വിശ്വാസികള്‍ സഭകളില്‍ നിന്നകലുന്നുവോ? ഒരന്വേഷണം? (ഫാ.ജോണ്സണ് പുഞ്ചക്കോണം)
ആധുനിക ക്രൈസ്തവസമൂഹം സാമ്പത്തികസാമൂഹികആത്മീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. യഥാര്‍ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുവാന്‍ നാം ശ്രമിക്കാതെ 'ഇരുട്ടുകൊണ്ടു ഒട്ട അടക്കുന്ന' സമീപനം സ്വീകരിക്കുന്നത് ശാശ്വതപരിഹാരമാകികില്ല. വിശ്വാസികള്‍ സഭകള്‍ വിടുന്നെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തണം. നഷ്ട്ടപ്പെട്ട ആടുകളെ കണ്ടെത്തുവാനും തിരികെ കൊണ്ടുവരുവാനുമുള്ള കഠിനമായ ഒരു പരിശ്രമം സഭകളും, ഇടവകകളും, ഇടയന്മാരും നടത്തേണ്ടിയിരിക്കുന്നു. സ്വയം തിരുത്തലിനുവേണ്ടിയുള്ള ഒരന്വേഷണമാണ് ഇത്. തിരുത്തലിനും പുനര്‍ ക്രമീകരണങ്ങള്‍ക്കും ഇനിയും അവസരങ്ങള്‍ ഉണ്ട്. 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങള്‍ മറ്റെല്ലാ അജണ്ടകളും മാറ്റിവച്ച് 'പുനരേകീകരണ വര്‍ഷമായി' കൊണ്ടാടാം. ഈ വിഷയം പഠന വിധേയമാക്കിയപ്പോള്‍ ഞാന്‍ കണ്ടെത്തിയ ചില യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ പഠനത്തിനായി കുറിക്കുന്നു.
• ഇടയന്മാര് സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്‍ക്കും സമീപിക്കാന്‍ സാധിക്കാത്ത സാഹചര്യം •
ആര്‍ഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം •
സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങള്‍.
• വിശ്വാസികളോടുള്ള ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റങ്ങള്‍
• സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍
• വര്‍ദ്ധിച്ചുവരുന്ന പ്രണയവിവാഹങ്ങ ള്‍
• സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത
• കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും.
• മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങള്‍
• ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
• കുടുംബ പ്രശ്നങ്ങളും കടക്കെടുതികളും മൂലമുളള അപമാനഭയത്താല്‍ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവര്‍
• ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും ആര്ഭാടത്തിനും മുന്‍തൂക്കം കൊടുക്കുന്ന ഇടവകകള്‍
• സഭയുടെ സ്ഥാപനങ്ങളില്‍ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്‍ത്തുന്നതിനുള്ള ഉപാധികളായി മാറുന്നതും അവ തമ്മില്‍ അനാരോഗ്യകരമായ മത്സരങ്ങളും നടക്കുന്നതും
• ദേവാലയ നിര്‍മ്മാണത്തില്‍ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകര്ഷകത്വത്തിനും പണക്കൊഴുപ്പിനും പ്രാധാന്യം നല്‍കികൊണ്ടുള്ള ദേവാലയ പുനര്നിര്മ്മാണങ്ങള്:കേവലം പിരിവുകള്‍ നല്കാന് മാത്രമായി വിധിക്കപ്പെട്ട വിശ്വാസികള്‍. പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകള്‍, കുരിശടികള്‍, സ്വര്‍ണ കൊടിമരങ്ങള്‍, വെടിക്കെട്ടുകള്‍, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍ അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്‍ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോള്‍ ജീവിതത്തിന്റെ പുറമ്പോക്കില്‍ അനേകര്‍ ജീവിക്കുന്നു എന്നതും നാം മറന്നു പോവുന്നു.
• സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി.
• ചില ആഘോഷങ്ങള്‍ കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു.
• മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നില്ക്കുന്നവര്
• ഇടവകകളിലെ അനാവശ്യമായ 'ഫോര്മാലിറ്റി'കള്‍ മൂലം സഭ വിടേണ്ടിവന്നവര്‍
• വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്കാരം സാധാരണ വിശ്വാസികളെ പുത്തന്‍ സഭകളിലേക്കു ചേക്കേറുവാന്‍ നിര്‍ബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തില്‍ ചെങ്ങാലിവില്പനക്കാരെ ചാട്ടവാര്‍ കൊണ്ടടിച്ചു പുറത്താക്കിയ കര്‍ത്താവ് വീണ്ടും വരുവാന്‍ താമസിക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല. ആകര്‍ഷിക്കപ്പെടുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ ആത്മീയമയക്കത്തിലാണ്ടവരെ കൂടുതല്‍ മയക്കത്തിലേക്ക് തള്ളിവിട്ടു ചൂഷണം ചെയ്ത് കോടീശ്വരാകുന്ന സംഘടിത സമൂഹത്തിലെ പുണ്യാളന്മാര് ദിനംപ്രതി പൊട്ടിമുളക്കുന്നു. രോഗശാന്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതത്തിനായി പരക്കം പായുന്ന സാധാരണക്കാര്‍. പ്രസംഗത്തിനിടയില്‍ ഉത്തേജനത്തിനായി ഹാലേലുയ്യായും ആമ്മീനും സ്വരലയസംഗീതത്തിന്റെ മേമ്പൊടിയോടെ കാതടക്കുന്ന ശബ്ദത്തില്‍ കാതുകളില്‍ ഇടിച്ചിറങ്ങുമ്പോള്‍ തോന്നുന്ന അനുഭൂതി ആത്മാഭിഷേകമായി ചിത്രീകരിക്കപ്പെടുന്നു.
