You are Here : Home / USA News

ന്യൂയോര്‍ക്കിലെ സ്പ്രിംഗ്ലര്‍ കമ്പനിയും കേരള സര്‍ക്കാരിന്റെ പുലിവാല് പിടിക്കലും

Text Size  

Story Dated: Tuesday, April 21, 2020 11:51 hrs UTC

(ശ്രീനി)
 
ന്യൂയോര്‍ക്കില്‍ രാജി തോമസ് തുടങ്ങിവച്ച സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഒരു 'ഡീല്‍' കോവിഡ് കാലത്ത് കേരളത്തില്‍സൃഷ്ടിക്കുന്നത് വലിയ രാഷ്ട്രീയ വിവാദം. ഈ ഡീല്‍ കോവിഡുമായി ബന്ധപ്പെട്ടുള്ളതിനാല്‍ പ്രതിപക്ഷം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിന്റെ മേല്‍ നടത്തുന്ന കുതിര കയറ്റം ശക്തമായിക്കൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇടതു സര്‍ക്കാര്‍ അസാധാരണമായ മൈലേജ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ ബലമുള്ള ആയുധം തപ്പിനടക്കുന്നതിനിടെയാണ് സ്പ്രിംഗ്ലര്‍ വീണുകിട്ടിയത്.
 
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയത് പുരാണത്തിലെ ഇന്ദ്രന്റെ തോന്നല്‍ ചൂണ്ടിക്കാട്ടിയാണ്‍്...''പുരാണത്തില്‍ ഒരു കാര്യമുണ്ട്. ആരു തപസ്സുചെയ്താലും അത് ഇന്ദ്രപഥം തട്ടിയെടുക്കാനാണെന്ന തോന്നല്‍ ഇന്ദ്രനുണ്ടാകുന്നുവെന്നതാണ്. അതുപോലെയാണിത്. ചില ആളുകള്‍ക്ക് എല്ലാം രാഷ്ട്രീയമാണ്. ഇവിടെ ഓഖിയുണ്ടായി. ഈ നൂറ്റാണ്ടുകണ്ട രണ്ടുവലിയ പ്രളയങ്ങളുണ്ടായി. ഇതൊക്കെ നമ്മള്‍ നേരിട്ടു. ഈ ഘട്ടത്തിലൊക്കെ ജനങ്ങളെയാകെ ഒന്നിപ്പിച്ചു കൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ അങ്ങനെയാണ് ചെയ്തതെന്ന് എല്ലാവരും സമ്മതിക്കും. പിന്നീടാണ് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്...'' പിണറായി പറഞ്ഞു.
 
 
കോവിഡ് രോഗികളുടെ വിവര ശേഖരണത്തിനായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്പനിയാണ് സ്പ്രിംഗ്ലര്‍. ടെക്‌നോളജി എക്‌സിക്യൂട്ടീവായ രാജി തോമസ് 2009 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രമാക്കി സ്ഥാപിച്ചതാണ് സ്പ്രിംഗ്ലര്‍. 2016-ഓടെ കമ്പനിയുടെ മൂല്യം 1.6 ബില്യണ്‍ ഡോളറായി. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങ്, സോഷ്യല്‍ അഡ്വര്‍ടൈസിങ്ങ്, കണ്ടന്റ് മാനേജ്‌മെന്റ്, കൊളാബറേഷന്‍, എംപ്ലോയി അഡ്വക്കസി, കസ്റ്റമര്‍ കെയര്‍, സോഷ്യല്‍ മീഡിയ റിസേര്‍ച്ച്, സോഷ്യല്‍ മീഡിയ മോണിറ്ററിങ്ങ് തുടങ്ങിയ മേഖലകളില്‍ സോഫ്റ്റവേറുകള്‍ വികസിപ്പിക്കുന്ന കമ്പനിയാണിത്. നോര്‍ത്ത്-സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലായി 25 ഓഫീസുകളും 1900 ജീവനക്കാരും സ്പ്രിംഗ്ലറിനുണ്ട്. നൈക്കി, മൈക്രോസോഫ്റ്റ്, മക്‌ഡൊണാള്‍ഡ്‌സ് എന്നിവ പ്രധാന ക്ലയന്റുകളാണ്.
 
