You are Here : Home / AMERICA TODAY

"നീർമാതള പൂക്കൾ തല്ലി പൊഴിയ്ക്കാതിരിക്കട്ടെ"

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, March 08, 2017 12:40 hrs UTC

വിവാദങ്ങളുടെയും,വിമർശനങ്ങളുടെയും,അപവാദങ്ങളുടെയും കൂടപ്പിറപ്പായി മാറിയിരിക്കുകയാണ് നമ്മുടെ മലയാള മണ്ണ്.ഒരു പക്ഷെ സാങ്കേതികതയുടെ വളർച്ചയും.സാക്ഷരതയുടെ പൊലിമയും പിന്നെ ആരെയും വിമർശിക്കാനുള്ള മലയാളിയുടെ പ്രത്യേക കഴിവും കൂടി ആവുമ്പോൾ പലതും സീമകൾ കടക്കുന്നു.അറിഞ്ഞോ അറിയാതയോ ഇതൊക്കെ സംഭവിക്കുന്നു. രാഷ്ട്രീയക്കാരും,നേതാക്കളും,ഭരണാധിപന്മാരും എല്ലാം ഇത് പോലുള്ള സത്യവും അസത്യവും ആയ ആരോപണങ്ങളിൽ കട പുഴകി വീണിട്ടുണ്ട്.പക്ഷെ ഈ അടുത്ത കാലത്തു മാത്രം ആണ് മരണ ശേഷവും ആരോപണ,പ്രത്യാരോപണങ്ങളിൽ കേരളം മുഴുകുന്നത്.അതും സാഹിത്യലോകത്തേക്കും,കലാ കായിക ലോകത്തേക്കും കൂടി വ്യാപിച്ചു എന്ന് മാത്രം. വാണിഭ കഥകളിൽ കഴിഞ്ഞ വാരം കോരിത്തരിച്ചു കൊച്ചു കേരളത്തിൽ ഇന്ന് സംസാരം മലയാളത്തിന്റെ നീര്മാതളത്തെ കുറിച്ചാണ്.

 

 

നമ്മുടെ മലയാള സാഹിത്യത്തിന്റെ സ്വന്തം മാധവിക്കുട്ടി എന്ന് നാം നെഞ്ചോടു ചേർത്ത് പറഞ്ഞിരുന്ന ഈ സാഹിത്യകാരിയെ വിമർശിക്കുവാൻ മാത്രം നാമ്മുടെ മലയാള ഭാഷാ സ്നേഹവും സാഹിത്യവും വളർന്നുവോ? ഒരു കാലഘട്ടത്തിന്റെ സാഹിത്യ ശബ്ദം ആയിരുന്നു കമല സുരയ്യ.എന്നു മുതൽ ആണ് വ്യക്തി എന്ന രീതിയിൽ ഈ പ്രശസ്ത സാഹിത്യകാരി വിവാദങ്ങളുടെ തിരമാലയിൽ പെട്ടത്? മതം മാറിയതാണോ ഇവർ ചെയ്ത പൊറുക്കാനാവാത്ത തെറ്റ്? മതവും ജാതിയും വിശ്വാസവും എല്ലാം വ്യക്തി സ്വാതന്ദ്ര്യത്തിൽ അധിഷിതമായിരിക്കെ ഇന്ത്യപോലെ ഇത്രയും സഹിഷ്ണുത ഊട്ടി ഉറപ്പിക്കുന്ന മണ്ണിൽ അവർ എന്ത് തെറ്റാണ് ചെയ്തത്. കേരളത്തിന്റെ അതി നൂതനവും,വ്യത്യസ്തവും ആയിരുന്ന ഒരു സാഹിത്യ സഞ്ചാരി ആയിരുന്നു കമല സുരയ്യ.എന്നും എപ്പോഴും പെണ്ണെഴുതുകൾക്കും,ആണെഴുതുകൾക്കും ഒരു പോലെ അസൂയയും,വിമര്ശിക്കുന്നതിനും ഇടം നൽകിയ എഴുത്തുകൾ ആയിരുന്നു ആമി എന്ന മാധവി കുട്ടിയുടേത്.തന്റെ നിലപാടൾ,ചിന്തകൾ,കാഴ്ചപാടുകൾ വിശകലനങ്ങൾ എല്ലാം സ്വന്തം എഴുത്തു കളിലൂടെ വായനക്കാർക്ക് സമ്മാനിച്ച അമൂല്യ എഴുത്തുകാരി. ആൺ പെൺ എഴുത്തുകളുടെ സദാചാര വേലികൾക്കപ്പുറം ഉള്ള തുറന്നെഴുതുകൾ.തന്റെ ജീവിതത്തിന്റെ തന്നെ തുറന്നെഴുതുകൾ ആണ് മാധവിക്കുട്ടിക്ക് ആദ്യo ഹേതു ആയി ഭവിച്ചത്.

