You are Here : Home / AMERICA TODAY

മലയാളിയും അമേരിക്കൻ രാഷ്ട്രീയവും !

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Tuesday, November 08, 2016 11:44 hrs UTC

ന്യൂയോർക്ക് : അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധി നിറഞ്ഞ ഒരു തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുവാൻ പോകുന്നത്,നെറികേട് കൊണ്ടും വൃത്തി കേട്ട ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ടും ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചേയ്ക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസ്സങ്ങളിൽ ലോകം സാക്ഷ്യം വഹിച്ചത്, റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ കഴിവും യോഗ്യതയും പാരമ്പര്യവുമുള്ള ഉള്ള എല്ലാ സ്ഥാനാർഥികളെയും പിന്തള്ളി സ്വന്തം നീചപ്രവർത്തികൾ കൊണ്ട് തന്നെ കുപ്രസിദ്ധിയാർജ്ജിച്ച ഡൊണാൾഡ് ട്രംപ് മുൻപിലെത്തിയപ്പോൾ തകർന്നടിഞ്ഞത് ഒരു വലിയ വിഭാഗം വരുന്ന യാഥാസ്ഥിക റിപ്പബ്ലിക്കൻസിന്റെ സ്വപ്‌നങ്ങൾ ആയിരുന്നു, അവസരവാദവും മനുഷ്യത്വമില്ലായ്മയും നെറികെട്ട ബിസ്സിനെസ്സ് രീതികളും കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ച ട്രംപ് എതിരാളികളെയും പ്രത്യേകിച്ച് സ്ത്രീകളെയും എപ്പോഴും നേരിട്ട് കൊണ്ടിരുന്നത് വൃത്തി കെട്ട വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ആയിരുന്നു,

 

അങ്ങനെയുള്ള ഒരാൾ ആധികാരികമായി പ്രസിഡന്റ് സ്ഥാനാർഥി ആയത് യാഥാസ്ഥിതിക റിപ്പബ്ലിക്കൻ വോട്ടർമാരെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പോലും അകറ്റി. മറ്റാരുമായിരുന്നെങ്കിലും ഹിലാരിക്കെതിരായി ജയിച്ചു പോകാമായിരുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇതിനിടയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വംശജർ ട്രംപ് നെ പിന്തുണക്കുന്നതായി പ്രസ്താവിച്ചു കണ്ടു, പൊതുവെ വിദ്യാഭ്യാസം കുറവുള്ള ഒരു വിഭാഗം വെള്ളക്കക്കാരുടെ അടക്കി വച്ചിരിക്കുന്ന വംശവെറിയും വർഗീയ വിദ്വേഷവും പുറത്തെടുക്കുന്നതിനായിരിക്കും ട്രംപിന്റെ വിജയം ഉപകരിക്കുക, വർഷങ്ങളായി അടക്കി വച്ചിരിക്കുന്ന വംശീയ കലാപങ്ങൾ ആളിക്കത്തുമ്പോൾ അത് അനുഭവിക്കാൻ പോകുന്നത് കറുപ്പും വെളുപ്പുമല്ലാത്ത തവിട്ടു നിറമുള്ള തൊലിയുള്ള എല്ലാവരുമായിരിക്കും, കാരണം ഒരു ഇന്ത്യൻ വംശജന്റെയും നെറ്റിയിൽ എഴുതി വച്ചിട്ടില്ല അവൻ ഒരു ഇന്ത്യക്കാരൻ ആണെന്നോ അവൻ ഒരു ഹിന്ദു ആണെന്നോ അവൻ ഒരു കത്തോലിക്കൻ ആണെന്നോ അവൻ ഒരു ടാക്സ് പേയർ ആണെന്നോ അല്ലെങ്കിൽ അവൻ ഒരു മുസ്ലിമോ പാകിസ്താനിയോ അല്ലെന്നോ!.

 

 

ഒരു വംശയീയ കലാപം പൊട്ടിപ്പുറപ്പെട്ടാൽ ആക്രമണങ്ങൾ തൊലിയുടെ നിറം നോക്കി മാത്രമായിരിക്കും, അത് പൊതു സ്ഥലങ്ങളിലായാലും സ്കൂളുകളിലോ ജോലിയിലോ കോളേജുകളിലോ ആയാലും ! മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ഇവിടെ പേടി കൂടാതെ ജീവിക്കുവാൻ ഊർജം നൽകിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യം തന്നെയായിരുന്നു, മുസ്ലിമുകൾക്ക് എതിരാണ് എന്ന് പറയുന്ന റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ഔട്ട് സോഴ്സിങ് പ്രോത്സാഹിപ്പിച്ചതും അനേകം വിദേശ രാജ്യങ്ങളിൽ നിന്നും നഴ്സുമാർ അടക്കമുള്ള അനേകം വിദേശികളെ അമേരിക്കയിൽ കുടിയേറി പാർക്കുവാൻ അവസരങ്ങൾ നൽകിയതും പക്ഷെ അവർക്ക് ഈ രാജ്യത്തു മാന്യമായി അധ്വാനിച്ചു ജീവിക്കുവാൻ സാമൂഹിക സംരക്ഷണം നൽകിയത് ഒബാമയുടെയും ഹിലാരിയുടെയും ഡെമോക്രാറ്റിക് പാർട്ടി ആയിരുന്നു. ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം സമ്മാനിച്ച് കൊണ്ട് അധികാരത്തിൽ നിന്ന് പുറത്തു പോയ റിപ്പബ്ലിക്കൻ പാർട്ടി തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളിലും വൻ പരാജയം നേരിട്ടു, സാമ്പത്തിക മാന്ദ്യം ലോകമാകെ ആഞ്ഞടിച്ചപ്പോൾ കടപുഴകി വീണ ലോകരാജ്യങ്ങളെയടക്കം കരയ്ക്കടുപ്പിക്കുവാൻ ഒബാമ ഭരണ കൂടത്തിനു കഴിഞ്ഞു, അമേരിക്കയുടെ തകർച്ച ലോകത്തിൻറെ തകർച്ച ആണെന്ന് ലോകം മനസിലാക്കുകയും ചെയ്ത ഒരു തിരിച്ചു വരവായിരുന്നു അത്, ( പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിങ് ഭരിച്ച ഭാരതം മാത്രം സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രക്ഷപെട്ടു എന്നത് ചരിത്രം).

