You are Here : Home / USA News

ഒരുമയുടെ ഒത്തുചേരലാണ് ഓണം: ശശികല ടീച്ചര്‍

Text Size  

Story Dated: Sunday, September 29, 2019 09:09 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
                 
ഡിട്രോയിറ്റ്: ചരിത്രവും ഐതീഹ്യവും അന്വേഷിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരുമയോടെ ഒത്തുചേരാനുള്ള വേദികളാണ് ഓണാഘോഷങ്ങളെന്നു കേരളാ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. കെ.എച്ച്.എന്‍.എ. മിഷിഗണ്‍, ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു ടീച്ചര്‍.
                   
ഉത്തമ ഭക്തിയുടെയും സംഭാവനയുടെയും സാക്ഷാത്കാരമായിരുന്ന മഹാബലി ചക്രവര്‍ത്തിക്ക് മോക്ഷപ്രാപ്തി നല്‍കിയ വാമനാവതാരത്തെ അനുസ്മരിക്കുന്ന കേരളത്തിലെ  ഓണാഘോഷത്തെ വടക്കേഇന്ത്യയിലെ വാമന ജയന്തിയുമായി കൂട്ടികെട്ടാനുള്ള ശ്രമങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലായെന്നും ടീച്ചര്‍ പറഞ്ഞു. മഹാബലിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുവാന്‍ വാമനനെ ദുഷ്കീര്‍ത്തിപ്പെടുത്തേണ്ടതില്ല, അങ്ങനെ വന്നാല്‍ അവിടെ ചില ഗൂഢലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. മാവേലിയുടെ മഹിമയും വാമനന്റെ അവതാരോദ്ദേശ്യവും സമന്വയിക്കുന്ന സന്ദേശമാണ് തിരുവോണം.
                           
മതവിശ്വാസങ്ങള്‍ വേരുറയ്ക്കുന്നതിനു വളരെ മുന്നേ തന്നെ താന്ത്രിക വിധിപ്രകാരം രൂപംകൊണ്ട കേരളത്തിലെ ഓരോ ക്ഷേത്രങ്ങളും ആചാര അനുഷ്ഠാനങ്ങളില്‍ പരസ്പരം വ്യത്യസ്തവും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നും തികച്ചും വിഭിന്നവുമാണ്. കൊച്ചി രാജാവ് പ്രചാരം കൊടുത്ത തൃക്കാക്കരയപ്പന്റെ സജീവ സാന്നിധ്യമുള്ള അത്തച്ചമയ ആഘോഷങ്ങളും മലയാളിക്ക് മാത്രം സ്വന്തമായുള്ളതാണ്. എണ്ണമറ്റ അനേകം വൈവിധ്യങ്ങളെ അണിചേര്‍ക്കുന്ന ആധ്യാത്മികതയാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന സൂത്രവാക്യം.
                         
ഒരു ഭരണാധികാരി എത്രത്തോളം പ്രജാതത്പരനായിരിക്കണമെന്നും, പ്രശസ്തിയില്‍ അഹങ്കാരം അങ്കുരിച്ചാല്‍ അതെങ്ങനെ അപകടമാകുമെന്നും, ഏത് അപകടത്തെയും ഭക്തികൊണ്ടു എങ്ങനെ മറികടക്കാമെന്നും കാട്ടിത്തരുന്ന ബലിപുരാണം കാലങ്ങളും ദേശങ്ങളും അതിജീവിക്കുന്ന ഗുണപാഠങ്ങളാണ്. ആ പാഠങ്ങള്‍ മതങ്ങളുടെയോ ദേശങ്ങളുടെയോ കള്ളികളാല്‍ പരിമിതവുമല്ല. തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു വര്‍ണാഭമായ പൂക്കളമൊരുക്കി ജാതി മത വ്യത്യാസമില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികള്‍ മാതൃകാപരമാണെന്ന സന്തോഷം പങ്കിട്ടുകൊണ്ടു ശശികല ടീച്ചര്‍ തന്റെ ഭാഷണം അവസാനിപ്പിച്ചു.
                 
ആഘോഷപരിപാടികള്‍ക്ക് എത്തിയ കുടുംബങ്ങളെ ജോയിന്റ് സെക്രട്ടറി ആശാ മനോഹരന്‍ സ്വാഗതം ചെയ്തു. മുഖ്യാതിഥിയെ കെ. എച്ച്.എന്‍. എ. മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പരിചയപ്പെടുത്തി.
                 
മിഷിഗന്റെ മണ്ണില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട് സ്വന്തമായി പാചകം ചെയ്തു വാഴയിലയില്‍ വിളമ്പിയ ആസ്വാദ്യമായ ഓണസദ്യയും തുടര്‍ന്നുനടന്ന കലാപരിപാടികളും ഏറെ ആകര്‍ഷകമായിരുന്നു.
             
കലാപരിപാടികള്‍ക്കും സദ്യയൊരുക്കലിനും സെക്രട്ടറി മനോജ് വാരിയര്‍, വൈസ് പ്രസിഡന്റ് ജയമുരളി നായര്‍, ട്രഷറര്‍ ദിനേശ് ലക്ഷ്മണന്‍, കൃഷ്ണ കുമാര്‍, ശ്രീജാ പ്രതീപ്, ഗീതാ നായര്‍, ബിന്ദു പണിക്കര്‍, ബിനി പണിക്കര്‍, ഗൗതം ത്യാഗരാജന്‍, രാജേഷ് നായര്‍, സുനില്‍ പൈന്‍ഗോള്‍,ഷോളി നായര്‍, ദീപ്തി നായര്‍, ദേവിക രാജേഷ്, രാജേഷ് കുട്ടി, രഘു രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
           
ഡോക്ടര്‍ തങ്കം ശശികല ടീച്ചറെ പൊന്നാട അണിയിച്ചും രാധാകൃഷ്ണന്‍ പ്രശസ്തി ഫലകം നല്‍കിയും ആദരിച്ചു, മനോജ് വാരിയരുടെ നന്ദി പ്രകടനത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.
സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.