 

 

അതും സാഹിത്യ ലോകത്തു നിന്നും.ഒരു പക്ഷെ കേരളം സാഹിത്യപരമായും,രാഷ്ട്രീയ പരമായും,മതപരമായും മാറ്റങ്ങൾ ഉൾകൊണ്ട് തുടങ്ങിയ 70 കളിൽ "സത്യപ്രസ്താവം' ത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ,ചരിത്ര,സാമൂഹിക എഴുത്തുകൾക്കു നേരെ ചൂണ്ടു വിരൽ നീട്ടി പിടിച്ച മലയാളിയുടെ സ്വന്തം കമല.സ്വന്തം കഥ അവർ ഇങ്ങനെ തുറന്നടിച്ചു."ഭര്‍ത്താവിന് തന്റെ മുലകളോടു താത്പര്യമില്ലെന്ന് തുറന്നെഴുതുന്ന കമല. വസ്ത്രമെല്ലാമഴിച്ചു കളഞ്ഞ് യോഗഗുരുവിനെ കാത്തിരുന്ന കമല, തന്റെ രോഗാവസ്ഥയില്‍ പരിചരിക്കാന്‍ എത്തിയ യുവതിയോട് ഭര്‍ത്താവിനു തോന്നുന്ന ലൈംഗിക ചോദനയെപ്പറ്റിയെഴുതിയ കമല. ഏകപക്ഷീയമാകുന്ന സെക്‌സിനെപ്പറ്റി ഭാഷാലങ്കാരങ്ങളില്ലാതെ പറഞ്ഞ കമല. ഒരേസമയം ആത്മകഥയെന്നും സ്വപ്ന സാഹിത്യമെന്നും ഇതിനെ വായിക്കാമെന്നും പറഞ്ഞവര്‍; ഇത് പുതിയ പരീക്ഷണങ്ങള്‍ തേടിയുള്ള യാത്രയാണെന്ന് വിലയിരുത്തി.-(എം.പി.അപ്പൻ).. സദാചാര കുത്തകകൾ ഇതിനെ സാഹിത്യ ലോകത്തു നിന്നും മാറ്റി നിറുത്തുകയും,സ്വന്തം കിടപ്പറകളിൽ ഒളിച്ചു വച്ച് വായിച്ചു നിർവൃതി അടയുകയും ചെയ്ത എഴുത്തുകൾ എന്ന് ഞാനിവിടെ എഴുതട്ടെ.ഈ ദഹനക്കേടുകൾ ഇന്നും മരണ ശേഷവും കമലാദാസ് എന്ന കമല സുരയ്യയെ പിന്തുടരുന്നു.