സമ്പത്തും സമൃദ്ധിയും ഉണ്ടാക്കുവാന്‍ വേണ്ടി ഒന്നുമില്ലാത്തവനായി ഈ ലോകത്തില്‍ ജനിച്ചുജീവിച്ചു കാല്‍വറിയില്‍ പരമയാഗമായി സ്വയം സമര്‍പ്പിച്ച യേശുക്രിസ്ത്തുവിന്റെ പേരിലാണ് ഇതെല്ലാം എന്നോര്‍ക്കേണം. വൈവിധ്യങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുന്ന പുതുപുത്തന്‍ കരിസ്മാറ്റിക് ആരാധനാശൈലികള്‍, സഭയുടെ അംഗീകാരമില്ലാത്ത യോഗങ്ങള്‍, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍, സെക്ടുകള് എന്നിവയില്‍ നിന്ന് അകന്നിരിക്കുക എന്നത് സാധ്യമല്ലാത്ത അനുഭവങ്ങളായി മാറുന്നു. പ്രവാസസമൂഹത്തിലെ ഭൂരിഭാഗവും യുവജനങ്ങളും യുവകുടുംബങ്ങളുമാണ്. ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍, ജീവിതശൈലികള്‍, ആഘോഷങ്ങള്‍ മുതലായവ ഇവരെ ദ്രുതഗതിയില്‍ സ്വാധീനിക്കുന്നു. നഗരങ്ങളില്‍ ഒരു അജ്ഞാതത്ത്വം നിലനില്‍ക്കുന്നതിനാല്‍ സഭയ്ക്ക് അതാതു സ്ഥലങ്ങളിലെ പ്രവാസികളെ അന്വേഷിക്കുവാനോ, തിരിച്ചറിയുവാനോ ആവശ്യമായ കാര്യക്ഷമമായ സംവിധാനങ്ങളോ, ആശയസംവേദനമാര്ഗ്ഗങ്ങളോ സഭകള്ക്കില്ല. ഇവാന്‍ജലിക്കല്‍ സഭകളിലേക്കും പെന്തക്കോസ്ത് സഭകളിലേക്കും ഉള്ള ഒഴുക്ക് വര്‍ദ്ധിക്കുന്നു.
സാമൂഹത്തിലെ മാന്യതക്കു കോട്ടം വരാതെയും അഭിമാനം കൈവിടാതെയും ജീവിക്കുവാന്‍ വേണ്ടി തങ്ങളുടെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി സഭകളില്‍ കൂടിനടക്കുന്നവരുമുണ്ട് വിദ്യാസമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ ആളുകളാണ് ഇക്കൂട്ടത്തിലധികവും. കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ വ്യക്തികള്‍ക്ക് വിശ്വാസത്തിന്റെ ഉണര്‍വും തീഷ്ണതയും പലപ്പോഴും അവരുടെ ഇടവക വികാരിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. നമ്മുടെ സഭകളില്‍നിന്നും വേര്‍പിരിഞ്ഞുപോയവരെ മോശക്കാരും വഴിതെറ്റിയവരുമായി കാണുന്ന മനോഭാവം ശരിയല്ല. പലപ്പോഴും അവര്‍ കൂട്ടം തെറ്റിയതിന്റെ ഉത്തരവാദിത്വം നമുക്കാണ്, സഭയ്ക്കാണ്. സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും കരങ്ങള്‍ നീട്ടാന്‍ നാം കൂട്ടാക്കാത്തതിന്റെ പേരില്‍ കിട്ടിയ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നവരെയും ആത്മാവിന്റെ പുതിയ പ്രവര്‍ത്തനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും പ്രാര്‍ത്ഥനാപൂര്‍വം നയിക്കാനും കഴിയാത്തതിന്റെ പേരില്‍ ഗതിമാറിപ്പോയ ജീവിതങ്ങളെയും നാം കരുണയോടും ആദരവോടും കൂടിത്തന്നെ കാണണം. നഷ്ടപ്പെട്ട നാണയത്തെ കണ്ടുകിട്ടുവോളം അന്വേഷിക്കുന്ന ഒരു മനസ്സും കാണാതെപോയ ആടിനെ തേടിനടക്കുന്ന ഒരു ഇടയ ഹൃദയവും ധൂര്‍ത്തപുത്രനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പിതൃഹൃദയവും സഭക്കുണ്ടാകണം. അല്പനേരക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിച്ചത് 'അല്പനേരക്രിസ്ത്യാനി'കളുടെ എണ്ണം സഭകളില്‍ കൂടിവരുന്നു.
ദേവാലയത്തിനകത്തു വരുമ്പോള്‍ വിശ്വാസിയുടെ മുഖം മൂടിയണിയുകയും അതിനു പുറത്തു ഏതു മാര്‍ഗ്ഗത്തിലൂടെയും അത്യാഡംബരമായി ജീവിക്കുകയും ചെയ്യുക എന്നത് ഒരു ശൈലിയായി മാറുന്നു. തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകയും അര്‍ത്ഥവത്തായി, മാതൃകയായി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. ജീവിതം കൊണ്ട് സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും നാവു കൊണ്ടു സംസാരിക്കുന്ന നേതാക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തത് വിശ്വാസികളുടെ സഭകളോടുള്ള അകല്‍ച്ചക്കു കാരണമാകുന്നുണ്ട്. വിശ്വസ്തതയും ആത്മാര്‍ഥതയും കുറഞ്ഞുവരുന്നതും, ആത്മീയത അഭിനയിക്കുന്നവരുടെ എണ്ണം കൂടുന്നതും വിശ്വാസികളെ സഭയില്‍ നിന്നകറ്റുന്നു. ലാളിത്യം ക്രൈസ്തവസഭകളില്‍ കുറയുന്നു 'ജീവിതത്തിലെ ലാളിത്യം' ക്രൈസ്തവസഭകളില്‍ കുറയുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും 'മതി' എന്നു പറയാനുളള ആര്‍ജവത്വമാണ് ആത്മീയശക്തിയുടെ ലാളിത്യം.
