You are Here : Home / USA News

ഇതെന്നു തീരും ഈ കൂട്ടമരണങ്ങള്‍; ഉള്ളില്‍ തീ ആളുകയാണ്...

Text Size  

Story Dated: Thursday, April 23, 2020 02:24 hrs UTC

 
 
ന്യൂജേഴ്‌സി: രാഷ്ട്രനേതാക്കന്മാരെ, ആരോഗ്യ മേഖലയിലെ ഉന്നതരെ പറയു? ഇതെന്ന് തീരും ഈ കൂട്ടമരണങ്ങള്‍? ഓരോ ദിവസവും മരണനിരക്ക് കൂടിക്കൂടി വരുമ്പോള്‍ ഉള്ളില്‍ തീ ആളുകയാണ്. ചുറ്റിലും മരണം നിത്യ സംഭവം. മരണം എവിടെയോ ഒളിച്ചിരിക്കുന്നത് പോലെ...ഓരോ ദിവസവും കൂട്ടമരണങ്ങള്‍ തുടര്‍ക്കഥയായി മാറുമ്പോള്‍ മനുഷ്യജീവന് ഒരു വിലയും ഇല്ലേ എന്ന തോന്നല്‍. എല്ലാ കണക്കു കൂട്ടലുകളും പ്രവചനങ്ങളും കാറ്റില്‍ പറത്തി കോവിഡ് പ്രഹരം തുടരുന്നു. അമേരിക്കയില്‍ ദിവസേന രണ്ടായിരത്തില്‍പ്പരം മരണം. കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും മരണം കൂടുന്നു, പിന്നെ കുറയുന്നു.
 
ഇന്നലെ മാത്രം 2,834 അമേരിക്കക്കാരുടെ വിലപ്പെട്ട ജീവനുകളാണ് കോവിഡ് 19 മഹാമാരിയില്‍ തകര്‍ന്നത്. നമ്മുടെഎത്ര സഹോദരര്‍, മാതാപിതാക്കള്‍ അവര്‍അര്‍ഹിച്ചിരുന്ന ആയുസിന്റെ വലിപ്പമാണു വെട്ടിക്കുറയ്ക്കപ്പെട്ടത്.എത്ര കുഞ്ഞുങ്ങള്‍ അനാഥരായി?ചുറുചുറുക്കോടെ ഓടിനടന്നിരുന്ന എത്ര യുവാക്കളും മധ്യവയസ്‌ക്കരുമാണ് അവരുടെ ഒരു പാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി നിത്യതയിലേക്ക് യാത്രയായത്. അവരുടെ അവസാന നാളുകളില്‍ ഒരിറ്റു വെള്ളം പോലും വരണ്ട നാവുകളിലേക്ക് നകാന്‍കഴിയാതെപോയ, അവസാനമായി ഒരു ചുംബനം പോലുമര്‍പ്പിക്കാന്‍ കഴിയാതെ പോയപ്രിയപ്പെട്ടവരുടെ ഹൃദയവികാരങ്ങള്‍ ആരറിയുന്നു. തന്റെ പ്രിയതമനെ അല്ലെങ്കില്‍ പ്രിയതമയെ ഒരു നോക്ക് കാണുവാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ - മരണത്തെമുഖമുഖം കാണുമ്പോള്‍ അവര്‍ ഓര്‍ത്തിട്ടുണ്ടാകാം
 