 

 

 

എന്താണ് കമലയുടെ രാഷ്ട്രീയ ജീവിതത്തിനു സംഭവിച്ചത്? തന്റെ ജീവിതത്തിലെ സ്വര്യ ജീവിതകാലം കേരളത്തിലെ പൂക്കാലങ്ങളിൽ,പച്ചപ്പുകളിൽ ആസ്വദിച്ചു വന്ന മാധവികുട്ടി എന്നും ഒരു ഹിന്ദു വാദി ആയിരുന്നു.ഒരു പ്രത്യേക സാഹചര്യത്തിൽ ആത്മീയതയുടെ ലോകത്തേക്കും,ഏക ദൈവ വിശ്വാസത്തിന്റെ ഉറവിടം എന്ന വിശ്വാസ പ്രമാണങ്ങളിലേക്കും മലയാളത്തിന്റെ മാധവി ചുവടുമാറി.തികച്ചും വ്യക്തിപരവും,മാനസീകമായി തയ്യാറെടുപ്പുകൾക്കു ശേഷവും ഉള്ള തീരുമാനം ആയിരുന്നു മാധവിക്കുട്ടിയുടെ കമല സുരയ്യ എന്ന മാറ്റം.തന്റെ ആത്മീയ തിരിച്ചറിവുകൾ ഏറ്റവും കൂടുതൽ താൻ അടുത്ത് നിന്ന ചേരിയായ ഹിന്ദു വാദികളുടെ ശത്രുതയ്ക്ക് തിരി തെളിച്ചു. നിരവധി തവണ ഹിന്ദു മത നേതാക്കൾ അവരുമായി ചർച്ചകളും,വാഗ്വേദങ്ങളും നടത്തി.കേരളത്തിലെ ഹിന്ദു മത രാഷ്ട്രീയ നേതാവ് കുമ്മനം ഇങ്ങനെ ഒരു തുറന്ന പ്രസ്താവന തന്നെ നടത്തി."‘എല്ലാവര്‍ക്കും മതപരിവര്‍ത്തനം നടത്താം.

 

 

 

എന്നാല്‍ അറുപതു വര്‍ഷത്തോളം ജീവിച്ചുപോന്ന ഒരു സാഹചര്യത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുത്".ഇത് ആരോടെന്നില്ലാതെ ആകാശത്തിലേക്കു എറിഞ്ഞ വാക്കുകൾ അല്ല. മലയാളത്തിലെ എല്ലാ മത വിഭാഗങ്ങളെയും,സാഹിത്യകാരന്മാരെയും ബഹുമാനം ത്രസിക്കുന്ന രീതിയിൽ കമലക്കു നൽകിയ ആദ്യ താക്കീതു ആയിരുന്നു അത്.അതേ താക്കീതിന്റെ പുത്തൻ പരിവേഷം ആണ് നാം ഇന്ന് കേൾക്കുന്ന തർജ്ജമ സാഹിത്യ പുസ്തകത്തിൽ കാണുവാൻ കഴിയുക. 1990 കളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഹിന്ദു മുസ്‌ലിം വർഗ്ഗീയ സംഘർഷങ്ങൾക്ക് ശേഷം ആണ് ഒരു പക്ഷെ ഉത്സവ പറമ്പുകളിലെ മത പ്രസംഗങ്ങൾക്ക് പുതിയ മാനം കൈവന്നത്."സംവാദം" എന്ന കൂട്ട് പേരോട് കൂടി വിവിധ മത പണ്ഡിതന്മാർ ഉത്സവ പറമ്പുകളിലും,പ്രത്യേകം സജ്ജീകരിച്ച വേദികളിലും സംവാദങ്ങൾ അരങ്ങേറി.എന്റെ ഓർമ്മ ശരിയെങ്കിൽ 1993 ൽ കൊടുങ്ങല്ലൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കു പഴയ മന്ത്രി ടി ഒ ബാവയുടെ മകൻ ടി ബി ഹാഷിo,ആലുവയിലെ പ്രമുഖ വ്യവസായിയും ആയിരുന്ന മുഹമ്മദ് എന്നിവയുടെ കൂടെ ആണ് ആദ്യവും അവസാനവും ആയി ഞാൻ അബ്ദുൽ സമദ് സമദാനി എന്ന വാഗ്മിയെ,പ്രാസംഗീകനെ നേരിൽ കാണുന്നത്.

