ഡാലസ് : ലാന (ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ 11-ാമതു
ദേശീയ സമ്മേളനത്തിന് ഡാലസില്‍ തുടക്കമായി. ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള
ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്
ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ മലയാളഭാഷ പ്രവാസി മലയാളികളിലൂടെ
എങ്ങനെ ശക്തമാകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളം എന്ന ഭാഷ വികാസം പ്രാപിച്ചതും വളര്‍ന്നതും വൈദേശികമായ
ആധിപത്യത്തിലൂടെയാണ്. ഡച്ച്, ഫ്രഞ്ച്, ചൈന, അറബികള്‍, പോര്‍ച്ചുഗല്‍,
ഇംഗ്ലീഷുകാര്‍ എന്നിവരുടെ വരവോടെ ഈ ഭാഷയ്ക്ക് ഒരു പൊതുവായ രൂപം നല്കി.
പ്രാദേശികമായ ഭാഷകളെ മലയാളത്തിന്റെ ഭാഷ എന്ന നിലയിലേക്ക് ഉയര്‍ത്തിയത് ഈ
വിദേശിയരാണ്. അതു മലയാളഭാഷയ്ക്ക് നല്ല കരുത്തു നല്കി. ഒപ്പം ഗദ്യഭാഷയില്‍
ഒതുങ്ങിനിന്നിരുന്ന മലയാളത്തെ സംസാരഭാഷയില്‍ നിന്നും ഗദ്യസാഹിത്യത്തിലേക്ക്
പറിച്ചു നടാനും കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇതു
സംഭവിക്കുന്നത്. അതു മലയാളഭാഷയില്‍ സാഹിത്യത്തിന് നല്കിയ ഊന്നല്‍ എടുത്തു
പറയേണ്ടതാണ്. തുടര്‍ന്ന്, രാജകാലത്തിന്റെ മധ്യത്തില്‍ രാജസ്തുതിയില്‍
നിന്നും ഈശ്വരസ്തുതിയില്‍ നിന്നും വ്യത്യസ്തമായി ഒരു ജീവല്ഗന്ധി ഭാഷ
ഉണ്ടായി. അതു സാഹിത്യത്തെ ഉത്തേജിപ്പിച്ചു എന്നു പറയാം. ഇനി ഇതിനൊരു ഏകത്വം
സംഭവിക്കുന്നത്, പത്തൊമ്പതാം നൂറ്റാണ്ടില്‍ വിദേശ മിഷണറിമാര്‍ നടത്തിയ
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. വിദേശസാന്നിധ്യം മൂലം വിദ്യാഭ്യാസം
വര്‍ദ്ധിച്ചു. അതോടെയാണ് മലയാളം വളര്‍ന്നത്. ഗദ്യസാഹിത്യത്തിനു വേണ്ടിയുള്ള
പശ്ചാത്തലം ഇങ്ങനെയുണ്ടായതാണ്. ബഷീര്‍ ഉള്‍പ്പെടെയുള്ള കഥാകാരന്മാര്
കേരളത്തിനു പുറത്തു ചെലവഴിച്ചതിന്റെ അനുഭവം സാഹിത്യത്തിനു പശ്ചാത്തലമായി.
അവര്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍, വ്യത്യസ്ത സംസ്ക്കാരങ്ങള്‍ എന്നിവയൊക്കെ
സാഹിത്യത്തിലൂടെ സംഗമിച്ചപ്പോള്‍ മലയാളം വളര്‍ന്നു. ഇന്നു കാണുന്ന ഭാഷയുടെ
ഈ രൂപമാറ്റം പോലും യഥാര്‍ത്ഥത്തില്‍ സാഹിത്യത്തില്‍ നിന്നും
വിദ്യാഭ്യാസത്തില്‍ നിന്നും സംഭവിച്ചതാണ്.
മുപ്പതുകളിലും നാല്‍പ്പതുകളിലും ഡല്‍ഹിയിലേക്കും ബോംബെയിലേക്കും
കൊല്‍ക്കത്തയിലേക്കും ഒക്കെ കേരളീയര്‍ക്കിടയില്‍ നിന്നും വലിയ
കുടിയേറ്റമുണ്ടായി. അവര്‍ അവിടെ പോയി തിരിച്ചു വന്നത് മലയാളഭാഷയ്ക്ക് പുതിയ
രൂപവും ഭാവവും നല്കി. കേരളത്തിന്റെ പ്രാദേശിക സാഹചര്യങ്ങളില്‍ നിന്നും
വ്യത്യസ്തമായി അവര്‍ അനുഭവിച്ച വ്യത്യസ്ത സംസ്ക്കാരങ്ങളില് നിന്നുമാണ്
ഇന്നത്തെ ഭാഷ സൃഷ്ടിക്കപ്പെട്ടത്. ഇത്തരത്തില്‍ വിദേശമലയാളികള്‍ക്കു
മാത്രമേ പുതിയ ഭാഷയെ കേരളത്തില്‍ വികസിപ്പിക്കാന്‍ കഴിയൂ. മലയാളത്തിന്റെ
വളര്‍ച്ചയ്ക്ക് ഈ സാഹിത്യമാണ് ഗുണം ചെയ്യുന്നത്. അമേരിക്കന്‍
ജീവിതത്തെക്കുറിച്ചാണ് അമേരിക്കന്‍ മലയാളികള്‍ എഴുതേണ്ടത്. കേരളത്തിലുള്ള
മലയാളികള്‍ സ്വപ്നം കാണുന്നത് ഇതാണ്. അത്തരത്തിലുള്ള
അനുഭവപശ്ചാത്തലത്തില് നിന്നും എഴുതുമ്പോഴാണ് ഭാഷയ്ക്ക് കൂടുതല്‍ കരുത്തു
സംഭവിക്കുന്നതെന്നും ജേക്കബ് പുന്നൂസ് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
സാഹിത്യകാരന്മാരും പോലീസ് മേഖലയുമായുള്ള ബന്ധത്തെക്കുറിച്ച് വളരെ
രസകരമായും വസ്തുനിഷ്ഠമായും അദ്ദേഹം സംസാരിച്ചു.
ലാന സെക്രട്ടറി ജോസന്ജോര്ജ് സ്വഗതമരുളിയ സമ്മേളത്തില്‍, ലാന പ്രസിഡന്റ്
ജോണ്‍ മാത്യു, ലാന ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ജോസ് ഓച്ചാലില്‍, ലാന
കണ്വെന്ഷന് ചെയര്മാന് എബ്രഹാം തെക്കേമുറി, എം. എസ്. ടി. നമ്പൂതിരി,
ഷാജന് ആനിത്തോട്ടം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ
നിയുക്ത പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട് തുടങ്ങിയവര്‍ യോഗത്തില്‍
സംസാരിച്ചു. ഉല്‍ഘാടന സമ്മേളത്തിന് മീനു എലിസബത്ത് എംസി ആയിരുന്നു.
ഉല്‍ഘാടന സമ്മേളനത്തിന് ശേഷം നോവല്‍ സാഹിത്യത്തെക്കുറിച്ച് ചര്‍ച്ച നടന്നു.
ഡോ. എ.പി സുകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു. പാനല്‍ മെമ്പര്‍മാരായ
ഡോ.എന്‍.പി. ഷീല, എബ്രഹാം തെക്കേമുറി, തമ്പി ആന്റണി, പ്രവീണ്‍ തുടങ്ങിയവര്‍
ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
Comments