ഇനിയും കണക്കുകൂട്ടലുകളും പ്രവചനങ്ങളും നിരത്തി പൗരന്മാരുടെ സ്വര്യ സൈ്ര്യ ജീവിതം തകര്‍ക്കേണ്ടതുണ്ടോ? പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പിനെ വലയം ചെയ്തിരിക്കുന്ന ഡോ.ആന്റണി ഫൗച്ചിക്കും കൂട്ടര്‍ക്കും പഴയ കണക്കുകള്‍ പൊടിതട്ടിയെടുക്കാം. അമേരിക്കയില്‍ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ ആളുകള്‍ മരിക്കുമെന്ന് ലോകത്തെ ആദ്യം അറിയിച്ചത് പ്രസിഡണ്ട് ട്രമ്പ് തന്നെയാണ്. തൊട്ടടുത്തുനിന്ന ഡോ.ഫൗച്ചി ഡാറ്റ മോഡലിംഗ് വിശദാംശങ്ങള്‍ നിരത്തി കൂടുതല്‍ ഭയപ്പെടുത്തുന്ന ഓര്‍മ്മകളും അമേരിക്കന്‍ ജനതയ്ക്കു സമ്മാനിച്ചു. അതിനു പിന്നാലെ ലോക്ക് ഡ്ണ്‍, സ്റ്റിമുലസ് പാക്കേജ് എന്നിങ്ങനെ...
 
ഇതിനിടെ ഇടക്കെപ്പോഴോ മരണനിരക്കില്‍ കുറവ് വന്നപ്പോള്‍ മരണം 50,000 വരെ കുറഞ്ഞു നിന്നേക്കാം. എന്നാല്‍ കൂടാനും സാധ്യതയുണ്ട് എന്നൊരു മുന്‍കൂര്‍ ജാമ്യവും. ഇത് ഒരു മാതിരി നാട്ടിലെ കാലാവസ്ഥ പ്രവചനം പോലെയായി. ഇല്ലാത്ത പ്രതീക്ഷ കെട്ടി വച്ചുകൊടുത്തപ്പോള്‍ ജനം ആത്മവിശ്വാസത്തിലായി. കിട്ടാന്‍ പോകുന്ന സ്റ്റിമുലസ് ചെക്കും സ്വപ്നം കണ്ടു മൂന്നാഴ്ച കഴിഞ്ഞവര്‍ ചെക്കുകള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ അതൊന്നു ചെലവാക്കാന്‍ വേണ്ടി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലുമായി 
 
സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന് കരുതിയ ജനം ലോക്ക് ഡൗണില്‍ പുറത്തുചാടണമെന്നു പറഞ്ഞു പ്രക്ഷോഭങ്ങള്‍ വരെ നടത്തി. അവരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. കൊറോണക്കിടയിലും രാഷ്ട്രീയം കൊണ്ടുവന്നാല്‍ പിന്നെന്തു ചെയ്യും. ചിലര്‍ പറയുന്നു ലോക്ക് ഡൗണ്‍ പിന്‍വലിക്കാം അല്ലെങ്കില്‍ ഭാഗീകമായി പിൻവലിക്കാമെന്ന് . മറ്റുചിലര്‍ പറയുന്നു ലോക്ക് ഡൗണ്‍ ഉടനെയൊന്നും പിന്‍വലിക്കരുതെന്ന്. ജനങ്ങള്‍ക്കറിയേണ്ടത് സൗര്യവും സ്വസ്ഥതയുമുള്ള ഒരു ജീവിതാന്തരീക്ഷം എപ്പോള്‍ പ്രതീക്ഷിക്കാമെന്നതാണ്. കൊറോണ വൈറസ് എന്ന പകച്ചവ്യാധി വ്യാപകമായതില്‍ ഒരു അമേരിക്കക്കാരനും ഉത്തരവാദിയല്ല. ഉത്തരവാദിത്വബോധമുള്ള പൗരന്മാര്‍ ലോക്ക് ഡൗണില്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്.
 
എന്നാല്‍ നേതാക്കള്‍ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നതിനു വലിയ വിലയാണ് നല്‍കേണ്ടി വന്നത്. കുറെഅമേരിക്കക്കാരുടെ മരണം ഒഴിവാക്കാമായിരുന്നു. ജനുവരി 16 നാണ് ആദ്യത്തെരോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരി 29നുആദ്യത്തെ മരണം.മാർച്ച്  മാസത്തിലെ മൂന്നാമത്തെ ആഴ്ച്ചയിലാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയത്. എന്നിട്ടും ഈ മഹാമാരിയെ നിസാരമായി കണ്ട ആ മനഃനസ്ഥിതിയുണ്ടല്ലോ അപാരം തന്നെ.
 