 

 

 

അന്ന് ഞങ്ങൾ സംസാരിച്ച വിഷയം ഇസ്‌ലാം മതത്തിലെ നോയമ്പ് കാലത്തെ "ലൈലത്തുൽ ഖദിർ" എന്ന പരമോന്നത ദിനത്തെ പറ്റി ആയിരുന്നു.BA,MA ഒന്നും രണ്ടും റാങ്ക് ജേതാവ്,നിയമ ബിരുദം,Mphil,ഇതെല്ലാം കൂടാതെ തത്വശാസ്ത്രത്തിൽ Phd . ജന സമ്മതനും,വാഗ്മിയും ആയ ഇദ്ദേഹവും ആയി മാധവിക്കുട്ടി പല തവണ സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നു.പിന്നീട് കമലയെ ഇസ്‌ലാം മതം എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുന്നതിൽ ഇദ്ദേഹം നല്ല പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും,മറ്റു മത ഗ്രന്ധങ്ങളെയും,ആചാര അനുഷ്ഠാനങ്ങളെയും,കച്ചവട മത വിശ്വാസങ്ങളെയും വായനയുടെയും തന്റെ അറിവിന്റെയും,വിജ്ഞാനത്തിന്റെയും വെളിച്ചത്തിൽ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിച്ച ജനപ്രതിനിധി കൂടിയാണ് ഇദ്ദേഹം.എന്തുകൊണ്ടാണ് ഇദ്ദേഹം ഇപ്പോൾ വിവാദങ്ങളിലേക്ക് കടന്നു വരുന്നത്?! എല്ലാം രാഷ്ട്രീയ വൽക്കരിക്കുന്ന നമ്മുടെ പുതു സംസ്കാരത്തോട്, സമൂഹത്തിനോട് കമല സുരയ്യ ഇങ്ങനെ തുറന്നുപറഞ്ഞു ‘സാക്ഷാല്‍ ഗുരുവായുരപ്പനെ മുഹമ്മദ് എന്ന് വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നെന്നും നിങ്ങള്‍ ജീസസിനെ ഇഷ്ടപ്പെടുമ്പോലെ ഞാന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെ’ന്നും”. ഇത്രയും തുറന്നു പറഞ്ഞ ആളെ സദാചാര കുപ്പായക്കാർ വീണ്ടും വീണ്ടും ക്രൂശിൽ തറച്ചു.

 

 

 

കമലയുടെ ജീവിതത്തിലും വിശ്വാസത്തിലും എഴുത്തിലും നിറയുന്നത് സത്യസന്ധതയുടെ മനസ്സുതുറക്കൽ മാത്രം ആണ്. അതില്‍ അഭിരമിച്ചുള്ള ജീവിതം,പ്രണയം,മനസ്സിൽ ഏറെ നാളായി ആഗ്രഹിക്കുന്ന സ്നേഹത്തിന്റെ തലോടൽ മനസിലാക്കാന്‍ ഒരു മതാന്ധമനസിന് സാധിക്കില്ല. സങ്കല്‍പ്പങ്ങളിലെ യാത്രകളിലാണ് കമല ജീവിച്ചത്. എഴുത്തും പറച്ചിലും വിശ്വാസവും എല്ലാം യാത്രകളായിരുന്നുവെന്നു സഹൃദയനായ ഒരു വായനക്കാരന് ഒരു പക്ഷെ എന്നും വിശ്വാസമായിരിക്കും. എന്നാൽ ഇപ്പോൾ സമദാനിയുടെ ആവശ്യം അതൊന്നും അല്ല.കമല സുരയ്യയുടെ കനേഡിയൻ സുഹൃത്തായ മെർലി വിസ്‌ബോർഡ് എഴുതിയ ദി ക്യൂൻ ഓഫ് മലബാറിന്റെ മലയാള തർജ്ജമയിൽ ഉൾപ്പെട്ട തന്റെ പേര് പിൻവലിക്കണം എന്നതാണ്.എന്ത് കൊണ്ട് സമദാനിയുടെ പേര് ഈ തർജ്ജമയിൽ പരാമർശിക്കപ്പെട്ടു.?തന്റെ പ്രിയ സുഹൃത്തിനോട്(മെർലി) കമല സമദാനിയെ കുറിച്ച് പറഞ്ഞിരുന്നു.എന്നാണ് സുരേഷ് എം ജി യുടെ വിവർത്തനം ആയ "പ്രണയത്തിന്റെ രാജകുമാരി"യിൽ കുറിച്ചിരിക്കുന്നത്.ഇന്ഗ്ലീഷ് പുസ്തകത്തിൽ പറയുന്ന സാദിഖ് അലി എങ്ങിനെ സമദാനി ആയി എന്ന് നമുക്ക് അറിയില്ല എങ്കിലും,പ്രണയവും,സ്നേഹവും,മനസ്സിന്റെ കാമവും വായനക്കാർക്കു പച്ചയായ അക്ഷരണകളിലൂടെ മലയാളിക്ക് സമ്മാനിച്ച കമലാദാസിന്,ആമിക്ക്,അവസാനമായി കമലാസുരയ്യക്ക് ഇങ്ങനെ ഒരു സ്നേഹിതയുടെ പ്രാതിനിധ്യം ആവശ്യമായിരുന്നോ സ്വന്തം പ്രണയം വിളിച്ചു പറയുവാൻ?ഇനിഇത് സുരേഷിന്റെ മനസ്സിന്റെ സ്വപ്ന സഞ്ചാരം(പേര്‌ പരാമർശം )മാത്രം ആയിരിക്കുമോ? സാധിക്ക് അലിയുമായുള്ള പ്രണയത്തെ കുറിച്ച് കമല ഇങ്ങനെ എഴുതി... "''''എന്റെ കാല്‍ക്കല്‍ അയാളിരുന്നു. സുന്ദരനാണയാള്‍. ഒരു രാജകുമാരന്റെ ചിരി. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ ചെയ്യുവാന്‍ അയാള്‍ക്കാകും.

