ന്യുജേഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്) യുടെ സ്ഥാപക അംഗം കരുവാറ്റ താശിയില്‍ സാം കുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മ സാമിൻറെ (56) ആകസ്മിക നിര്യാണത്തിൽ മഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡ് അംഗങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അന്നമ്മയുടെ മരണം ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിനു വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പിളിയും സെക്രട്ടറി ഫ്രാൻസിസ് തടത്തിലും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മഞ്ചിന്റെ ആരംഭകാലം മുതൽ സാംകുട്ടിയും കുടുംബവും ഏറെ ഊർജസ്വലതയോടെ പ്രവർത്തിച്ചിരുന്നു. മഞ്ചിലെ അംഗമെന്ന നിലയിൽ അന്നമ്മയുടെ വേർപാട് സാം കുട്ടിയുടെ കുടുംബംഗങ്ങൾക്കെന്നപോലെ മഞ്ച് കുടുംബാംഗങ്ങളുടെ കൂടി തീരാ ദുഖമാണെന്നും അവർ പറഞ്ഞു.
മഞ്ചിന്റെ ആരംഭകാലത്ത് ഒരുപാട് കഠിനധ്വാനം ചെയ്ത ഈ ദമ്പതികൾ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനഫലമാണ് ഇന്നത്തെ മഞ്ചിന്റെ ഈ വളർച്ചയ്ക്ക് കാരണമെന്ന് മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷാജി വർഗീസ് അനുസമരിച്ചു. മഞ്ച് കുടുംബത്തിലെ വിലപ്പെട്ട ഒരു ജീവനാണ് കൊറോണ വൈറസ് മൂലം നമുക്ക് നഷ്ട്ടപ്പെതെന്നു മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന ട്രഷററുമായ സജിമോൻ ആന്റണി പറഞ്ഞു. മഞ്ച് കുടുംബങ്ങളെ തീരാ ദുഖത്തിലാഴ്ത്തിയ അന്നമ്മയുടെ വിയോഗത്തിൽ മഞ്ച് ബോർഡ് മെമ്പറും ഫൊക്കാന പ്രസിഡണ്ടുമായ മാധവൻ ബി. നായരും അനുശോചനം രേഖപ്പെടുത്തി. ഈ തീരാദുഃഖത്തിൽ സാം കുട്ടിയുടെ കുടംബങ്ങൾക്കൊപ്പം ചേരുന്നതായും അദ്ദേഹം പറഞ്ഞു.
മഞ്ച് ട്രഷർ ഗിരീഷ് നായർ (ഗാരി),വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഡോ.ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ, വിമൻസ് ഫോറം ചെയർപേഴ്സൺ ഷൈനി ആൽബർട്ട് കണ്ണമ്പിള്ളി, മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന അസ്സോസിയേറ്റ് സെക്രെട്ടറിയുമായ ഡോ. സുജ ജോസ് തുടങ്ങിയവർ അനുശോചിച്ചു.കൊറോണ വൈറസ് ബാധ കലശലായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട അന്നമ്മ കഴിഞ്ഞ എട്ടു ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്.ആലപ്പുഴ പൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകളാണ്.
സാം കുട്ടി സ്കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി. പുത്രന് ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍ ഉദ്യോഗസ്ഥന്
Comments