 

 

അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ നയൻ ഇലവനു (9/11) ശേഷം ലോകത്തെ ആകമാനം ബാധിച്ച മുസ്ലിം തീവ്രവാദത്തെ വേരോടെ ഇല്ലാതാക്കുവാൻ ഒബാമ ഭരണ കൂടം നടത്തിയ ഇടപെടലുകൾ, ഒഴുക്കിയ ചോരപ്പുഴകൾ, ഇന്നും തുടരുന്ന ചിതറിച്ചു കളയുവാനും ഇല്ലായ്മ ചെയ്യുവാനും തീവ്രവാദത്തെ വളർത്തുന്ന രാജ്യങ്ങളെ ഇല്ലാതാക്കുവാനും ഇന്നും ആയിരക്കണക്കിന് തീവ്രവാദികളെ ലോകമെങ്ങും മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ബിൻ ലാദൻ അടക്കമുള്ള കൊടും തീവ്രവാദികളെ പിടികൂടി വധിക്കുവാനും അത് വഴി ലോകത്തു ജിഹാദികൾ അടക്കം ഉയർത്തുന്ന തീവ്രവാദം ഇല്ലാതാക്കുവാൻ അമേരിക്കൻ ഭരണകൂടം നടത്തുന്ന യുദ്ധങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ ഹിലാരിയെ മുസ്ലിമുകളെ പിന്തുണയ്ക്കുന്നു എന്ന പേരിൽ തള്ളിപ്പറയുന്നത് കാണുമ്പോൾ ചിരിക്കുന്നത് ട്രംപ് ആണെന്നത് വാസ്തവം.

 

കാരണം ട്രംപ് എന്ന് പറയുന്നത് ഒരു കാലു മാറ്റക്കാരന്റെയും കൂറ് മാറ്റക്കാരന്റെയും പ്രതിരൂപമാണ് എന്നതാണ്, ഇന്ന് പറയുന്നത് ഒക്കെ നാളെ തിരുത്തി പറഞ്ഞേയ്ക്കാം കാരണം ഔട്ട് സോഴ്സിങ് നിരോധിക്കണം എന്ന് പറയുന്ന അതെ വ്യക്തി സ്വന്തം പേരിലുള്ള ട്രംപ് ബ്രാൻഡ് തുണിത്തരങ്ങൾ നിർമിച്ചു ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്ന് ആണെന്നത് വിരോധാഭാസം, നിരവധി ബാങ്കറപ്‌സികൾ, ടാക്സ് കൊടുക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികൾ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കു ദോഷം ചെയ്യുകയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ചെയ്യുന്ന ട്രംപ് എങ്ങനെ നാളെ രാജ്യത്തിന് ഉപകാരപ്പെടും എന്ന് അയാളെ പിന്തുണയ്ക്കുന്നവർ മനസിലാക്കുന്നില്ല ! അമേരിക്കയെ പിന്തുണയ്ക്കുകയാണെന്നു പറഞ്ഞു ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുന്ന ചില രാജ്യങ്ങൾ ലോക പോലീസിന്റെ തകർച്ച മുന്നിൽ കണ്ടു രഹസ്യമായി ചിരിക്കുകയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ്തുവിനെ വേണമോ അതോ ബറാബാസിനെ വേണമോ എന്നുള്ള ന്യായാധിപന്റെ ചോദ്യത്തിന് മറുപടിയായി ബറാബാസിനെ വിട്ടു തരിക ക്രിസ്തുവിനെ ക്രൂശിക്കുക എന്ന് പറഞ്ഞവരുടെ നിലവാരത്തിലേക്ക് ചില വിഭാഗങ്ങളും എത്തുന്നു എന്നത് വളരെ ദുഖകരം! എന്തായാലും എലിയെ പേടിച്ചു ഇല്ലം ചുടേണ്ട അവസ്ഥ ഒന്നും ഇന്ന് അമേരിക്കയ്ക് ഇല്ല എന്നും സ്വന്തം കാൽക്കീഴിലെ മണ്ണൊലിച്ചു പോകാതിരിക്കുവാൻ ഓരോ മലയാളി അമേരിയ്കനും ബാധ്യതയുണ്ടെന്നും ഓർത്തു കൊള്ളുക, വോട്ട് ചെയ്യുക !

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.