ഡാളസ് : 2018 ല്‍ കേരളത്തില്‍ നടന്ന പ്രളയദുരന്തങ്ങളില്‍ നിന്നും കരകയറുന്നതിന് മുമ്പ് കേരളം അഭിമുഖീകരിച്ച മറ്റൊരു ഭീകര പ്രളയത്തില്‍ ജീവന് നഷ്ടപ്പെടുകയും, ദുരിതമനുഭവിക്കേണ്ടി വരികയും ചെയ്തു കേരളത്തിലെ സഹോദരങ്ങളെ സഹായിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്, അംഗങ്ങളില്‍ നിന്നും, സന്മനസ്സുള്ളവരില്‍ നിന്നും സമാഹരിച്ച ദുരിതാശ്വാസഫണ്ട് കേരള മുഖ്യമന്ത്രിയെ ഏല്പിച്ചു.
ഒകോടബര്‍ 22 ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കേരള അസ്സോസിയേഷന് ഓഫ് ഡാളസ് മുന്‍ പ്രസിഡന്റ് ബോബന് കൊടുവത്ത്, മുന്‍ഭാരവാഹി ബേബി കൊടുവത്ത് എന്നിവര്‍ ചേര്‍ന്നു ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
വളരെ ചുരുങ്ങിയ സമയം കൊണ്ടു കേരള അസ്സോസിയേഷന് ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കുവാന്‍ കഴിഞ്ഞതു കണ്‍വീനര്‍ ഐ.വര്‍ഗീസിന്റെ അശ്രാന്ത പരിശ്രമഫലമാണ്. കഴിഞ്ഞവര്‍ഷത്തെ ദുരിതാശ്വാസ നിധിയായി അസ്സോസിയേഷന് സമാഹരിച്ച 37886 ഡോളര്‍(26 ലക്ഷം രൂപ) നേരത്തെ മുഖ്യമന്ത്രിയെ ഏല്പിച്ചിരുന്നു. ഇത്തവണ 10507 ഡോളര്‍(7 ലക്ഷം) ചെക്കും മുഖ്യമന്ത്രിയെ ഏല്പിച്ചു ഡാളസ് കേരള അസ്സോസിയേഷന് നല്കിയ സഹായത്തിന് മുഖ്യമന്ത്രി പ്രത്യേകം നന്ദി പറഞ്ഞതായി ബോബന് കൊടുവത്ത് അറിയിച്ചു.
ദുരിതാശ്വാസ ഫണ്ട് സമാഹരണത്തില്‍ സഹകരിച്ച എല്ലാവര്ക്കും കണ്‍വീനര്‍ ഐ വര്‍ഗീസ്, പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ട്രഷറര്‍ പ്രദീപ് നാഗനൂലില്‍ എന്നിവര്‍ നന്ദി അറിയിച്ചു.
Comments