നസ്രായനായ യേശുക്രിസ്തുവിന്റെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് ലളിതജീവിത ശൈലിയിലേയ്ക്ക് മാതൃകയാകേണ്ടവര്‍ മാറണം. മനോഭാവത്തിലും പ്രവര്ത്തനശൈലികളിലും, കൂടുതല്‍ ലാളിത്യം പുലര്‍ത്തണം. സമൃദ്ധിയുടെ സംസ്ക്കാരത്തില്‍ ജീവിക്കുന്ന ആധുനിക സമൂഹത്തില്‍, യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ലാളിത്യമെന്ന നന്മ കാട്ടികൊടുക്കുവാന്‍ അസാമാന്യമായ ആത്മാര്‍ത്ഥതയും ധീരതയും നേതാക്കള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ഇന്ന് വിപരീതദിശയില്‍ ഉപഭോഗസംസ്കാരത്തിലും, വ്യക്തിപൂജയിലും സ്വാധീനിക്കപ്പെട്ടുമലിനമാക്കപ്പെടുന്നു ആധുനിക ക്രൈസ്തവനേതൃത്വം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില്‍ നിന്നുള്ള വിടുതല്‍ സാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ, ഒട്ടിപ്പിടിക്കുവാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമാണത്. കടമെടുത്ത കുടിയേറ്റസംസ്കാരം പ്രവാസികളുടെ ലോകത്തില്‍ കടമെടുത്ത കുടിയേറ്റസംസ്കാരം തങ്ങളുടെ വിശ്വാസത്തിന്റെയും, പാരമ്പര്യങ്ങളുടെയും കൈമാറ്റത്തിലും, കുടുംബബന്ധങ്ങളുടെ പവിത്രതയിലും മാറ്റം സംഭവിച്ചു.
അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങള്‍ ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുകയാണ്. ജോലി, പഠനം, വിദേശകുടിയേറ്റം എന്നിവയുടെ ഫലമായി ഒറ്റപ്പെടുന്ന മാതാപിതാക്കള്‍, ശൂന്യമാകുന്ന വീടുകള്‍.ആധുനിക കുടിയേറ്റങ്ങള്‍ വഴി മാതാപിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെടുന്നു എന്നതല്ല മറിച്ചൂ മക്കള്‍ക്ക് കുടുംബം നഷ്ടമാകുന്നു എന്നതാണ്. കുടുംബസംസ്കാരം ഒറ്റയാന് സംസ്കാരമായി മാറുന്നു. ഇത് ഭാവിക്ക് ഏറെയും അപകടകരം! സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി മക്കളെ വിദേശത്തേക്ക് അയ്ക്കുമ്പോള്‍ നഷ്ടമാകുന്നത് കുടുംബത്തിന്റെ തായ് വേരാണ്. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കും. ഒരുമിച്ചു ദേവാലയത്തില്‍ പോകുന്ന രീതി നസ്രാണി പാരമ്പര്യത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരാധനാ ഭാഷ മനസിലാകുന്നില്ല എന്ന പേരില്‍ രണ്ടു പള്ളിയിലേക്ക് പോകുവാന്‍ നിര്‍ബന്ധിക്കുന്ന പുത്തന്‍ സംസ്കാരം കുടുംബത്തിന്റെ താളം തെറ്റിക്കും.
കുടിയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് മലബാറിലേക്ക് കുടിയേറ്റക്കാര്‍ കുടുംബമായിട്ടാണ് കുടിയേറിയത്. തന്മൂലം കുടുംബബന്ധങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. വ്യക്തിയില്‍ കുടുംബത്തിനുള്ള നിയന്ത്രണവും കുടുംബപ്രാര്ത്ഥനയും , ദൈവവിശ്വാസവും, അയല്‍പക്കബന്ധവും അഭംഗുരം തുടര്‍ന്നു. എന്നാല്‍ ഇന്ന് നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഭൂരിപക്ഷം പേരും വ്യക്തികളായാണ് കുടിയേറുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക്ശേഷമാണ് പുതിയ സ്ഥലത്ത് അവരൊരു കുടുംബം സ്ഥാപിക്കുന്നത്. ഇതിനിടയിലെ ജീവിതം ഏറെ സങ്കീര്‍ണ്ണമാണ്. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ നിയന്ത്രണവും സംരക്ഷണയുമില്ലാതെ ഒരു വലിയ സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയേണ്ട അവസ്ഥ. അവിടെ ആധുനികസംസ്കാരത്തിന്റെ സ്വാധീനങ്ങളെ വിവേചനാശേഷിയോടെ സമീപിക്കാന്‍ വളരെയേറെ ജാഗ്രത ആവശ്യമാണ്. സ്വീകരിക്കേണ്ട നന്മകളെ സ്വീകരിക്കാനും ഉപേക്ഷിക്കേണ്ട തിന്മകളെ ഉപേക്ഷിക്കാനുമുള്ള ആര്ജവമാണു യുവതലമുറയ്ക്ക് ഉണ്ടാകേണ്ടത്. ഈ ലോകത്തെ കൈപിടിച്ചു നടത്തേണ്ടത് നാളെയുടെ വാഗ്ധാനങ്ങളായ കുട്ടികളാണ്, അവരാണ് ജീവിതത്തിനോട് ഏറ്റവും തൊട്ടുനില്ക്കുന്നത്.