ആരോഗ്യമേഖലയിലെ എത്ര പേരാണ് മതിയായ സുരക്ഷ ഇല്ലാതെ പോയതിനാല്‍ ജീവന്‍ അപഹരിക്കപ്പെട്ടത്. അതൊക്കെ പോട്ടെ, കാര്യങ്ങള്‍ ഗൗരവമായി തുടങ്ങിയപ്പോള്‍ കാണിച്ചനടപടികള്‍ ശ്ലാഘനീയം തന്നെ. സ്റ്റിമുലസ് ചെക്ക് നല്‍കിയതും നല്ലതു തന്നെ.പ ക്ഷെ രാജ്യത്ത് കൂട്ടമരണം നടക്കുമ്പോള്‍ തിരക്കിട്ട് ലോക്ക് ഡൗണ്‍ എടുത്തുകളയുന്നതിന്റെ ഔചിത്യം മാത്രം മനസിലാകുന്നില്ല. സ്വന്തം കണ്ണിനു മുന്‍പില്‍ ജനങ്ങൾ  മരിച്ചു വീഴുമ്പോഴും രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന കളികള്‍ അവസാനിപ്പിച്ചെ മതിയാകൂ.
 
ഇതിനിടെ ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി ഗവര്‍ണര്‍മാരുടെയുംന്യൂയോർക്ക് സിറ്റി  മേയറുടെയുംപ്രതിദിന പത്രസമ്മേളനങ്ങളില്‍വരുന്ന  പരസ്പരവിരുദ്ധമായ തീരുമാനങ്ങള്‍ ഒരു വശത്ത്. മറുവശത്ത്പ്രസിഡണ്ട്- ഫൗച്ചി ടീമിന്റ നിര്‍ദേശങ്ങളും തീരുമാനങ്ങളും ഉള്‍ക്കൊള്ളാനാകാതെ അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാര്‍ . ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറയുന്നതിന് കടക വിരുദ്ധമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വാക്‌പോരുകള്‍. ഇവര്‍ ആരും ഒന്നും ചെയ്യുന്നില്ലഎന്നല്ല  അതിനര്‍ത്ഥം. ആളുകള്‍ക്കറിയേണ്ടത് എന്തുകൊണ്ട് ഈ മഹാമാരി അമേരിക്കയെ മാത്രം ഇത്ര കണ്ടു പീഡിപ്പിക്കുന്നു. ഇതിന്റെ പ്രഭവ കേന്ദ്രമായ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയില്‍ വരെവൈറസിനെ  നിയന്തണത്തിലാക്കാന്‍ കഴിഞ്ഞപ്പോള്‍ എന്തുകൊണ്ട് മഹത്തായ നമ്മുടെ രാജ്യത്തിനു കഴിഞ്ഞില്ല?
 
പേടിപ്പിക്കുകയല്ല, ഫൗച്ചിയും മറ്റു എപ്പിഡിമിയോളജിസ്റ്റുകളും നടത്തുന്ന പ്രവചനങ്ങളൊന്നും കണക്കിലെടുക്കാതെ തന്നെ പറയാം ,ഇപ്പോഴത്തെ അമേരിക്കയിലെ മരണ നിരക്കിന്റെ ഗ്രാഫ് താഴേക്ക് നീങ്ങണമെങ്കില്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരും. അക്കാര്യം സ്പഷ്ട്ടമാണ് .രോഗവ്യാപനം ഇതുവരെ നമ്മുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം വിസ്മരിക്കരുത്. ഓരോ ദിവസവും വര്‍ധിച്ചു വരുന്ന പുതിയ രോഗികളുടെ എണ്ണം, നിലവിലുള്ള രോഗികളുടെ എണ്ണം, ഗുരുതരാവസ്ഥയില്‍കഴിയുന്ന രോഗികളുടെ എണ്ണം തുടങ്ങിയവയെല്ലാം ദിവസം തോറുംകൂടുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്നു.
 
അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ മാത്രം കണക്കുകള്‍ നോക്കുക. എല്ലാ ദിവസവും ശരാശരി 2,400 മരണം. ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം ശരാശരി 25,000 എന്ന നിരക്കില്‍ ഉണ്ടാകുന്നു. ആകെ രോഗബാധിതര്‍ 8.19 ലക്ഷമാണ്.നിലവില്‍ 6.96 ലക്ഷം രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്. 45,343 പേര് മരിച്ചു. 82,973 പേര്‍ മാത്രമാണ് രോഗവിമുക്തരായത്.
 
നിലവില്‍ ചികിത്സയില്‍ കഴിയുന്ന 6.96 ലക്ഷം പേരില്‍ 14,016 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. രോഗികള്‍ കൂടുന്നതിനനുസരിച്ച് അനുപാതികമായുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും കഴിഞ്ഞ ആഴ്ചയിലെ എണ്ണവുമായി കാര്യമായ മാറ്റമൊന്നുമില്ല. വെന്റ്റിലേറ്ററുകളില്‍ കഴിയുന്ന രോഗികളില്‍ 82 ശതമാനം വരെ മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരാള്‍ ശരാശരി 8 -12 ദിവസങ്ങള്‍ വരെ വെന്റ്റിലേറ്ററുകളില്‍ കിടക്കുന്നു. 100 പേരില്‍ 82 പേര്‍ ഈ കാലയളവില്‍ മരിക്കുന്നു. 18 പേര്‍ പൂര്‍ണ രോഗവിമുക്തരാകുന്നു.ഇത് ഹോസ്പിറ്റലികളിലെ അവസ്ഥ.
 
മരണസംഖ്യയില്‍ നാലിലൊന്ന് എങ്കിലും വീടുകളില്‍ മരിക്കുന്നവരാണ്. ചിലര്‍ സ്വയം ക്വാറന്റ്റിനില്‍ കഴിയുന്നവര്‍, ചിലര്‍ ടെസ്റ്റിങ്ങ് നടത്താന്‍ കഴിയാതെ വരുന്നവര്‍, അത്തരത്തില്‍ നിരവധി പേര് പ്രതി ദിനം മരിക്കുകയും രോഗാവസ്ഥയില്‍ കഴിയുകയും ചെയ്യന്നുണ്ട്. ഹോസ്പിറ്റലുകളില്‍രോഗ വിമുക്തി നേടുന്നവരേക്കാള്‍ കൂടുതല്‍ പേര് സ്വയം ക്വാറന്റീനില്‍ നിന്ന് കരകയറിയവരണെന്നതാണ് മറ്റൊരു പരമാര്‍ത്ഥം. അമേരിക്കയില്‍ ഒരു മില്യണ്‍ ജനസംഖ്യയില്‍ ശരാശരി 2,247കൊറോണ രോഗികള്‍ ഉണ്ടാകുകയും 137 പേര് മരിക്കുകയും ചെയ്യുന്നു.
 
രാജ്യത്ത് ഒരു മില്ല്യണ്‍ ആളുകളില്‍ 12,659 പേര്‍ ആണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഒരു മില്ല്യന്‍ ആളുകളില്‍ 13,777 പേര്‍ക്ക് രോഗം ബാധിക്കുകയും 1,004 പേര് മരിക്കുകയും ചെയ്യുന്നു. അവിടെ ഒരു മില്യണ്‍ ആളുകളില്‍ 33,095 പേരാണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്.
 
