You are Here : Home / AMERICA TODAY

ഞങ്ങളുടെ ബന്ദ്‌ മാത്രം നിരോധിക്കരുതേ

Text Size  

Story Dated: Tuesday, December 06, 2016 12:18 hrs UTC

ബന്ദുവണം ബന്ദ്‌

 

അയ്യോ മോഡി ജി എന്തുവേണമെങ്കിലും നിരോധിച്ചോ ഞങ്ങളുടെ ബന്ദ്‌ മാത്രം നിരോധിക്കരുതേ . ഞങ്ങൾ കേരളീയർ കുറെകാലങ്ങളായി ബന്ദ്‌ സന്തോഷപൂർവം ആഘോഷിക്കുകയാണ് . കരണ്ടു കട്ടുപോലെ ഞങ്ങൾക്കിപ്പോൾ അതൊക്കെ ശീലമായിക്കഴിഞ്ഞു. മതവും ജാതിയും പാർട്ടിയും ഭക്ഷണരീതികളും ഒക്കെ പോലെ. മാത്രവുമല്ല " Repeated gift become a right " എന്നല്ലേ പറയപ്പെടുന്നത് . ഇനിയിപ്പം അതൊന്നുമില്ലാതെ ഞങ്ങൾക്ക് മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിക്കാനേ കഴിയുന്നില്ല. അതുകൊണ്ടുള്ള നമ്മുടെ പരിതസ്ഥിതി സംരക്ഷണം വിദേശരാജ്യങ്ങളൊക്കെ വാനോളം പകഴ്‌ത്തി കഴിഞ്ഞു . അങ്ങനെ ഹരിതകേരളം ലോകത്തിനുതന്നെ ഒരു മാതൃകയാവുകയാണ്. അതും മാസത്തിൽ കുറഞ്ഞ് രണ്ടു ദിവസമെങ്കിലും പരിതസ്ഥിതി മലീനീകരണത്തിനെതിരായി വാഹനങ്ങൾ ഓടിക്കാതിരിക്കുന്ന ഒരേ ഒരു സംസ്ഥാനം നമ്മുടെ മാവേലിനാടുമാത്രമാണെന്നോർക്കണം.

 

 

ഇനി ഒന്നുരണ്ടു നിർദ്ദേശങ്ങളുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങൾക്കു പറയാനുണ്ട് . അത് മോദിജിയോടല്ല കേട്ടോ. ഇവിടുത്തെ ഈർക്കിലി രാഷ്ട്രീയ പാർട്ടിമുതലുള്ള മറ്റു പ്രമുഖ പാർട്ടികളോടാണ് . അതും വളെരെ നിസാരമായിട്ടു ചെയ്യാവുന്ന കാര്യവുമാണ് . ഒന്ന് ബന്ദുദിവസം തിരഞ്ഞെടുക്കുന്നത് തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ആയിരിക്കണം . രണ്ട് സംസ്ഥാനത്തൊട്ടാകെ കൂടുതൽ ബിവറേജ് സ്റ്റോറുകൾ തുറക്കുക. അങ്ങനെ അവിടുത്തെ തിക്കും തിരക്കും പരമാവധി കുറക്കുക . കൂടുതൽ നേരം ക്യൂ നിൽക്കുബോൾ മൂത്രശങ്കമുതൽ പല ആശങ്കകളും ഉണ്ടാകും. അപ്പോൾപിന്നെ സ്ഥലകാലസമയങ്ങൾ നോക്കാതെ ഇരുട്ടത്ത് കാര്യം സാധിക്കുന്നവെന്നാണ് അറിയാൻ കഴിഞ്ഞത്. തൊട്ടടുത്തുള്ള കടക്കാർക്കും വീട്ടുകാർക്കുമൊക്കെ അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ് .കൂടുതൽ വിദേശ മദ്യഷാപ്പുകൾ തുറക്കുബോൾ തിരക്കു കുറയുമെന്നുമാത്രമല്ല മേല്പറഞ്ഞ പരിതസ്ഥിതി മലിനീകരണം പരമാവധി കുറക്കുകയും ചെയ്യാം.

