പി.പി.ചെറിയാൻ
മേരിലാന്റ് ∙ വിജയ പ്രതീക്ഷകളുമായി ഫൈനൽ മത്സരത്തിന് അർഹത നേടിയ നിരവധി ഇന്ത്യൻ അമേരിക്കൻ ഉൾപ്പെടെ നൂറുകണക്കിന് വിദ്യാർഥികളെ നിരാശയിലാഴ്ത്തി ഈ വർഷം നടക്കേണ്ടിയിരുന്ന സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബി മത്സരം നടത്തേണ്ടതില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
മേരിലാന്റ് നാഷണൽ ഹാർബറിൽ മേയ് 24ന് മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏപ്രിൽ 21 നാണ് മത്സരം വേണ്ടെന്ന് വെച്ചതും അടുത്ത വർഷം നടത്തുന്നതിനുമുള്ള തീരുമാനം പ്രഖ്യാപിച്ചത്.
മത്സരത്തിൽ പങ്കെടുക്കുന്നവരുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യം സംരക്ഷിക്കേണ്ടതിനുള്ള ഉത്തരവാദിത്വം കോവിഡ് 19 മഹാമാരി വ്യാപകമായതിനെ തുടർന്ന് നിറവേറ്റുവാൻ കഴിയുകയില്ല എന്ന് ആശങ്കയാണ് മത്സരം വേണ്ടെന്ന് വെക്കാൻ കാരണമെന്ന് സ്ക്രിപ്സ കമ്പനി അധികൃതർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികൾ വിജയിക്കുന്നതിനുള്ള കഠിന പരിശീലനം നടത്തിവരുന്നതിനിടയിൽ ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വന്നത് നിർഭാഗ്യകരവും കുട്ടികളെ നിരാശപ്പെടുത്തുന്നതുമാണെന്നും അധികൃതർ സമ്മതിച്ചു.
സംസ്ഥാന തലത്തിലുള്ള ജിയൊ ബി മത്സരങ്ങളും റദ്ദാക്കി. അടുത്ത വർഷത്തെ മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഈ വർഷാവസാനം അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
Comments