ജര്‍മ്മനിയില്‍ 27,000 പേരിലും, ഇറ്റലിയില്‍ 23,000 പേരിലും സ്‌പെയിനില്‍ 20,000 പേരിലുമാണ് ഒരു മില്ല്യന്‍ ആളുകളില്‍ നിന്ന് ടെസ്റ്റിംഗിന് വിധേയരാകുന്നവര്‍. ന്യൂജേഴ്‌സിയില്‍ ഒരു മില്യണ്‍ ആളുകളില്‍ 20,932ടെസ്റ്റിംഗും മാസച്യുസസില്‍ 25,676ടെസ്റ്റിംഗുംലൂയിസിയാനയില്‍ 30,413 ടെസ്റ്റിംഗും നടത്തി. റോഡ് ഐലന്‍ഡിലാണ് ഒരു മില്ല്യന്‍ ആളുകളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തിയത് (37,420).
 
ഇത്രയും ഭയാനകമായ സാഹചര്യം മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഇല്ല. ന്യൂജേഴ്‌സിയില്‍ ഓരോ മില്യണ്‍ ആളുകളിലും 10,402 പേര്‍ക്ക് രോഗവും 535 പേര്‍ മരിക്കുകയും ചെയ്യുന്നു. മറ്റു സ്റ്റേറ്റുകള്‍: മസാച്യുസെസ്-രോഗബാധിതര്‍ (6,032) മരണം-(287), കണക്റ്റിക്കട്ട്- രോഗബാധിതര്‍ (5,685) മരണം (397), ലൂയിസിയാന- രോഗബാധിതര്‍ (5,329) മരണം (301) എന്നിങ്ങനെയാണ്.
 
തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡണ്ട്ട്രമ്പിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തും വിധം കൊറോണവൈറസ് മഹാമാരി രാജ്യത്തെ കശക്കിയെറിയുകയാണ്. ആരാണ് ശരി ആരാണ് തെറ്റ് എന്നുള്ള രാഷട്രീയ വാക്‌പ്പോരാട്ടങ്ങള്‍ക്ക്പ്രസക്തിയില്ല. ഒരേ ഒരു ലക്ഷ്യം. ആവനാഴിയിലെ അവസാന അസ്ത്രവും എടുത്തു പോരാടുക തന്നെ. അത്ര പെട്ടെന്നെന്നും ഈ മഹാമാരി വിട്ടുപോകുമെന്നു തോന്നുന്നില്ല. ഇന്നലെ 24 മണിക്കൂര്‍ കൊണ്ട് 900 പ്പരം അധികം ആളുകളാണ് തലേ ദിവസത്തേക്കാള്‍ കൂടുതല്‍ മരിച്ചത്. തിങ്കളാഴ്ച്ച മരണനിരക്ക് 1,939 ആയിരുന്നു. ഇതോടെ അമേരിക്കയില്‍ ആകെ മരണം 45,432 ആയി. ഈ നിലയ്ക്ക് പോയാല്‍ വെറും രണ്ടു ദിവസം മാത്രം മതി അരലക്ഷം കടക്കാന്‍.
 
ഫൗച്ചിയുടെ കണക്കുകൂട്ടലും ഡാറ്റാ മോഡലിങ്ങുമൊക്കെ കൊറോണയ്ക്കു മുമ്പില്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്.. അവര്‍ ചിന്തിക്കുന്നതിനുമപ്പുറമാണ് ഈ അത്ഭുത ജീവിയുടെ പടയോട്ടം. ഹോസ്പിറ്റലുകള്‍, ചികിത്സകള്‍, എല്ലാം നടക്കുന്നു. പക്ഷേ രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നു. ആരാണ് ഉത്തരവാദികള്‍? ആരോഗ്യമേഖലയോ അതോ ആരോഗ്യമേഖലയെക്കുറിച്ച് ഒരു ചുക്കും അറിയില്ലാത്ത രാഷ്ട്രീയ കോമരങ്ങളോ? ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കുക എന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ത്തവ്യമാണ്. അവര്‍ അത് കൃത്യമായിട്ടെന്നല്ല പതിവിലും കൂടുതല്‍ ആല്‍മാര്‍ത്ഥതയോടും അര്‍പ്പണമനോഭാവത്തോടും കൂടെ നിര്‍വഹിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.