You are Here : Home / USA News

പ്രൗഢഗംഭീരം, പ്രസ് കോണ്‍ഫറന്‍സ് കോണ്‍ക്ലേവ് (പകല്‍ക്കിനാവ് 171: ജോര്‍ജ് തുമ്പയില്‍)

Text Size  

Story Dated: Friday, October 25, 2019 03:14 hrs UTC

 

 
എത്രയോ നാളുകള്‍ക്കു ശേഷമായിരുന്നു ഇതുപോലൊരു പ്രൗഢഗംഭീരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. അതും ഇഷ്ടപ്പെട്ട വിഷയം കൂടിയാണെങ്കില്‍ പറയാനുമില്ലല്ലോ. പറഞ്ഞു വരുന്നത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് മാധ്യമ കോണ്‍ഫറന്‍സിനെക്കുറിച്ചാണ്. ന്യൂജേഴ്‌സിയിലെ ഈ ഹോട്ടലില്‍ വച്ചു നടന്ന ത്രിദിന കോണ്‍ഫറന്‍സ് ശരിക്കും ഒരു കോണ്‍ക്ലേവായി മാറിയെന്നു പറയുന്നതാവും കൂടുതല്‍ ശരി. ഓരോ സെഷനും സമ്മാനിച്ചത് കൂടുതല്‍ ബൗദ്ധികമായ ഉണര്‍വ്വുകളായിരുന്നു. കേരളത്തില്‍ നിന്നുമെത്തിയ ഏഷ്യാനെറ്റിന്റെ എം.ജി. രാധാകൃഷ്ണന്‍, മനോരമയുടെ ജോണി ലൂക്കോസ്, ഫ്രണ്ട്‌ലൈനിന്റെ വെങ്കിടേഷ് രാമകൃഷ്ണന്‍, മാതൃഭൂമിയുടെ വേണു ബാലകൃഷ്ണന്‍, നമ്മുടെ തന്നെ വിനോദ് നാരായണന്‍ എന്ന ബല്ലാത്ത പഹയന്‍ തുടങ്ങിയവര്‍ മുന്നോട്ടുവച്ച അനുഭവപരിജ്ഞാനങ്ങള്‍ പത്രപ്രവര്‍ത്തനമേഖലയിലെ വേറിട്ടൊരു മുഖമാണ് തുറന്നിട്ടത്. വാര്‍ത്തകളോടു നിരന്തരം പുലര്‍ത്തുന്ന ഇടപെടലുകളുടെയും സംവേദനത്തിന്റെ ദ്വന്ദയുദ്ധങ്ങളും കേട്ടിരുന്നവരുടെ മുന്നിലേക്ക് ഏറെ ലാളിത്യത്തോടെയാണ് അവര്‍ വര്‍ഷിച്ചത്. അതില്‍ തന്നെ മാധ്യമരേഖം നേരിടുന്ന പ്രതിസന്ധികള്‍, വെല്ലുവിളികള്‍ എന്നിവയും അവയുടെ വികസനപരിണാമങ്ങളെക്കുറിച്ചുമൊക്കെ വിവരിച്ചതു കേട്ടപ്പോള്‍ വിഡ്ഢിപ്പെട്ടിയെന്നൊക്കെ വിളിക്കുന്ന ടിവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രതീകമായി അനുദിനം മാറുകയാണെന്നു മനസ്സിലായി. അതിനോടു ചേര്‍ത്തുവയ്ക്കാവുന്ന വിധത്തിലായിരുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ പ്രസംഗങ്ങള്‍. ഉദ്ഘാടനത്തിനും സമാപനത്തിനും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ഓരോ സെഷനിലും കാണികളുടെ സാന്നിധ്യം ഏറെ ചര്‍ച്ചാവിഷയമായി. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വാര്‍ത്താ മാധ്യമങ്ങളെ സ്‌നേഹിക്കുന്നവര്‍ ഇത്രയേറെയുണ്ടോയെന്നതും അതിശയിപ്പിക്കുന്നതായിരുന്നു.
 