 

 

 

അഞ്ചു മണിക്കൂര്‍ വരെ നീളും അയാളുടെ പ്രസംഗങ്ങള്‍. ഒരു നവജാത ശിശുവിന്റെ കരച്ചിലോളം ശുദ്ധതയുള്ള തന്റെ ശബ്ദത്താല്‍ അയാള്‍ക്ക് തന്റെ സദസ്സിനെ ഒരു നാലുവരി കവിത ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാസ്മരികതയിലെന്ന പോലെ പിടിച്ചിരുത്തുവാനാകും.''...... തന്റെ സംഭാഷണ ശൈലി, പാണ്ഡിത്യം, ഇട തൂര്‍ന്ന മുടി, വെളുത്ത പല്ല്, അസാമാന്യ നിഷ്‌കളങ്കതയുള്ള ചിരി എന്നിവയെല്ലാം കൊണ്ടാണ് സാദിഖ് അലി കമലയെ ആകര്‍ഷിച്ചത്. തതന്നോടൊപ്പം ഒരു ഫോട്ടോ എടുക്കുവാന്‍ അനുവദിക്കുമോ എന്ന് സാദിഖ്് അലി ചോദിച്ചു. അവരിരുവരും ചൂരല്‍ കസേരയിലിരുന്ന്, ചിരിച്ചുകൊണ്ട് പ്ലം കേക്ക് തിന്നുന്ന ഫോ.ഫോട്ടോയെടുത്തു. ''ആദ്യതവണ കണ്ടപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തൊക്കെ സംസാരിച്ചു എന്നത് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. പക്ഷേ, അന്ന് കാലത്ത് മുതല്‍ പൊടുന്നനെ ... ഞങ്ങളുടെ വീട്ടിലേക്ക് പൊട്ടിച്ചിരികള്‍ കടന്നുവന്നു. ആ ചിരി ശൂന്യമായ ഓരോ വിടവുകളും നികത്തിക്കൊണ്ടിരുന്നു.'' എന്ന് തുടങ്ങി ..... സാദിഖ് അലിക്ക് രണ്ട് ഭാര്യമാരുണ്ട്. എന്നാല്‍ ഒരു മുസ്ലിം എന്ന നിലയില്‍ നാലു ഭാര്യമാര്‍ വരെയാകാം. അദ്ദേഹം കമലയെ തന്റെ നാട്ടിന്‍ പുറത്തെ വീട്ടില്‍ താമസിതാമസിക്കുവാന്‍ ക്ഷണിച്ചു. ഒരു മാസത്തെ തുടര്‍ച്ചയായ, അഗാധമായ, ബന്ധത്തിനുശേഷം കമല അയാളുമൊത്ത് പ്രണയത്തിലായിരുന്നു. അതിനാല്‍ കമല ക്ഷണം സ്വീകരിച്ചു.

