കാലിഫോർണിയയിലെ ഓറൊവിൽ അണക്കെട്ടിൽ നിന്നു വെള്ളത്തിനു മൂന്നു മാർഗങ്ങളിലൂടെ പുറത്തേക്കൊഴുകാം. നമ്മുടെ മൂലമറ്റത്തുള്ളതുപോലെ, ഭൂഗർഭത്തിലാണ് ഓറോവില്ലിലേയും വൈദ്യുതോല്പാദനകേന്ദ്രം. അതിലേക്കു ടണലിലൂടെയുള്ളതാണ് വെള്ളമൊഴുക്കിനുള്ള ഒരു മാർഗം. വൈദ്യുതോല്പാദനത്തിനു ശേഷമുള്ള വെള്ളം പവർഹൗസിൽ നിന്നു പുറത്തേക്കൊഴുകി താഴെ പുഴയിൽ ചെന്നു ചേരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഒരു നിശ്ചിത അളവിലേറെയാകുമ്പോൾ അധികൃതർ മുഖ്യസ്പിൽവേയുടെ ഷട്ടറുകളുയർത്തി വെള്ളം തുറന്നു വിടുന്നു; ഇതാണു രണ്ടാമത്തെ മാർഗം. ഇനി മൂന്നാമതൊരു മാർഗമുണ്ട്. എമർജൻസി സ്പിൽവേ എന്ന പേരിലാണത് അറിയപ്പെടുന്നത്. അതു വെറുമൊരു മതിലാണ്. സ്പിൽവേകൾക്കു പൊതുവിലുണ്ടാകാറുള്ള ഷട്ടറുകൾ ഈ എമർജൻസി സ്പിൽവേക്കില്ല.
അണക്കെട്ടിലെ ജലനിരപ്പ് എമർജൻസി സ്പിൽവേയുടെ മതിലിനു മുകളിലുയർന്നാൽ, മതിലിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിപ്പൊയ്ക്കോളും. എമർജൻസി സ്പിൽവേയുടെ മറുവശത്ത് ഒരു കുന്നിൻ ചരിവാണുള്ളത്. പാറകൾ കൊണ്ട് ഉറച്ച കുന്നിൻ ചരിവ്. എമർജൻസി സ്പിൽവേയുടെ മുകളിലൂടെ വെള്ളം ഒഴുകിപ്പോകുകയാണെങ്കിൽ അതു പാറകളുള്ള കുന്നിൻ ചരിവിലൂടെ ഒലിച്ചിറങ്ങി താഴെയുള്ള നദിയിൽ ചെന്നു ചേർന്ന് ഒഴുകിപ്പോകുന്നു. അണക്കെട്ടിന്റെ മുഖ്യഭിത്തി സുരക്ഷിതമായി നിലനിൽക്കുകയും ചെയ്യും. ഇത്തരത്തിലുള്ളതാണ് ഓറോവിൽ അണക്കെട്ടിന്റെ രൂപകല്പന. ഏതാനും ദിവസങ്ങൾക്കു മുമ്പു കാലിഫോർണിയയിലാകെ കൊടുങ്കാറ്റും പേമാരിയുമുണ്ടായി. പേമാരി ദിവസങ്ങളോളം നീണ്ടു നിന്നു. അണക്കെട്ടിലെ വെള്ളം അതിവേഗമുയർന്നു. പതിവു പോലെ അധികൃതർ മുഖ്യസ്പിൽവേ തുറന്നുകൊടുത്തു. അതിലൂടെ വെള്ളം ശക്തിയായി താഴേക്കൊഴുകി. ഇതു പണ്ടുമുതൽക്കുള്ള പതിവാണെങ്കിലും, പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ മുഖ്യസ്പിൽവേയിൽ ഒരിടത്തു വലിയൊരു കുഴിയുണ്ടായി. ശക്തമായ ജലപ്രവാഹത്തിൽ കുഴി പെട്ടെന്നു വലുതായി. മുഖ്യസ്പിൽവേക്കു കൂടുതൽ നാശനഷ്ടമുണ്ടാകാതിരിക്കാൻ വേണ്ടി അതിലൂടെയുള്ള ജലപ്രവാഹം അധികൃതർ ഗണ്യമായി കുറച്ചു.