പല സെഷനുകളിലെയും വിഷയങ്ങള്‍ പോലും മാധ്യമലോകത്തെ അക്കാദമിക് വസ്തുതകളായിരുന്നു. എങ്കിലും അവയോട് അതില്‍ പങ്കെടുത്തവരുടെ ക്രിയാത്മകമായ ഇടപെടലുകള്‍ വലിയൊരു വിജ്ഞാനലോകത്തെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിട്ടത്.
 
മാധ്യമങ്ങളുടെ എണ്ണം പെരുകി വരുന്നത് മൂലം വാര്‍ത്തകള്‍ പരിമിതമായ ചുറ്റുപാടുകളിലേക്കു ചുരുങ്ങുന്ന അവസ്ഥയെക്കുറിച്ച് ഏറെ അതിശയത്തോടെയാണ് കേട്ടിരുന്നത്. ഒരു കാലത്തു വാര്‍ത്തകളുടെ വിശാലമായ ലോകത്തു എത്തിപ്പെടാന്‍ പെടാപ്പാടു പെട്ടിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ തള്ളിക്കയറ്റം മൂലം വാര്‍ത്തകളുടെ ചെറിയ ലോകത്തേക്ക് മാറിയെന്നും 'ഇന്നത്തെ മാധ്യമങ്ങള്‍ പ്രസക്തിയും വെല്ലുവിളികളും' എന്ന സെമിനാറില്‍ എം. ജി. രാധാകൃഷ്ണന്‍ പറഞ്ഞു. നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്തകളെ കീഴടക്കാന്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ വഴി സാധിക്കുന്നു. ഒരു വശത്തു സാങ്കേതികവിദ്യ മുന്നേറുമ്പോള്‍ മറുവശത്തു കൂണു പോലെ പെരുകിയ മാധ്യമ വ്യൂഹങ്ങള്‍ ഏറെ ചെറുതായിപ്പോയ ലോകത്തെവിടെയാണ് അവരുടെയിടം കണ്ടെത്തുകയെന്ന രാധാകൃഷ്ണന്റെ ഏറെ പ്രസക്തിയുണ്ട്. എല്ലായിടത്തും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തള്ളിക്കയറ്റം. ലോക രാജ്യങ്ങളില്‍ മാധ്യമ സ്വാത്രന്ത്യത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനു പിറകില്‍ 138ാമത് സ്ഥാനത്താണു എത്തിനില്‍ക്കുന്നത്. അതുപോലെ, കോര്‍പ്പറേറ്റ് മീഡിയ എന്നത് ബ്ലൈന്‍ഡ് ആയ അന്ധവിശ്വാസമാണ്. കാരണം മുകേഷ് അംബാനി നടത്തിയ ഒരു മാധ്യമങ്ങളും രക്ഷപ്പെട്ടിട്ടില്ല. സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന പ്രതിച്ഛായ സാങ്കല്‍പ്പികം മാത്രമാണെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഇമേജ് നിലനില്‍ക്കുന്നതല്ല. ഒരു നിയന്ത്രണവുമില്ലാത്ത മാധ്യമമാണ് സോഷ്യല്‍ മീഡിയ. അവിടെ ആര്‍ക്കെതിരെയും വ്യക്തിപരമായി ആക്രമണം നടത്താം. വാര്‍ത്തകള്‍ വ്യാജമായിരിക്കാം. എന്നാല്‍ ചില നല്ല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നറിയാന്‍ കഴിയുന്നുണ്ടെന്നും ജോണി പറഞ്ഞു. മാതൃഭൂമി ടിവിയുടെ വേണു ബാലകൃഷ്ണന്‍, മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍ നിന്നും അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നു സൂചിപ്പിച്ചു. മുഖ്യമന്ത്രിക്കാവട്ടെ, സോഷ്യല്‍ മീഡിയയോടാണ് ആഭിമുഖ്യം. മറ്റ് മാധ്യമങ്ങള്‍ക്കു താത്പര്യങ്ങളുണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
 
