ഷാജീ രാമപുരം
ഡാലസ്: കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടര്‍ന്നു കൊണ്ടിരിക്കുന്ന ഭീതി മൂലവും, അതോടൊപ്പം സാമ്പത്തികമായ പ്രതിസന്ധിമൂലവും നട്ടംതിരിഞ്ഞിരിക്കുന്ന നേരത്താണ് കൂനില്‍ന്മേല്‍ കുരു എന്ന രീതിയില്‍ മോഷണശ്രമങ്ങള്‍ പലയിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം അതിരാവിലെ ഡാലസ് പ്രദേശത്തെ ദി കോളനി എന്ന സിറ്റിയില്‍ മലയാളീയുടെ പിസ്സാക്കട ഉള്‍പ്പടെ ഏകദേശം ആറോളം കടകള്‍ ലോക്ക് പൊളിച്ചും, ഗ്ലാസ്സ് ജനാലകള്‍ അടിച്ചുപൊളിച്ചും ആണ് മോഷണങ്ങള്‍ നടന്നത്. സി.സി ക്യാമറയില്‍ പതിയപ്പെട്ട മോഷ്ടാക്കളെ ഇതു വരെയും പിടികൂടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഡാലസില്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ്സ് പൊട്ടിച്ച് വീട്ടാവശ്യത്തിന് വാങ്ങിയ സാധനങ്ങള്‍ കവര്‍ന്നും, അതുപോലെ ഡാലസിന്റെ വിവിധ പ്രദേശങ്ങളില്‍ മലയാളികളുടെ ഉള്‍പ്പടെ പല ഭവനങ്ങളിലും കഴിഞ്ഞ ഒരാഴ്ച്ചയായി മോഷണ ശ്രമങ്ങള്‍ നടന്നതായി പറയപ്പെടുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ മോഷണ ശ്രമങ്ങളും, തട്ടിപ്പുകളും മറ്റും കൂടുതല്‍ നടക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ ഏവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും രക്ഷപ്പെടുവാന്‍ അകലംപാലിക്കല്‍, കൈകഴുകല്‍, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതോടൊപ്പം പരിചയം ഇല്ലാത്തവര്‍ വന്നാല്‍ കഴിവതും തങ്ങളുടെ ഭവനങ്ങളുടെ കതകുകള്‍ തുറക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Comments