകളുടെ ചോര കുടിക്കുന്ന ഇടയന്മാര്‍ സഭയെ നശിപ്പിക്കും.
രണ്ടു കണ്ണുകള്‍ കൊണ്ട് മാത്രം നോക്കി കാണുന്ന ഇടയനെ അനേകം കണ്ണുകളിലൂടെയാണ് വിശ്വാസികള്‍ നോക്കികാണുന്നത് എന്ന യാഥാര്‍ഥ്യം ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഇടയന്മാര്‍. ഇടയന്റെ നോട്ടം, പെരുമാറ്റങ്ങള്‍, സ്പര്‍ശനം, സംസാരങ്ങള്‍, സുതാര്യത തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇടയന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആടുകള്‍ ചിതറിപ്പോകും. സമ്പത്തിന്റെയും, അധികാരത്തിന്റെയും, പ്രൗഡിയുടെയും, സുഖലോലുപതയുടെയും കയത്തില്‍ മുങ്ങി കുളിക്കുന്ന ഗോവിന്ദച്ചാമിമാരായ ഇടയന്മാര്‍ വിശ്വാസികളെ സഭകളില്‍ നിന്നകറ്റും. തങ്ങള്‍ക്ക് ദൈവദാനമായി കിട്ടിയ കൊച്ചു രാജ്യം ഭരിച്ച് സുഖിച്ച് ജീവിച്ച് മരിക്കുന്നു. കാപട്യത്തിന്റെ പര്യായമായ ഇവര്‍ ദൈവവചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദരിദ്രജീവിതത്തെപ്പറ്റിയും സഹനജീവിതത്തെപ്പറ്റിയും നീണ്ട പ്രസംഗങ്ങള്‍ നടത്തുന്നു. ചെമ്മരിയാടുകളെ നയിക്കുന്ന കപടവേഷ ധാരികളായ പുരോഹിത ഇടയതാരങ്ങള്‍ ബലിപീഠത്തില്‍ ക്രിസ്തുവിന്റെ ബലിയെ വെറും പ്രഹസനങ്ങളാക്കി മാറ്റി സഭയെ ദിനംപ്രതി തകര്‍ത്തുകൊണ്ടിരിക്കുന്നു. സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്‍ള, ഏറെ അറിവും പഠിപ്പുമുള്‍ള വൈദികന്മാര് ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള് എന്തുകൊണ്ട് വിശ്വാസികള് പള്ളിയില് നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില് നിന്നും പള്ളീലച്ചന്മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില് അത് മേല്പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്.
മുഖസ്തുതികളില്‍ കോള്മയിര് കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാര്‍
മുഖസ്തുതികളില് കോള്മയിര് കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാര്‍. അത് സ്വയം പൂജയാണ്. അതിലുള്‌പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടവര്ക്കും, അയാള്‍ ഉള്‌പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യില്‍ല. യഥാര്ത്ഥ പ്രശ്‌നം അതൊരുതരം മാനസിക വിഭ്രാന്തിയാണ്. ഇത് പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ്. മിക്കപ്പോഴും അധികാരികള്‍ ആത്മാനുരാഗികളാണ്.
സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില് കോള്മയിര് കൊള്ളുന്ന ആത്മാനുരാഗികള്. 'ഈ കൊട്ടാര വിദൂഷകരാണ് സഭാനേതൃത്വത്തെ കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെ സഭകളില്‍ നിന്നകറ്റുവാന്‍ ഈ കൊട്ടാര വിദൂഷകരുടെ മുഖസ്തുതിസംസ്‌കാരം കാരണമാകുന്നു. ദേവാലയങ്ങളിലെ ഹാജര്‍ നില കുറവാണെങ്കിലും ദൈവവിശ്വാസം ഉള്ളവര്‍ കൂടുന്നു എന്നത്യാഥാര്‍ഥ്യമാണ്. വിശ്വാസം എന്തായിരുന്നാലും, ആഭരണങ്ങളും, വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുവാന് കിട്ടുന്ന അവസരങ്ങള് അതിനുള്‍ള ഏറ്റവും നല്ല വേദികള് ആയി മാറുന്നില്ലേ നമ്മുടെ ആരാധനാലയങ്ങള്‍ പോലും. ഒരു കണക്കിന് പറഞ്ഞാല്, അമേരിക്കയിലെ ദേവാലയങ്ങളും കലാസാംസ്‌കാരിക സംഘടനകളും തമ്മില്‍ വലിയ വിത്യാസം അനുഭവപ്പെടുന്നില്ല. രണ്ടിടങ്ങളിലും കലാഅഭ്യസപ്രകടനങ്ങള്, സാംസ്‌കാരിക പഠനങ്ങള്, ഗ്രൂപ്പു രാഷ്ട്രീയം, അധികാരകസേര, പടലപിണക്കങ്ങള്‍, കാലുവാരല്‍, കുതികാല് വെട്ട്, തൊഴുത്തില്‍ കുത്ത്, പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില് ഇറക്ക്, കുഴിയില് വീഴ്ത്തല്, മദ്യപാനം തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ സ്ഥിരം കലാപരിപാടികള്‍ ദേവാലയങ്ങളിലും അരങ്ങേറുന്നു. ഇതുമൂലം മനംമടുത്തു സഭകള്‍ വിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തില്‍ നിന്ന് മാറി നില്‍ക്കുന്നവരും കുറവല്ല.
Comments