സ്വീകാര്യത എന്നത് സ്വീകരണ മുറിയില്‍ ഇരിക്കുന്ന വെള്ളാനയാണെന്നു ഫ്രണ്ട് ലൈന്‍/ഹിന്ദു സീനിയര്‍ എഡിറ്ററായ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞതു തികച്ചും സത്യമാണ്. "വിധ്വംസക കാലത്തെ വിധേയ വിളയാട്ടങ്ങള്‍, മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍' എന്ന വിഷയത്തെപറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സ്വഭാവരീതികള്‍ നിരീക്ഷിച്ച്, അതിലൂടെ അവരെ ഉപഭോക്താവ് ആക്കുവാന്‍ ഇന്റര്‍നെറ്റ് മീഡിയയ്ക്ക് സാധിക്കുന്നു. രഹസ്യമായി നാം കാണുന്ന ഇന്റര്‍നെറ്റ് പോലും രഹസ്യമല്ല. സ്വകാര്യതയ്ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു എന്നാണതിനര്‍ഥം. നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നൊന്നില്ല. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതു സാധ്യവുമല്ല. വസ്തുനിഷ്ഠ പത്രപ്രവര്‍ത്തനം എന്നതാണ് ശരിക്കുള്ള പദ്രപ്രയോഗം. മാസും, ക്ലാസും മാറാന്‍ അധിക സമയമൊന്നും വേണ്ട. സോഷ്യല്‍ മീഡിയയുടെ സ്വീധാനം എങ്ങനെ ട്യൂണ്‍ ചെയ്‌തെടുക്കാമെന്നുള്ള ചോദ്യത്തിനു തന്റെ കൈയ്യില്‍ ഒറ്റമൂലിയൊന്നും ഇല്ലായെന്ന മറുപടിയാണ് വെങ്കിടേഷ് നല്‍കിയത്.
 
സമാപനസമ്മേളനത്തില്‍ നല്ലൊരു ആശയം പുറത്തെടുത്ത മന്ത്രി കെ.ടി. ജലീലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അമേരിക്കന്‍ മലയാളികളുടെ അറിവും പ്രായോഗിക പരിഞ്ജാനവും കേരളത്തിലെ ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പണം സംഭാവന ചെയ്യുന്നത് മാത്രമല്ലകാരുണ്യപ്രവര്‍ത്തനം. അറിവും പരിചയവും പകര്‍ന്നു നല്‍കുന്നതും കാരുണ്യപ്രവര്‍ത്തികളില്‍ ഉള്‍പ്പെടും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തവര്‍ക്ക് അഭയം നല്‍കിയ അമേരിക്ക ബഹുസ്വരതയുടെ സമ്പത്തില്‍ ധന്യമാണ്. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഇവിടെ ആരാധനാലയങ്ങള്‍ വരെ മാതൃകയാണെന്ന് പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ചാപ്പല്‍ സന്ദര്‍ശിച്ച തന്റെ അനുഭവം പങ്കുവച്ചുകൊണ്ടു മന്ത്രി അഭിപ്രായപ്പെട്ടു.
 
അമേരിക്കന്‍ മലയാളികളുടെ വിദ്യാഭ്യാസരംഗത്തെയും വാണിജ്യ രംഗത്തേയും മുന്നേറ്റങ്ങളും സാംസ്കാരിക സഹകരണ മനോഭാവവും വിസ്മയിപ്പിക്കുന്നതാണെന്നു സൂചിപ്പിച്ച മന്ത്രി നാം എത്ര ദൂരത്തേക്കു പോയാലും പിറന്ന മണ്ണിനെ മറക്കില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ കൂട്ടായ്മയിലൂടെ കാണാന്‍ കഴിഞ്ഞതെന്നും സൂചിപ്പിച്ചു.
 
ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലഡല്‍ഫിയാ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മാധ്യമ സുഹൃത്തുക്കളെ കൂടാതെ സിയാറ്റില്‍ മുതല്‍ ഫ്‌ളോറിഡ വരെ നീണ്ടുകിടക്കുന്ന സ്ഥലങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ പങ്കെടുത്തു എന്നത് സംഘാടകസമിതിയുടെ കഴിവായി കണക്കാക്കാം. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ പ്രസ്ഥാനങ്ങളിലെ അമരത്തുനിന്നുള്ളവരെല്ലാം തന്നെ കോണ്‍ഫറന്‍സിന് എത്തി. പത്രപ്രവര്‍ത്തക സുഹൃത്തും വ്യവസായ പ്രമുഖനുമായ ബാബു സ്റ്റീഫന്റെ സാന്നിധ്യം സംഘാടകസമിതിക്ക് പുത്തനുണര്‍വ്വ് നല്‍കി.
 
ഓര്‍മ്മകളെ സൂക്ഷിക്കാനുള്ള മനോഹരമായ ഒരു സുവനീറും പ്രസിദ്ധീകരിച്ചിരുന്നു. കാഴ്ചവെച്ച പരിപാടികളില്‍ എല്ലാം ഒരു രാജസ്പര്‍ശം ഉണ്ടായിരുന്നു. ഉദ്ഘാടനസമ്മേളനത്തിലെ തിരി തെളിക്കല്‍ ഒരു വേറിട്ട അനുഭവമായി. അജ്ഞാനമായ അന്ധകാരത്തില്‍ ആണ്ടു കിടക്കുന്ന ചുറ്റുപാടുകളെ പ്രകാശമാനമാക്കുവാന്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിച്ച ആ ചടങ്ങ് വികാരതീവ്രമായി. അകമ്പടിക്ക് ഭദ്രാ കൃഷ്ണന്റെ ഏറ്റവും അനുയോജ്യമായ ശ്ലോകവും. ആദ്യ ദിവസത്തെ ഹൃദയതാളം സംഗീതപരിപാടി ആസ്വാദകരെ ഓര്‍മ്മകളുടെ ഉത്തുംഗശൃംഗത്തില്‍ എത്തിച്ചു. മാധ്യമസുഹൃത്ത് ജോജോ കൊട്ടാരക്കരയാണ് ഈ സെഷന്‍ ഏകോപിപ്പിച്ചത്. രണ്ടാം ദിവസം വൈകുന്നേരം ഡിട്രോയിറ്റ് നോട്‌സ് എന്ന ബാന്‍ഡ് തുടങ്ങിവച്ച സംഗീത പരിപാടി രാത്രി 12 മണിക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘാടകസമിതി പണിപ്പെടേണ്ടി വന്നു. പ്രേക്ഷകര്‍ക്ക് അത്രയ്ക്കും ഇഷ്ടപ്പെട്ട ഒരു പരിപാടിയായിരുന്നു അത്.
 