ആ ദിവസങ്ങളിൽ പേമാരിയുമുണ്ടായിരുന്നു. പേമാരി മൂലവും, മുഖ്യസ്പിൽവേയിലൂടെയുള്ള ഒഴുക്കു കുറച്ചതു മൂലവും അണക്കെട്ടിലെ ജലനിരപ്പ് അതിവേഗമുയർന്ന് എമർജൻസി സ്പിൽവേയുടെ മുകളിലൂടെയുള്ള കവിഞ്ഞൊഴുക്ക് ആരംഭിച്ചു. 1968ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായ ശേഷം ഒരിക്കലും എമർജൻസി സ്പിൽവേയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയിരുന്നില്ല. പാറകളുള്ള കുന്നിൻ ചരിവിനു നാശനഷ്ടങ്ങളുണ്ടാക്കാൻ വെള്ളത്തിന്റെ കവിഞ്ഞൊഴുക്കിനാവില്ല എന്ന വിശ്വാസം തെറ്റി. ശക്തമായ ഒഴുക്കിൽ കുന്നിൻ ചരിവിലെ പലയിടങ്ങളും ഇളകിത്തെറിച്ചു. കുന്നിൻ ചരിവ് കൂടുതൽ ഇടിയാതിരിക്കാൻ വേണ്ടി അധികൃതർ എമർജൻസി സ്പിൽവേയുടെ തൊട്ടു മുന്നിൽ വലിയ കല്ലുകൾ നിരത്തിയിട്ട് ഒഴുക്കിന്റെ ശക്തി കുറച്ചു. അതിനിടയിൽ പേമാരി നിലയ്ക്കുകയും ചെയ്തു. ഇതിനിടയിലെല്ലാം അണക്കെട്ടിന്റെ മുഖ്യഭിത്തി സുരക്ഷിതമായിത്തന്നെ തുടർന്നു. മുഖ്യഭിത്തിയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥിതി ഒരിക്കലും വന്നിട്ടില്ല. എഞ്ചിനീയർമാരേക്കാൾ കൂടുതൽ സാമാന്യബുദ്ധി നാട്ടുകാർക്കുണ്ടാകുന്നത് അപൂർവമാണ്. ഉണ്ടായാൽത്തന്നെയും എഞ്ചിനീയർമാർ അതാദ്യം അവഗണിക്കുകയും ചെയ്തേക്കാം.
ഓറോവില്ലിലും അതു സംഭവിച്ചിരുന്നു. എമർജൻസി സ്പിൽവേയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുകയാണെങ്കിൽ അതൊഴുകാൻ പോകുന്ന കുന്നിൻ ചരിവിന്റെ കെല്പിൽ എഞ്ചിനീയർമാർക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നെങ്കിലും, നാട്ടുകാർക്കു വിശ്വാസക്കുറവുണ്ടായിരുന്നു. കുന്നിൻ ചരിവാകമാനം കോൺക്രീറ്റു പൂശി ബലപ്പെടുത്തണമെന്നു നാട്ടുകാർ 2005ൽ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുന്നയിച്ച ആവശ്യത്തെ അധികൃതർ തള്ളിക്കളഞ്ഞിരുന്നു. അതിനു വേണ്ടി വരുന്ന ചെലവു ലാഭിക്കുകയായിരുന്നു, അധികൃതരുടെ ലക്ഷ്യം. നേരേ മറിച്ച്, നാട്ടുകാരുന്നയിച്ച ആവശ്യം അനുവദിച്ച്, കുന്നിൻ ചരിവു കോൺക്രീറ്റുപയോഗിച്ച് ബലപ്പെടുത്തിയിരുന്നെങ്കിൽ ആപദ്ഭയം മൂലം കഴിഞ്ഞയാഴ്ച ധൃതിയിൽ രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമായിരുന്നില്ല. മുഖ്യസ്പിൽവേയുടെ ആനുകാലിക പരിശോധനയും കാര്യക്ഷമമായിരുന്നില്ലെന്നു തീർച്ച. അല്ലെങ്കിലതിൽ അഞ്ഞൂറടി നീളമുള്ള കുഴി അതിവേഗം രൂപം കൊള്ളുമായിരുന്നില്ല.
അധികൃതരുടെ അനാസ്ഥ തന്നെ മുഖ്യകാരണം. സമ്പന്നരാജ്യമായ അമേരിക്കയിൽപ്പോലും അധികൃതരുടെ അനാസ്ഥയുണ്ടാകാമെന്നർത്ഥം. അധികൃതരെവിടെയായാലും, അവിടെ അനാസ്ഥയുമുണ്ടാകും. പല കാര്യങ്ങളിലും അനാസ്ഥ ഗുരുതരാവസ്ഥയിലേക്കു നയിച്ചെന്നു വരില്ലെങ്കിലും, യാതൊരനാസ്ഥയും ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത ചില രംഗങ്ങളിലൊന്നാണ് അണക്കെട്ടുകൾ; അധികൃതരും നാട്ടുകാരും ഒരുപോലെ നിരന്തര, നിതാന്തജാഗ്രത പുലർത്തേണ്ട രംഗം. മുല്ലപ്പെരിയാറും ഇടുക്കിയുമുൾപ്പെടെ മൂന്നു ഡസനോളം അണക്കെട്ടുകളുള്ള കൊച്ചുകേരളത്തിനു വിലപ്പെട്ട പാഠമാണു ഓറോവില്ലിൽ നിന്നു ലഭിക്കുന്നത്.
പ്രതികരണങ്ങൾക്കു സ്വാഗതം: sunilmssunilms@rediffmail.com
Comments