ഡാളസ് : പരിശുദ്ധവും, ഭക്തിനിര്‍ഭരവുമായ ദൈവീക ആരാധന ഉയരേണ്ട ഹൃദയാന്തര്‍ഭാഗമാകുന്ന യാഗപീഠം, പകയുടേയും, വിദ്വേഷത്തിന്റേയും, സ്വാര്‍ത്ഥതയുടേയും വിഷവിത്തുകള്‍ മുളപ്പിച്ചു തകര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ആണെന്നും, അവിടെ നിന്നും ഉയരുന്ന പ്രാര്‍ത്ഥന ദൈവത്തിന് സ്വീകാര്യമല്ലെന്നും പ്രസിദ്ധ കണ്വന്ഷന് പ്രാസംഗീകനും, സി.എസ്.ഐ. ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇടവക വികാരിയുമായ റവ.വില്യം അബ്രഹാം അഭിപ്രായപ്പെട്ടു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 1 മുതല്‍ ആരംഭിച്ച ത്രിദിന വാര്‍ഷീക കണ്‍വന്‍ഷന്റെ പ്രഥമ യോഗത്തില്‍ 'എന്റെ ജനമേ മടങ്ങിവരിക' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു റവ.വില്യം.
യെഹൂദാ രാജാവായ യേശാവിന്റെ വാഴ്ചയില്‍ ദേശത്ത് തകര്‍ന്ന് കിടന്നിരുന്ന യാഗപീഠങ്ങള്‍ പുതുക്കി പണിതു. മോശയുടെ തിരുവെഴുത്ത് കണ്ടെത്തി, അതു ദേവാലയങ്ങളില്‍ വായിച്ചു ജനങ്ങളെ ദൈവത്തിങ്കലേക്ക് തിരിച്ചു വരേണ്ടത് ആവശ്യമാണെന്നും അച്ചന് ഉദേബോധിപ്പിച്ചു.
നവംബര്‍ 1 വെള്ളിയാഴ്ച, പ്രഥമദിന കണ്വന്ഷന് ഇടവക മിഷന് ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെ ആരംഭിച്ചു. എം.എം. വര്‍ഗീസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. കോശി എബ്രഹാം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വികാരി റവ.മാത്യു ജോസഫ് (മനോജച്ചന്) സ്വാഗതം പറഞ്ഞു. റവ.മാത്യൂസ് മാത്യൂസ്, സമീപ ഇടവകകളില്‍ നിന്നുള്ള നിരവധി പേര് കണ്‍വന്‍ഷനില്‍ വന്ന് സംബന്ധിച്ചു. മിഷന് സെക്രട്ടറി റോബി ചേലങ്കരി, ഉമ്മന്‍ ജോണ്‍ എന്നിവര്‍ കണ്വന്ഷന് നേതൃത്വം നല്കി.
Comments