തട്ടുകട ശ്രദ്ധേയമായി. ലൈവ് ഓംലെറ്റ് തുടങ്ങി ഒട്ടേറെ നാടന്‍വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ചു. സിത്താര്‍ പാലസിന്റേതായിരുന്നു ഭക്ഷണക്രമീകരണങ്ങള്‍. ഭക്ഷണത്തിന്റെ വൈവിധ്യത്തില്‍ പ്രത്യേകതകള്‍ ഏറെയായിരുന്നു. ഉടമ അനൂപ് സമ്മേളനസ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുത്തവരുടെ താല്പര്യമനുസരിച്ച് തന്നെ ഭക്ഷണം തയ്യാറാക്കി. പ്രസിഡണ്ട് മധു കൊട്ടാരക്കര മനസ്സില്‍ തട്ടുന്ന രീതിയില്‍ കാച്ചിക്കുറുക്കിയെടുത്ത വാക്കുകളിലൂടെ സ്പഷ്ടമായി കൃത്യതയോടെ രണ്ടുദിവസവും ഹൃദയ ഭാഷയില്‍ തന്നെ സംസാരിച്ചു. തോളോട് തോള്‍ ചേര്‍ന്ന് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും പ്രവര്‍ത്തിച്ചു. രാജു പള്ളത്ത്, സുനില്‍ തൈമറ്റം, റെജി ജോര്‍ജ് എന്നിവര്‍ മധുവിന്റെ ഇടതും വലതുമായി എപ്പോഴും നിലകൊണ്ടു. നാഷണല്‍ കമ്മിറ്റിയംഗങ്ങളായ സണ്ണി പൗലൂസ്, അനില്‍കുമാര്‍ ആറന്മുള, ജീമോന്‍ ജോര്‍ജ്, ജയിംസ് വറുഗീസ്, സുനില്‍ െ്രെടസ്റ്റാര്‍ എന്നിവരും ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. പ്രസ്ക്ലബിനെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയ മുന്‍ പ്രസിഡണ്ട് ജോസ് കണിയാലിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. കോണ്‍ഫറന്‍സിനു വേണ്ട വെള്ളവും വായുവും നല്‍കുന്ന വിവിധ ശ്രേണിയിലുള്ള സ്‌പോണ്‍സര്‍മാരെ പലരീതിയിലും ആദരിച്ചു. എന്നാല്‍പോലും ചെയ്തത് മതിയോ എന്ന ഒരു ചെറിയ സംശയം അവശേഷിക്കുന്നു. ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം, സ്‌പോണ്‍സര്‍മാരോടു നേരത്തെ തന്നെ ഇത്രാം ദിവസം ഇത്ര മണിക്ക് നിങ്ങള്‍ക്കുള്ള ആദരവുണ്ടാകും എന്ന് ആദ്യമേ പറയുക. ആള്‍ക്കൂട്ടമല്ലേ, ഓരോരുത്തരെയും ആ സമയം സ്‌റ്റേജില്‍ വരെ എത്തിക്കാന്‍ ഓരോരുത്തരെ ഏര്‍പ്പെടുത്തണം. സ്‌പോണ്‍സര്‍മാര്‍ക്കു വേണ്ട പരിഗണന പ്രത്യേകമായി നല്‍കുക എന്നത് ഒരു മാനദണ്ഡം ആയി തന്നെ എടുക്കുക.
 
അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വന്ന എല്ലാവരെയും കൂട്ടി ഒരു ബിസിനസ് മീറ്റിംഗ് കോണ്‍ഫറന്‍സിന് അവസാനദിവസം ക്രമീകരിക്കുക എന്നതാണ്. പറയാന്‍ കാരണം, ലാസ് വേഗസില്‍ നിന്നും പത്‌നി സമേതനായി എത്തിയ ജോണ്‍ ജോര്‍ജ്, ഒക്ലഹോമയില്‍ നിന്നുമെത്തിയ ഷാജി ജോര്‍ജ് തുടങ്ങി ഒട്ടേറെ യാതൊരു പരിഗണനയും ഇല്ലാതെ തിരികെ പോകേണ്ടി വന്നു എന്നത് മനസ്സിലാക്കിയാണ്.
 
