ഹ്യൂസ്റ്റണ്‍: മലങ്കര കത്തോലിക്കാ സഭയിലെ പ്രമുഖ വൈദീകനും സെന്റ്
പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മുന്‍ വികാരിയുമായ റവ ഫാ.
ജോബ് കല്ലുവിളയിലിന്റെ പൗരോഹിത്യ രജത ജൂബിലി അത്യാഢംബരപൂര്‍വം
ഹ്യൂസ്റ്റണില്‍ കൊണ്ടാടി. ജൂബിലി പ്രമാണിച്ചു സെന്റ് പീറ്റേഴ്‌സ് മലങ്കര
കത്തോലിക്കാ ദേവാലയത്തില്‍ നടന്ന പരിശുദ്ധ സമൂഹബലിയില്‍ ജോബച്ചനോടൊപ്പം റവ.
ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, റവ. ഫാ. റെനി മുടമ്പള്ളി എന്നിവര്‍
സഹകാര്‍മികരായിരുന്നു. ഇടവക വികാരി റവ. ബിന്നി ഫിലിപ്പ് ജോബച്ചന്റെ
പ്രവര്‍ത്തനങ്ങള്‍ ഹ്യൂസ്റ്റണ്‍ ഇടവക എന്നും അനുസ്മരിക്കുമെന്നും ഭാവി
പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങള്‍ നേരുകയും ചെയ്തു. മുന്‍ വികാരി
റവ. ഫാ. ജോണ്‍ എസ്. പുത്തന്‍വിളയില്‍ ആശംസകള്‍ അറിയിച്ചു. ഇടവക സെക്രട്ടറി
ജോര്‍ജ് സാമുവേല്‍ ജൂബിലി ആശംസകള്‍ നേരുകയും ട്രസ്റ്റി മാത്യു ജോര്‍ജ്
ഇടവകയുടെ ഉപഹാരം അച്ചന് നല്‍കി ആദരിക്കുകയും ചെയ്തു.
തിരുവന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും സെന്റ് മേരീസ് മേജര്‍
സെമിനാരിയിലെയും പഠനത്തിന് ശേഷം 1994 ഡിസംബര്‍ 28 നു ദിവംഗതനായ ലോറന്‍സ്
മാര്‍ അപ്രേമില്‍ നിന്ന് ആയൂര്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വെച്ച്
വൈദീക പട്ടം സ്വീകരിച്ചു. നീതിമാനായ ജോബിന്റെ നാമധേയം ഉള്ള അച്ചന്‍ തന്നെ
ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയിലും
ചെയ്യുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു. മലങ്കര കത്തോലിക്കാ യൂത്ത്
മൂവ്‌മെന്റ് സഭാതല ഡയറക്ടര്‍ ആയും പാറശാല, കൊട്ടാരക്കര പുത്തൂര്‍ ജില്ലാ
വികാരിയായും തുടങ്ങി വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചതിനു ശേഷമാണ്
അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ ഇടവക വികാരിയായി ചാര്‍ജ് എടുക്കുന്നത്.
ലോകത്തില്‍ എവിടെ ആയിരുന്നാലും തന്റെ കയ്യൊപ്പു ചാര്‍ത്തിയതിനു ശേഷം മനുഷ്യ
മനസ്സില്‍ ഇടതേടുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഹൂസ്റ്റണിലെ മലങ്കര
സഭയുടെ വളര്‍ച്ചയുടെ പ്രധാന ഘട്ടത്തില്‍ സ്വന്തമായി ഒരു ദേവാലയം
ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി ഇടവക ജനങ്ങളോടൊപ്പം നിന്ന് യാതൊരു
ബാധ്യതതയുമില്ലാതെ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചതിന്റെ ചാരിതാര്‍ഥ്യം
ഉള്ളില്‍ പേറി നാട്ടിലേക്കു യാത്രയാവുകയായിരുന്നു. മലങ്കര കത്തോലിക്കാ
സഭയുടെ അമേരിക്കയിലെ ആദ്യ നിര്‍മിത ദേവാലയം എന്ന സ്ഥാനവും അങ്ങനെ
നേടിക്കൊടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോള്‍ ചേപ്പാട് പള്ളി വികാരിയായി പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കു
ലഭിച്ചതൊക്കെയും ദൈവത്തിന്റെ കരുണയാണെന്നും കൂടുതല്‍ വിനയാന്വിതനായി
പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കട്ടെ എന്നും മാത്രമേ
ആഗ്രഹിക്കുന്നുള്ളുവെന്നും അച്ചന്‍ പറയുന്നു.
Comments