 

 

ബാറുകൾ എല്ലാം പഴെയതുപോലെ തുറക്കണം എന്നുകൂടി വിനീതനായി അഭ്യർത്ഥിക്കുന്നു . അതുകൂടി പ്രതീക്ഷിച്ചാണ് എല്ലാ പോക്രിത്തരങ്ങളും മറന്ന് ഒത്തൊരുമയോടെ വിവരദോഷികളായ മറ്റൊരു പാർട്ടിയെ വീണ്ടും അധികാരത്തിൽ എത്തിച്ചത്. അതുകൂടി ഓർത്തു വേണ്ടപോലെ ചെയ്താൽ നിങ്ങൾക്ക് അടുത്തതവണയും അധികാരത്തിൽ വരാവുന്നതുമാണ് . മേൽപറഞ്ഞ നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ മിക്കവാറും എല്ലാ തൊഴിലാളികൾക്കും കടക്കാർക്കും വിദേശികൾ പറയുന്നതുപോലെ " ത്രീ ഡേ വീക്കെൻഡ് : ഒരാഘോഷമാക്കാനും സാധിക്കും. അടുത്ത നിർദ്ദേശം ഒറ്റക്കും പെട്ടെക്കും പോകുന്ന വാഹനങ്ങളുടെ നേരെ കല്ലെറിയാതിരിക്കുക. അതിനുപകരം അവരെ തടഞ്ഞു നിർത്തി കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി എന്തെങ്കിലും കാര്യമായ ഒരു ചിക്കൽ മേടിച്ചു പോകാനനുവദിക്കുക .ആ വഴിക്ക് പാർട്ടിക്ക് കാര്യമായ ഒരു തുക പിരിഞ്ഞുകിട്ടുകയും ചെയ്യും. അങ്ങനെ എല്ലാ പാർട്ടികൾക്കും "ബന്ദ്‌ ഫണ്ട് " എന്ന ഓമനപ്പേരിൽ നല്ല ഒരു തുക സ്വരൂപിക്കുകയും ചെയ്യാം.

 

 

ആ പിരിവ് നിയമപരമായി സർക്കാരുതന്നെ അനുവദിക്കുക. എല്ലാ പാർട്ടികൾക്കും ബാധകമാകുന്നതുകൊണ്ടു ഒരു പട്ടികുറുക്കൻപോലും എതിർക്കാൻ വഴിയില്ല . പിന്നെ വല്ല പള്ളീലച്ചന്മാരോ മതപാർട്ടിക്കാരോ എതിർത്താൽ അവരോടു പോകാൻ പറ. കാശു പെട്ടിയിൽ വീഴുന്നതുകൊണ്ട് ആ എതിർപ്പൊക്കെ പുഷ്പംപോലെ കാറ്റിൽ പറക്കും . ഈ ബന്ദുദിവസങ്ങൾ ഇങ്ങനെ ഒരുളിപ്പുമില്ലാതെ മലയാളികൾ ആഘോഷിക്കുന്നു കാണുബോൾ പറയാനുള്ളതൊക്കെ ചാനലുകാരു പറയുന്നത്‌പോലെ 'പറയാതെ വയ്യ" അതുകൊണ്ടു പറഞ്ഞെന്നേയുള്ളൂ. എല്ലാവക്കും ഇനിയും കൂടുതൽ കൂടുതൽ ബന്ദുദിനങ്ങൾ ആശംസിച്ചുകൊണ്ട് . പ്രധാനമന്ത്രി മോഡി ജിയോടും മുഖ്യമന്ത്രി പിണറായി ജിയോടും Not the point എന്നും പറഞ്ഞുകൊണ്ട് നിർത്തുന്നു . ജയ് ഹിന്ദു

 

Thampy Antony Thekkek

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.