കോണ്‍ഫറന്‍സിന് എത്തിയവരെ നിയന്ത്രിക്കാനായി ഒരു കമ്മിറ്റി പോലും ഇല്ലാതിരുന്നത് നന്നായില്ല. ഇത്തരത്തിലുള്ള കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമ്പോള്‍ ഒരു സെക്യൂരിറ്റി വാച്ച് ഉള്ളത് എപ്പോഴും നല്ലതാണ്. സ്‌റ്റേജ് സെറ്റിംഗ്‌സും വീഡിയോ വാള്‍ ക്രമീകരണങ്ങളും രണ്ടു വശങ്ങളിലുമുള്ള പ്രൊജക്ടറുമൊക്കെ ഗംഭീരമായി. സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നുള്ള ബിനോയിയും സംഘവുമാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ലാഭേച്ഛ കൂടാതെ തികച്ചും മുതല്‍മുടക്കു മാത്രം കൈപ്പറ്റിയാണ് ബിനോയി ദൗത്യം പൂര്‍ത്തിയാക്കിയത്.
സൗണ്ട് എന്‍ജിനിയര്‍ ബിനോയിയുടെ ഭാര്യ ജൂലിയും സുധീറിന്റെ ഭാര്യ നീനയും ചേര്‍ന്നാണ് നൃത്ത പരിപാടികള്‍ ഏകോപിപ്പിച്ചത്.
 
ഓരോ ദിവസമുള്ള വാര്‍ത്തകള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കുന്നതില്‍  ഋമലയാളി ടീം വഹിച്ച പങ്ക് ശ്രദ്ധിക്കപ്പെട്ടു. പ്രളയദുരന്ത സഹായഹസ്തം നീട്ടിയ ഏഞ്ചല ഗൊരാഫിക്കും വിശാഖ് ചെറിയാനും പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നല്‍കിയത് ഏറ്റവും ഉചിതമായ നടപടിയായി.
 
ഏറ്റവും മികച്ച അസോസിയേഷന്‍ ആയ മങ്ക മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ ശ്രേണിയിലുള്ള മറ്റ് അവാര്‍ഡ് ജേതാക്കളെല്ലാം അഭിമാനപുരസരം തങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങി.
 
വ്യാജന്മരുടെ പിന്നാലെ പോകാതെ ക്യാന്‍സര്‍ രോഗത്തിനു വിദഗ്ധ ചികിത്സ നേടണമെന്നുള്ള അവാര്‍ഡ് ജേതാവ് ഡോ. സാറാ ഈശോയുടെ ആഹ്വാനത്തെ നാട്ടില്‍ നിന്നു വന്ന അതിഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞ കരഘോഷത്തോടെയാണ് എതിരേറ്റത്.
 
മുന്‍ പ്രസിഡന്റുമാര്‍ കൈമാറിയ ദീപശിഖ മധു കൊട്ടാരക്കരയില്‍ നിന്നുമേറ്റു വാങ്ങി നിയുക്ത പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് ഏവരെയും അടുത്ത കോണ്‍ഫറന്‍സിനായി ഹൂസ്റ്റണിലേക്കു ക്ഷണിച്ചു.കോണ്‍ഫറന്‍സിനു മുഖ്യവേദിയായി മാറിയ ഈ ഹോട്ടല്‍ അത്ര കേമമൊന്നുമല്ലെങ്കിലും നമ്മുടെ പരിപാടികള്‍ക്ക് ഇത് ധാരാളമായിരുന്നു. പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ വീട്ടില്‍ നിന്നു കൊണ്ടു വന്ന് സ്‌റ്റേജില്‍ ക്രമീകരിച്ച സോഫയും മറ്റും കോണ്‍ഫറന്‍സിന്റെ മുഖമുദ്ര തന്നെ മാറ്റി.
 
സത്യമായി പറയട്ടെ, ഏറ്റവും വേദനാജനകമായ ഒരു സംഭവം എന്നത്, കോണ്‍ഫറന്‍സില്‍ ഈടുറ്റ പ്രസംഗങ്ങളുമായി തിളങ്ങിയ മന്ത്രി കെ.ടി. ജലീല്‍ നാട്ടിലെത്തിയ സമയം മുതല്‍ പ്രതിപക്ഷത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നു എന്നത് മാത്രമാണ്. മന്ത്രി പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞതനുസരിച്ച് എല്ലാം ക്രമപ്രകാരം തന്നെ. പക്ഷേ, സത്യമെന്താണെന്ന് ആര്‍ക്കറിയാം? എല്ലാം കാലം തെളിയിക്കട്ടെ.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.