കമ്പനി ഗംഭീരമാണെങ്കിലും പ്രതിപക്ഷം മര്‍മ്മത്തുതന്നെ കയറി പിടിച്ചു. എന്നാല്‍ ഏറെ ശ്രദ്ധേയം ഇക്കാര്യത്തില്‍ ഭരണക്ഷിയായ സി.പി.ഐ നടത്തുന്ന ഒളിയമ്പ് പ്രയോഗമാണ്. 'വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും...' എന്ന തലക്കെട്ടില്‍ പാര്‍ട്ടിയുടെ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയലിലാണ് വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടിനെപ്പറ്റി പരോക്ഷ വിമര്‍ശനം നടത്തുന്നത്. വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു എന്ന വാചകത്തോടെ തുടങ്ങുന്ന എഡിറ്റോറിയല്‍, ഡാറ്റാ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികള്‍. അവര്‍ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികള്‍ അവരുടെ വ്യവസായ വാണിജ്യ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
 
വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ലെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. 'വിവര സ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാ വിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നു...' എന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
 
അതേസമയം കേരളത്തിലെ കോവിഡ് രോഗികളുടെ വിവരം മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കു ചോര്‍ത്താന്‍, അഥവാ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണത്തിന്റെ കാതല്‍. സ്പ്രിംഗ്ലറിന് ആഗോള മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മരുന്നു പരീക്ഷണം നടത്തുന്ന വന്‍കിട ആഗോള മരുന്ന് നിര്‍മ്മാതാക്കളായ ഫൈസറിനു വേണ്ടി സാമൂഹിക മാധ്യമ വിശകലനം ചെയ്യുന്നത് സ്പ്രിംഗ്ലറാണ്. ഫൈസറുമായി ബന്ധമുണ്ടെന്ന് സ്പ്രിംഗ്ലറിന്റെ സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. രോഗികളുടെ വിവര ശേഖരണത്തിനും ഫൈസര്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിംഗ്ലറിന്റെ സഹായം തേടിയിരുന്നു.
 
ഇതാണ് ഡാറ്റാ ചോര്‍ച്ചയ്ക്കുള്ള കാരണമായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര ലോബീയിങ്ങ് സംബന്ധിച്ച വിവാദങ്ങളില്‍ നേരത്തെഫൈസര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതും പ്രതിപക്ഷ ആരോപണത്തിനു മൂര്‍ച്ച കൂട്ടുന്നു. കൊറോണ പ്രതിരോധിക്കുന്നതിനായുള്ള മരുന്നും വാക്‌സിനും നിര്‍മ്മിക്കുന്ന കമ്പനിയാണെന്നാണ് ഫൈസര്‍ അവകാശപ്പെടുന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തങ്ങളുടെ കമ്പനിക്ക് നല്‍കുന്നത് സ്പ്രിംഗ്ലറാണെന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്നു.
 
ഇതിനിടെ സ്പ്രിംഗ്ലര്‍ ഇടപാടില്‍ വിശദീകരണവുമായി ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ രംഗത്തുവരികയുണ്ടായി. ''കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മറ്റാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ല. സെക്രട്ടറിമാര്‍ക്ക് അതതു വകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാന്‍ അധികാരമുണ്ട്. ആ അധികാരം വിനിയോഗിക്കുക മാത്രമാണ് സ്പ്രിംങ്ക്‌ളര്‍ കരാറിലും ചെയ്തത്...'' എന്നാണ് കണക്കുകളും ഗ്രാഫുകളും ഹാജരാക്കി ശിവശങ്കര്‍ വ്യക്തമാക്കിയത്.
 
ഐ.ടി വകുപ്പും വിശദീകരണക്കുറിപ്പിറക്കിയിട്ടുണ്ട്. വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കപ്പെടില്ലെന്ന നോണ്‍ ഡിസ്‌ക്ലോഷര്‍ കരാര്‍ ചേര്‍ത്തിട്ടുണ്ടെന്നും വ്യക്തിഗത വിവരങ്ങള്‍ കൈമാറില്ലെന്നും ഐ.ടി വകുപ്പ് അറിയിച്ചു. വിവരം ശേഖരിക്കുന്നത് മുംബൈയിലുള്ള ആമസോണ്‍ വെബ് സര്‍വറിലാണെന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്നും ഐ.ടി വകുപ്പ് പറഞ്ഞു. സ്വകാര്യവിവരങ്ങള്‍ കൈമാറാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നാണ് ഐടി വകുപ്പ് വിശദീകരിക്കുന്നത്. സ്പ്രിങ്ക്‌ളറിലൂടെ ലഭിക്കുന്നത് വലിയ സാങ്കേതിക സഹായമാണെന്നും ഇവര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നുണ്ട്.
 
വാല്‍ക്കഷണം
 
കോവിഡ് 19 വ്യാപനത്തോടെ കേരളത്തിന്റെ രാഷ്ട്രീയ-ഭരണ നായകത്വം മുഖ്യമന്ത്രി പിണറായി വിജയനിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുകയുണ്ടായി. ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് വലിയ തിളക്കമുണ്ടാവുകയും ചെയ്തു. കൊറോണയെ നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കിയ കരുതലും അതിന് മുഖ്യമന്ത്രി നല്‍കിയ നടുനായത്വവും എതിര്‍ ശബ്ദങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ രൂപത്തില്‍ സര്‍ക്കാരിനെ സ്പ്രിംഗ്ലര്‍ കൊറോണ ബാധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.