ഓരോ വ്യക്തിയിലും ജീവചൈതന്യം ഉച്ചസ്ഥായിയിലെത്തിനില്‍ക്കുന്നത് അവരുടെ യൌവനകാലത്താണ്. നിറഞ്ഞുനില്ക്കുന്ന ഈ ഊര്‍ജത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. അതിനുവേണ്ട പ്രചോദനവും പ്രോത്സാഹനവും, മാര്‍ഗനിര്‍ദ്ദേശവും ശരിയായ സമയത്ത്, ശരിയായ രീതിയില്‍ ലഭിച്ചിരിക്കണം. അതില്ലെങ്കില്‍ ആ ഊര്‍ജം മുഴുവന്‍ വഴിതെറ്റി ഒഴുകാനാണ് സാദ്ധ്യത. നമ്മള് ഓരോരുത്തരും ഒരു വ്യക്തിയായിരിക്കെത്തന്നെ മഹത്തായ മാനവരാശിയുടെ ഭാഗം കൂടിയാണ്. അവനവനില്‍ മാത്രമായി ചുരുണ്ടുകൂടുവാനുള്ളതല്‍ല നമ്മുടെ വ്യക്തിത്വം. അത് ചുറ്റുമുള്ള സമൂഹത്തിലേക്കും അതിനപ്പുറത്തുള്ള ലോകത്തിലേക്കും കവിഞ്ഞൊഴുകണം. പുത്തന്‍തലമുറ പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനവലയത്തില്പെട്ട് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നതു ഒരു ആരോപണം മാത്രമാണ്. യഥാര്‍ത്ഥത്തില്‍, യുവതലമുറ വഴിമാറി സഞ്ചരിക്കുന്നു എന്നു പറയുവാന്‍ സാധിക്കില്ല. ആ ചിന്ത മുതിര്‍ന്നവരുടെ മനസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പരിഭ്രാന്തി മാത്രമാണ്.
ഒരുപരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മളും പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നില്ലേ എന്ന ചോദ്യം ബാക്കി നില്ക്കുന്നു. ഭക്ഷണം, വസ്ത്രധാരണം, ഭാഷ, സംസ്ക്കാരം, സാമ്പത്തികമായ വളര്‍ച്ച എന്നിവയിലെല്ലാം തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ആഗോളവ്യവസ്ഥിതിയുടെ ഭാഗമായി നാം മാറികൊണ്ടിരിക്കുകയാണ്. ഒരു കാര്യത്തിലെങ്കിലും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ യുവതലമുറ അവരുടെ സ്വന്തമായ, സമ്പന്നമായ സാംസ്കാരിക പൈതൃകം മറക്കുവാന്‍ നാം കാരണക്കാരാകരുത്. സ്വയം കണ്ടെത്തുവാനുളള ശ്രമത്തിലാണ് പുത്തന്‍ തലമുറ. അവനവന്റേതായ ഒരു പാത അല്ലെങ്കില്‍ അവനവന്റേതായ ഒരിടം കണ്ടെത്താന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുതിര്‍ന്ന തലമുറയ്ക്ക് എന്തെങ്കിലും സാരമായി സംഭാവന ചെയ്യുവാന്‍ സാധിക്കുമൊ എന്നാണ് നോക്കേണ്ടത്. അവരുടേതായ രീതിയില്‍ അവര്‍ അത് ഉള്ക്കൊണ്ടുകൊള്ളും. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിപാര്‍ക്കുന്ന രണ്ടാം തലമുറയില്‍പ്പെട്ട ചിലരെങ്കിലും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.
സ്വന്തം പൈതൃകസമ്പത്തിന്റെ വില അവര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. നമ്മുടെ അമൂല്യമായ പാരമ്പര്യത്തിലും, പൈതൃക സമ്പത്തിലും ആത്മാഭിമാനമുള്ളവരായി ഇന്നിന്റെ തലമുറ മാറണം. സ്വന്തമായിട്ടുള്ള ആ നിധികുംഭത്തിലേക്കൊന്ന് ഊളിയിടുവാന്‍ അവരെ സഹായിക്കണം. അവിടെനിന്നു അമൂല്യങ്ങളായ മുത്തും പവിഴവും അവര്‍ വാരിയെടുക്കട്ടെ. നമ്മുടെ സംസ്ക്കാരത്തിന്റെ വിലയും നിലയും മനസ്സിലാക്കുവാന്‍ അവര്‍ക്ക് അവസരങ്ങളൊരുക്കി കൊടുക്കൂകയാണ് ഇന്ന് നാം ചെയ്യേണ്ടത്. അല്ലാതെ വല്ലതുമൊക്കെ പറഞ്ഞ് അവരുടെ മനസ്സ് മാറ്റാന്‍ ശ്രമിക്കുകയല്ല വേണ്ടത്. സ്വയം അറിഞ്ഞതും, അനുഭവിച്ചതും അവര്‍ക്കു മനസ്സിലാക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. കഴിഞ്ഞ തലമുറകള്‍, വിശേഷിച്ചും നമ്മുടെ തൊട്ടുമുമ്പിലുള്ള രണ്ടു മൂന്നു തലമുറകള്‍, പുത്തന്‍ തലമുറക്ക് നേരായ ദിശാബോധം നല്കുന്നതില് വേണ്ടത്ര നിഷ്കര്‍ഷത പാലിച്ചിരുന്നില്ല.
നമ്മുടെ തനതായ സാംസ്കാരിക സമ്പത്തിന്റെ വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുവാന്‍ ശ്രദ്ധവെച്ചിട്ടില്ല. കാരണം, ജീവിക്കുവാനുള്ള തന്ത്രപ്പാടില്‍ അതൊന്നും സ്വയം തൊട്ടറിയാന്‍ അവര്‍ക്കും അവസരങ്ങളുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. മഹത്തായ ആ പാരമ്പര്യത്തിന്റെ സ്വാധീനം ഇന്നത്തെ തലമുറയിലെ ജീവിതത്തെ എത്രത്തോളം സ്പര്‍ശിച്ചിട്ടുണ്ട്? നാം ഇന്നും അന്ധമായി പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുകയല്ലേ ചെയ്തത്? ഒരു പരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മള് പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നു. പുതിയ തലമുറ ആ പരിധിയും കടന്ന് അല്പം കൂടി മുമ്പോട്ടുപോയി എന്നു മാത്രം. കടന്നുപോയ തലമുറയേക്കാള്‍ ഏതാനും ചുവടുകള്‍ കൂടി മുമ്പോട്ട് വെക്കുവാന്‍ പുതിയ തലമുറ ശ്രമിക്കുന്നു എന്ന് മാത്രം. നമുക്കു കയറി പറ്റാന്‍ ധൈര്യമില്ലാതിരുന്ന ഉയരങ്ങളിലേക്ക് പുതിയ തലമുറ കയറിപ്പറ്റുന്നു.