 

 

 

പ്രണയപ്രണയേതാക്കള്‍ ദീര്‍ഘദീര്‍ഘം സംസാരിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഭക്ഷണം വിളമ്പിയിരുന്നത് കമലയുടെ വേലക്കാരി മിനിയോ അല്ലെങ്കില്‍ സാദിഖ്അലിയുടെ രണ്ടാമത്തെ ഭാര്യയോ ആയിരുന്നു. അവര്‍ക്ക് ഒരു പണ്ഡിത എന്ന നിലയില്‍ കമലയോട് ബഹുമാനമായിരുന്നു. അവരുടെ ഗ്രാമത്തിലെ ഉത്സവത്തിനായൊരുക്കിയ വിരുന്നിന്,കമല, തന്റെ കാറില്‍ സാദിഖ് അലിയുടെ കുടുംബത്തിനെ യാത്രയാക്കി. അവര്‍ അപ്രത്യക്ഷരാകുന്നത് കമല നോക്കി നിന്നു. പിന്നെ ഒന്ന് വിശ്രമിക്കുവാന്‍ തീരുമാനിച്ചു'ഞാനുറങ്ങുവാന്‍ തുടങ്ങുകയായിരുന്നു.അപ്പോഴാണ് സാദിഖ് അലി എന്റെയടുക്കലെത്തുന്നത്. അയാള്‍ എന്നെ പുണര്‍ന്നു. അയാള്‍ മന്ദം മന്ദമാണ് ശ്വസിച്ചിരുന്നത്" കമല പിന്നീട് പറഞ്ഞു.

 

 

അങ്ങനെ അവസാനം വൃദ്ധയായപ്പോള്‍ ഞാന്‍ സത്യമായും പ്രണയത്തിലായി.... താൻ ഇതുവരെ അനുഭവിക്കാത്ത.... വരെയുള്ള നീണ്ട വരികളിലൂടെ നമുക്ക് സഞ്ചരിക്കാം.ഒരു യഥാർത്ഥ മനസ്സിന്റെ തുറന്നു പറച്ചിലുകൾ ആണവ. സാദിഖ് അലി ആരും ആയിക്കൊള്ളട്ടെ.എഴുത്തുകാരിയുടെ സ്വകാര്യതകൾ എന്തുമായിക്കൊള്ളട്ടെ.നാം എന്തിനു വ്യക്തി സ്വാതന്ദ്രങ്ങളിൽ കൈകടത്തണം.കേരളത്തിന്റെ രാഷ്ട്രീയ എഴുത്തുകളുടെ കാലത്തുനിന്നും,ആണെഴുതുകളുടെയും,പെണ്ണെഴുതുകളുടെയും കവചങ്ങളിൽ നിന്നും എന്നും വേറിട്ട് നിന്ന മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെ വരികൾ,തൂലികയുടെ മഷി വീണ്ടും പുനർജ്ജനിക്കുവാനായിട്ടു വേണം നാം പ്രാർത്ഥിക്കുവാൻ. മലയാളത്തിന്റെ പ്രിയ പ്രണയിനിയെ എന്നും നീർമാതളം പോലെ പൂത്തുലയുവാനായി വിടുക.വിമര്ശനങ്ങളിലൂടെ "പൂത്തുലഞ്ഞ നീര്മാതളപ്പൂവുകൾ തല്ലി പൊഴിയ്ക്കാതിരിക്കട്ടെ"

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.