ജോയിച്ചന്‍ പുതുക്കുളം
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും ഡോ. ആനി പോള്‍ വിജയിച്ചു. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ല്‍ ആനി പോള്‍ വിജയം ആവര്‍ത്തിച്ചു. തൊട്ടടുത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അജിന്‍ ആന്റണിയെയാണ് പരാജയപ്പെടുത്തിയത്.
ആനിക്ക് 65.06 ശതമാനം വോട്ട് കിട്ടിയപ്പോള്‍ അജിന്‍ ആന്റണിക്കു 34.84 ശതമാനം വോട്ടു മാത്രമാണ് നേടാനായത്.
ന്യൂ സിറ്റിയിലെ ലാ ടെറാസ്സാ റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, കുടുംബാംഗങ്ങളും പങ്കെടുത്തു. തന്‍റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഡോ. ആനി പോള്‍ നന്ദി അറിയിച്ചു സംസാരിച്ചു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോള്‍ മൂന്നാം പ്രാവശ്യവും റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേച്ചറിലെ മജോറിറ്റി ലീഡറായി തുടരുന്നു. ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഡമോക്രാറ്റിക് കോക്കസ് മൂന്നാം പ്രാവശ്യവും ഈ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്.
റോക്ക് ലാന്‍ഡ് കൗണ്ടിലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലും ഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസംഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആനി പോളാണ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത്.
സ്‌റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യന്‍ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ അത് ഒപ്പിട്ടു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരവുമായി.
മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) എന്ന സ്‌പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമാണ്.
ഇ സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇസിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ലോക്കല്‍ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളാണ് പ്രവര്‍ത്തിച്ചത്.
പുക വലിക്കുന്നവരുടെ മിനിമം പ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതോടൊപ്പം തന്നെ ന്യൂ യോര്‍ക്ക് സംസ്ഥാനം അത് നിയമമായി പ്രഖ്യാപിക്കുകയും ചെയ്തു.
മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിംഗ് ആന്‍ഡ് പബ്ലിക് വര്‍ക്ക്‌സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
നഴ്‌സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.
Comments