യൌവനം എന്നു പറയുന്നത് പൂര്‍ണമായും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു അവസ്ഥയാണ്. അവര്‍ പ്രത്യേകിച്ചൊന്നും ആയിത്തീര്ട്ടിന്നില്ല, വളര്‍ച്ചയുടെ വഴികളിലൂടെ മെല്ലെ നടന്നുനീങ്ങിതുടങ്ങിയതേയുള്ളൂ. നിങ്ങള്‍ നിങ്ങളുടേതായ കൊമ്പുകളില്‍ ചേക്കേറി കഴിഞ്ഞവരാണ്. അവരോ? സ്വന്തമായി, സ്ഥിരതയുള്ള ഒരു സ്ഥാനം തേടിക്കൊണ്ടിരിക്കുന്നവരാണ്, എത്തിപ്പിടിക്കാനൊരു കൊമ്പ് കണ്ടെത്താനായി അവര്‍ ചുറ്റും പരതികൊണ്ടിരിക്കുകയാണ്. അതു കണ്ട് നമ്മള് പരിഭ്രമിക്കുന്നു. കുട്ടികള്‍ വെറുതെ ജീവിതം പാഴാക്കിക്കളയുന്നല്ലൊ, വഴിതെറ്റി പോകുന്നല്ലൊ എന്നെല്ലാമോര്‍ത്ത് പഴയ തലമുറ സങ്കടപ്പെടുന്നതില്‍ അര്‍ഥമില്ല. പ്രവാസികളുടെ ദൗത്യം പ്രവാസികള്‍ തങ്ങളുടെ മാതൃദേശത്തുനിന്ന് വ്യതിരക്തമായ ഒരു പുതുമണ്ണിലേക്കു പറിച്ചുനടപ്പെട്ടവരാണ്. പുതുമണ്ണും സാഹചര്യങ്ങളും എപ്പോഴും അനുകൂലമല്ലാത്തതിനാല്‍ അവയെ വേണ്ടവിധം ഉള്‍ക്കൊള്ളുവാന്‍ പ്രവാസികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസത്തേയും സഭയുടെ പാരമ്പര്യങ്ങളേയും സമന്വയിപ്പിച്ച് ജീവിക്കുവാന്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവാസി കുടുംബങ്ങള്‍ വളരെയധികം പ്രയാസങ്ങള്‍ സഹിച്ചിരുന്നു. എന്നിരുന്നാലും, കുടുംബപാരമ്പര്യങ്ങള്‍, പ്രാര്‍ത്ഥനകള്‍, കുടുംബമൂല്യ സംവിധാനങ്ങള്‍, സാംസ്കാരിക പാരമ്പര്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ മുതലായവ വഴി അവര്‍ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നു.
പ്രവാസമെന്നത് അവരുടെ മാത്രം നിലനില്പിനും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി മാത്രമുള്ളതല്ല, പ്രത്യുത, സഭയുടെ ആഗോളസുവിശേഷവത്കരണദൗത്യത്തില് പങ്കുചേരുന്നതിനും കൂടിയാണ് എന്ന സത്യം നാം തിരിച്ചറിയണം. വിശ്വാസികള്‍ എവിടെയുണ്ടോ അവിടെ അവരുടെ തനതായ ക്രിസ്തീയ സാക്ഷ്യം പിന്തുടരുവാന് അവരെ പ്രാപ്തരാക്കേണ്ട ചുമതല സഭകള്‍ക്കുണ്ട്. പ്രവാസികളായി കടന്നുവരുന്ന ആളുകളുടെ ഭാഷ, സംസ്കാരം, വിശ്വാസപാരമ്പര്യങ്ങള്, സഭാവ്യക്തിത്വം, ആരാധനാക്രമങ്ങള്‍ എന്നിവ ബഹുമാനിച്ചുകൊണ്ടുതന്നെ വേണം സഭകള്‍ മുന്നോട്ടു പോകുവാന്‍. കമ്പോളവല്ക്കരണം സ്വരുക്കൂട്ടിവക്കുന്നതിലും, സ്വന്തമാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന കമ്പോളസംസ്കാരത്തില്‍ നിന്ന് മുക്തമല്ല ഇന്നിന്റെ നേതൃത്വവും. സൗകര്യങ്ങളേക്കാള്‍ ആകര്ഷണങ്ങള്ക്കും, ആവശ്യങ്ങളേക്കാള്‍ ആര്‍ഭാടങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കുന്ന ആധുനികലോകത്തില്‍ വാങ്ങുവാനുള്ള സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യമെന്ന് കമ്പോളസംസ്കാരം നമ്മെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അവിടെ മനുഷ്യന്റെ ഹൃദയം കൂടുതല്‍ കൂടുതല്‍ ശൂന്യമാകുകയും സ്വാര്ത്ഥമാകുകയും ചെയ്യുന്നു. നമ്മുടെ ആഘോഷങ്ങള്‍, ജൂബിലികള്‍, ദേവാലയകെട്ടിടഭവനനിര്മ്മാണങ്ങള്; പെരുന്നാളാഘോഷങ്ങള്‍, അനുഷ്ഠാനങ്ങള്‍; എന്നിവയെല്ലാം ഒരു പുനരാലോചന അനിവാര്യമായിരിക്കുന്നു. അനുദിന ജീവിതത്തില്‍ സൗകര്യങ്ങളെക്കാള്‍ ഉപരി ആകര്ഷണത്തിനും ആഡംബരത്തിനും ആവശ്യത്തേക്കാള്‍ ആര്ഭാടത്തിനും മുന്‍തൂക്കം കൊടുക്കുന്നവരായി നാം മാറി. സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന കമ്പോളവല്ക്കരണം സഭയുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിക്കുന്നു.
സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായി മാറി. പെരുകുന്ന തീര്ത്ഥാനകേന്ദ്രങ്ങളും വര്‍ധിച്ചു വരുന്ന പെരുന്നാളാഘോഷങ്ങളും, മത്സരബുദ്ധിയോടെ ഊതി വീര്‍പ്പിക്കുന്ന ചരമശതാബ്ദിദ്വിശതാബ്ദി ആഘോഷങ്ങളും, പദയാത്രകളും മാര്‍ക്കറ്റിലെ വിപണന തന്ത്രങ്ങള്‍ കടമെടുക്കുന്നതായി അനുഭവപ്പെടുന്നു. മാമോദീസയില്‍ തുടങ്ങി, വിവാഹവും, പട്ടംകൊടയും, ചരമവാര്ഷികങ്ങളും വരെ എല്ലാ ആഘോഷങ്ങളും സാമ്പത്തിക സമൃദ്ധിയുടെയും പ്രൗഡിയുടെയും പ്രകടനവേദികളായി മാറുന്നു. നമ്മുടെ ആഘോഷങ്ങള്‍ ധൂര്‍ത്തിലേക്കും ധൂര്‍ത്ത് കപടപ്രശസ്തിയിലേക്കും വഴിമാറിയിരിക്കുന്നു. വിവാഹാഘോഷങ്ങള്‍ കുടുംബങ്ങളുടെയും, ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു. സഭയുടെ സ്ഥാപനങ്ങളില്‍ പലരും, പലതും സ്വന്തം പേരും പെരുമയും നിലനിര്‍ത്തുന്നതിനുള്ള ഉപാധികള്‍ മാത്രമായി മാറ്റുമ്പോള്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ക്കു കാരണമാകുന്നു. ഭവനനിര്‍മ്മാണവും ദേവാലയ നിര്‍മ്മാണവും സൗകര്യങ്ങളേക്കാള്‍ അഭിമാനത്തിനും, പ്രൗഢിക്കും ആകര്ഷകത്വത്തിനും പണക്കൊഴുപ്പു പ്രകടിപ്പിക്കുവാനുമുള്ള വേദികളായി മാറുന്നു. സിവില്പരമായി വിവാഹമോചനം നേടുന്നവര്‍, കൂടെത്താമസിക്കുന്നവര്, വന്ധ്യതയുള്ളവര്, ജീവിതപങ്കാളിയുടെ മരണമോ വിവാഹമോചനമോ മൂലമുള്ള ഏകപേരന്റിംഗിലേക്കു വാഴുമാറുവാന്‍ വിധിക്കപ്പെട്ടവര്‍, 'നാമൊന്ന്... നമുക്കൊന്ന് ' എന്ന പുത്തന്‍ സംസ്കാരമായ അണുകുടുംബങ്ങളിലേക്കു വഴിമാറിയവര്‍, കുട്ടികളെ വളര്‍ത്തുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാതെ കുട്ടികള്‍ വേണ്ട എന്ന ചിന്തയിലേക്ക് ഒഴുകിപോയവര്‍.
വിവിധ മതങ്ങളുടെയും, വിവിധ സാമ്പത്തികഭൗതികസിദ്ധാന്തങ്ങളുടെയും മത്സരങ്ങളുടെ ആഗോളവല്‍കൃത പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഇന്നിന്റെ യുവതലമുറക്കു വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള സാധാരണവും മാനദണ്ഡപരവുമായ പരമ്പരാഗതമായ ആശയങ്ങള്‍ ആധുനികകാലത്ത് ഒരു ന്യൂജനറേഷണല് പരിവര്‍ത്തനത്തിന് വിധേയമാകുകയാണോയെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. ഉപഭോക്തൃസംസ്കാരം ആധുനിക ലോകത്തിന്റെ തുടിപ്പുകള്‍ വിരല്‍ത്തുമ്പില്‍ ഒതുങ്ങിയപ്പോള്‍ പുകവലി, മദ്യപാനം, മയക്കുമരുന്ന്, പോര്‍ണോഗ്രഫി, സാമൂഹികനെറ്റുവര്ക്കുകള്, ടി.വി. സീരിയലുകള്‍, സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം, തുടങ്ങിയ ആധുനിക കാലഘട്ടത്തിന്റെ ആസക്തികള്‍ ഇന്നിന്റെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. ആത്മീയസാമ്പത്തിക ബൗദ്ധിക ദാരിദ്ര്യത്തില്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ അനേകം കുടുംബങ്ങളിലെ മനുഷ്യമൂല്യങ്ങള്‍ തകര്‍ക്കുന്നു. വ്യക്തിയുടെ പ്രസക്തി വര്‍ധിച്ചപ്പോള്‍, ഉപഭോക്തൃസംസ്കാരം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയ വിടവ്, ദമ്പതികള്‍ തമ്മിലുള്ള സ്നേഹമില്ലായ്മ, വാര്ദ്ധക്യത്താലും രോഗത്താലും കഴിയുന്നവരെ അവഗണിക്കല്‍, തൊഴില്‍ കാര്യങ്ങളില്‍ സ്ത്രീപുരുഷ സമത്വം, കുട്ടികളോടും സ്ത്രീകളോടുമുള്ള സമീപനത്തിലെ നിയമസംരക്ഷണങ്ങള്, ഒരുമിച്ചുള്ള തീരുമാനമെടുക്കല്‍ എന്നിവയിലെല്ലാം പുതിയ മാനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മിശ്രസിവില് വിവാഹങ്ങള്‍ ക്രൈസ്തവസഭകളില്‍ മിശ്രസിവില് വിവാഹങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. മലയാള ബന്ധമോ ഇന്ത്യന്‍ ബന്ധമോ ഇല്ലാത്തവരെ വിവാഹം ചെയ്യുന്നത് സഭ വിട്ടു പോകുന്നതിനു കാരണമാകുന്നു. ഞാനോ നീയോ വലുത് എന്ന ചിന്ത ഇടവകകളുടെയും കുടുംബങ്ങളുടേയും താളം തെറ്റിക്കുന്നു. ഇത് പിന്നീട് ഇടവകളില്‍ വേര്‍പിരിയലിന്റെയും, കുടുംബത്തില്‍ വിവാഹമോചനത്തിന്റെയും വാതായനങ്ങള്‍ തുറക്കുവാന്‍ കാരണമാകുന്നു.
പല കാരണങ്ങളാല്‍ വിവാഹം താമസിപ്പിക്കുകയോ ചില അവസരങ്ങളില്‍ വിവാഹം ഒഴിവാക്കുകയോ ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ക്രൈസ്തവസഭയും ആരാധനാ ഭാഷകളും മലയാളഭാഷയിലുള്ള സഭാശുശ്രൂഷകള് മനസിലാകാത്തതാണോ വിശ്വാസികള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ സഭ വിട്ടുപോകുവാനുള്ള യഥാര്‍ഥ കാരണം? ലോകചരിത്രത്തില്‍ ഉടാടിനടന്ന ജനസമൂഹം എത്രയോ ഭാഷകള്‍ കൈമാറിയാണ് ഇന്നത്തെ ഭാഷയുടെയും സംസ്കാരത്തിന്റെയും തുറമുഖത്തേക്ക് കടന്നുവന്നത്. എമിഗ്രന്റ് രാജ്യമായ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ കുടിയേറി പാര്ത്തിട്ടുളള ജനങ്ങള്‍ മുഴുവന്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്. ലോകത്തില്‍ ഇന്നുണ്ടായിരിക്കുന്ന എല്ലാ മതങ്ങളും, സഭകളും വിഭാഗങ്ങളും അവരുടെതായ ഭാഷകളില്‍ തനതായ ആരാധനാ രീതികളും, സാംസ്കാരിക തനിമയും പരിരക്ഷിക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ആധുനിക തലമുറയിലെ കുടിയേറ്റ സമൂഹത്തില്‍ ഒരു വിഭാഗത്തിനിടയില്‍ മലയാളഭാഷ അന്യമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. മലയാളം പഠിച്ചാല്‍ സ്വന്തം കുട്ടികള്‍ അന്യം നിന്നുപോകുമെന്നാണ് ഈ വിഭാഗം ഇപ്പോഴും ഭയക്കുന്നത്. മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സം. അതു തിരുത്താന്‍ നമുക്കു കഴിഞ്ഞിട്ടില്ല. അതേസമയം സംസ്കാരവും ഭാഷയും നിയന്ത്രിതമായ അതിര്ത്തിവരകള്ക്കുള്ളില് ബന്ധിച്ചിടുന്നതും അന്യഭാഷയെ ശത്രുവായി കാണുന്ന നയം സ്വീകരിക്കുന്നതും സങ്കുചിതമാണ്.ഏതു നാട്ടില്‍ ചെന്നാലും അവിടത്തുകാരനാകുന്ന , ആ ഭാഷ സ്വായത്തമാക്കുന്ന , അവരുടെ സംസ്കാരം അനുകരിക്കുന്ന ഒരു ജീന്‍ മലയാളി മനസിലുണ്ട്, അതു അതിജീവനത്തിന്റെ തത്വശാസ്ത്രമാണ്. ആഗോള വല്‍ക്കരണത്തിന്റെ സാഹചര്യങ്ങളും അവസ്ഥകളും സ്വയം പര്യാപ്തരല്ലാതെയാക്കിമാറ്റിയ ഒരു ജനതക്കു അതിജീവനം തന്നെയാണ് മുഖ്യം, അതിനാണവന്റെ പ്രയാണങ്ങളും പലായനങ്ങളും. ബാബേലില്‍വെച്ച് ദൈവം മത്സരികളുടെ ഭാഷ കലക്കി: 'ഭൂമിയില്‍ നിറയാനുള്ള' ദൈവത്തിന്റെ കല്‍പ്പനയ്ക്കു വിരുദ്ധമായി മെസൊപ്പൊട്ടാമിയയിലെ ശിനാര്‍ സമഭൂമിയില്‍ മുഴു സമൂഹത്തെയും കേന്ദ്രീകരിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുകയും ബാബേല്‍ ഗോപുരത്തിന്റെ പണി തുടങ്ങുകയും ചെയ്തു. എന്നാല്‍, അപകടകരവും ദ്രോഹകരവുമായ അവരുടെ പദ്ധതികളെ തകിടംമറിക്കാനായി ദൈവം അവരുടെ പൊതു ഭാഷ കലക്കി. അങ്ങനെയാണ് വ്യത്യസ്ത ഭാഷകള്‍ രൂപംകൊണ്ടത്.—ഉല്പത്തി 1:28; 11:19. ആദ്യമുണ്ടായിരുന്ന ആ ഒറ്റ ഭാഷയില്‍നിന്നാണ് എല്ലാ ഭാഷകളും ഉത്ഭവിച്ചത് എന്ന് ബൈബിള്‍രേഖ പറയുന്നില്ല. ശിനാറില്‍ ദൈവം അനേകം പുതിയ പദസഞ്ചയങ്ങള്‍ക്കും ചിന്താരീതികള്‍ക്കും രൂപം നല്കി. അതാണ് വ്യത്യസ്ത ഭാഷകള്‍ ഉടലെടുക്കാന്‍ ഇടയാക്കിയത്. ബാബേലില്‍ ഭാഷ കലക്കിയ കാലം മുതല്‍ കുടിയേറിപ്പാര്‍ത്ത വിഭാഗങ്ങള്‍ അവരുടേതായ സംസ്കാരവും, ഭാഷയും ജീവിതരീതികളും പിന്തുടരുന്നു. ആരാധനാഭാഷ മറ്റൊരു പ്രധാന പ്രശ്നം നമ്മുടെ ആരാധനാഭാഷ.
ആരാധനാക്രമത്തെക്കുറിച്ചുള്ള ദൈവശാസ്ത്രം എത്ര ഗംഭീരമാണെങ്കിലും ആരാധന അനുഭവമാകുന്നില്ലെങ്കില്‍ അതിലുള്ള താല്‍പ്പര്യം ക്രമേണ നഷ്ടപ്പെടും. നല്ല പാരമ്പര്യങ്ങളെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ വര്‍ത്തമാനകാല അനുഭവങ്ങളെയും ആശയങ്ങളെയും ആശങ്കകളെയും സംവേദിക്കുവാനുള്ള കഴിവ് ഏതൊരു സഭയുടെയും ആരാധനാക്രമത്തിനുണ്ടായിരിക്കണം. അങ്ങനെയുള്ള ആരാധന വിശ്വാസിയുടെ സമകാലീന ജീവിതത്തില്‍നിന്ന പേര്‍പെടുത്താനാകാത്തവിധം അവരുമായി ഇഴുകിച്ചേരും. വര്‍ത്തമാനകാല ജീവിതം, ഭാഷ, സംസ്ക്കാരം എന്നിവയില്‍നിന്നും അന്യമായ ആരാധനാക്രമം ഭക്തിയും, തീഷ്ണതയും ഇല്ലാതാക്കും. സഭാ ജീവിതത്തെ മരവിപ്പിക്കും. ഇങ്ങനെ ആരാധനാജീവിതത്തില്‍ മടുപ്പനുഭവപ്പെടുന്നവര്‍ക്ക് സ്വതന്ത്ര സഭകളിലെ സ്വതന്ത്രവും സജീവവുമായ ആരാധനകളില്‍ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന അനുഭവംമൂലം താന്‍ ജനിച്ചു വളര്‍ന്ന സഭകളില്‍ എന്തോ കുറവുണ്ട് എന്ന തോന്നല്‍ ഉണ്ടാവുകയും ക്രമേണ സ്വന്തം പാരമ്പര്യ വിശ്വാസത്തെ ഉപേക്ഷിക്കാന്‍ പ്രേരകമാകുകയും ചെയ്യും. സഭയുടെ ദൈവാരാധനയില് മലയാളഭാഷയില്‍ കാണാത്ത പല പദങ്ങളുമുണ്ട്. യാമപ്രാര്‍ത്ഥനകളുടെ പേരുകളായ റംശാ, സപ്രാ തുടങ്ങിയവ മാത്രമല്ല, കുര്‍ബാന, കൂദാശ എന്നിവയും ദൈവാരാധനയിലെ മറ്റു പല പദങ്ങളും സുറിയാനി ഭാഷയിലെ വാക്കുകള്‍ അതേപടി മലയാളത്തിലേക്കു സ്വീകരിച്ചിരിക്കുന്നവയാണ്. കേരളീയരായ നമ്മുടെ ഭാഷ മലയാളമാണെന്നിരിക്കേ എന്തുകൊണ്ടാണ് സുറിയാനിഭാഷാ പ്രയോഗങ്ങള്‍ നമ്മുടെ ദൈവാരാധനയില് ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയില്ല. ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മഹത്വം മനസിലാക്കി അണുവിട വിത്യാസം വരുത്താതെ പ്രാര്‍ഥനയിലും, ഉപവാസത്തിലും, കര്‍മ്മാനുഷ്ഠാനങ്ങളിലും ഇഴുകി ചേര്‍ന്ന് ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു തലമുറയും ഇവിടെയുണ്ട്. പക്ഷേ ഭാഷാതടസങ്ങള്‍ മൂലം ശരിയായ വിധത്തില്‍ വിശുദ്ധ കുര്‍ബാനയിലും മറ്റ് ആരാധനാ കര്‍മങ്ങളിലും പങ്കെടുക്കുവാനും അതില്‍ ഉള്ച്ചേരുവാനും ചിലപ്പോഴെങ്കിലും ഇവര്‍ക്കും സാധിക്കുന്നില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. അതിനു പരിഹാരം മിഷന് പള്ളികള്‍ സ്ഥാപിക്കുക എന്നതാണോ, ഇരു ഭാഷകളിലും ആരാധന നടത്തുക എന്നതാണോ അഭികാമ്യം എന്നത് പുനരാലോചിക്കേണ്ടതാണ്.
ഭൗതീക താല്‍പ്പര്യങ്ങള്‍ മൂലം സഭ വിട്ടുപോകുന്നവര്‍
ജോലി, സാമ്പത്തിക സഹായം തുടങ്ങിയവകള്‍ക്ക് വേണ്ടി സ്വന്തം സഭ ഉപേക്ഷിക്കുന്നവര്‍, വിവാഹം കഴിക്കുന്നതിനും പുനര്‍വിവാഹത്തിനുമൊക്കെയായി സഭ വിട്ടിറങ്ങുന്നവര്‍,സഭയിലെ കുറവുകളും സഭാധികാരികളില്‍നിന്ന് അനുഭവിക്കേണ്ടിവന്ന വേദനകളും മൂലം സഭ വിടുന്നവര്‍ സ്വന്തം സഭയുടെ കുറവുകളുടെ പേരില്‍ മറ്റുള്ളവരുടെ ഉപദേശങ്ങളെ അപ്പാടെ വിശ്വസിച്ച് പല സ്വതന്ത്ര സഭകളിലും ചേക്കേറിയവര്‍, സ്വന്തം സഭയില്‍ ആത്മീയതീഷ്ണതയില്ലെന്ന പേരില്‍ ആത്മീയ തീക്ഷണതയും ആഴമായ ദൈവവിശ്വാസവും ഉള്ളവരും സഭ വിട്ടുപോകുന്നവരുമുണ്ട്. എന്തുകൊണ്ട് ഇങ്ങനെയുള്ളവര്‍ സഭ വിട്ടുപോകുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഒരു പ്രധാന പ്രശ്നം വി. കുര്‍ബാന, കുമ്പസാരം, ശിശുസ്നാനം, പരിശുദ്ധരോടുള്‍ള പ്രാര്‍ഥന, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയ്ക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് ശരിയായ ലഭിക്കാതെ വരുമ്പോള്‍ അടിത്തറയിളകി പോകുന്നവര്‍. വിശ്വാസപ്രതിസന്ധികളില്‍ സഹായിക
Comments