ജോസഫ് ഇടിക്കുള.
ന്യൂ യോർക്ക് : പിന്നണിയിൽ മാത്രം ഒതുങ്ങിക്കൂടിയ സംഗീതോപകരണത്തെ തൻറ്റെ വിരൽസ്പർശത്തിൻറ്റെ മാസ്മരികതയിലൂടെ അരങ്ങത്തേക്ക് കൊണ്ടുവന്ന് സംഗീത വിപ്ലവം തീർത്ത അതുല്യ പ്രതിഭയാണ് സ്റ്റീഫൻ ദേവസ്സി. ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്കലിൽ നിന്നും 92.2 ശതമാനം മാർക്ക് വാങ്ങി റെക്കോർഡ് സ്വന്തമാക്കിയ, കീബോർഡിലും പിയാനോയിലും കീറ്റാറിലുമെല്ലാം വിപ്ളവം സൃഷ്ടിച്ച് ആരാധകരെ വിസ്മയിപ്പിക്കുന്ന സ്റ്റീഫന്റെ സംഗീതം ഭൂഖണ്ഡങ്ങൾ കീഴടക്കി ഒഴുകുകയാണ്.
സോജി മീഡിയയും, ഇന്‍ഡോ അമേരിക്കന്‍ എന്റെര്റ്റൈന്മെന്റും, നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റി ഓഫ് മാര്‍ത്തോമാ ചര്‍ച്ചും ചേര്‍ന്ന് അവതരിപ്പിച്ച സ്റ്റീഫന്‍ ദേവസ്സി സോളിഡ് ബാന്‍ഡ് മ്യൂസിക്കല്‍ നൈറ്റ് നവംബര്‍ 2 ന് ന്യൂ യോര്‍ക്കില്‍ അരങ്ങേറി.മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന ശേഖരണാര്‍ത്ഥം അറ്റ്ലാൻറ്റയിലും, ന്യൂ ജേഴ്സിയിലും, ഫിലദെൽഫിയായിലും, ഡാളസ്സിലും, ന്യൂയോർക്കിലും നടത്തപ്പട്ട സംഗീത വിരുന്നു കലാപ്രേമികൾക്കു അവിസ്മരിക്കാനാവാത്ത അനുഭവമായി .
ന്യൂ യോർക്കിൽ നടന്ന ചടങ്ങിൽ ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സ് മുഖ്യ അതിഥിയായിരുന്നു.ഷോയുടെ ഗ്രാൻഡ് സ്പോൺസർ നോർത്ത് സ്റ്റാർ ഹോംസ്സ് വൈസ്സ്-പ്രസിഡൻറ്റ് ബിൻഡിയ ജോൺസനും കെൽട്രോൺ ടാക്സ് കോർപറേഷൻ ഫൗണ്ടറും സി ഇ ഒ കൂടാതെ പ്രശസ്ത ചലചിത്ര സംവിധായകനും നടനും കൂടിയായ ടോം ജോർജ് കോലേത്തും മാസ്മരിക സംഗീത പ്രതിഭയ്ക്ക് വിളംബര പ്രഖ്യാപന സന്ദേശം കൈമാറി. സുനിൽ ഹെയിൽ, ഫ്രീഡിയ എന്റർടൈൻമെന്റ് എം ഡി ഡോക്ടർ ഫ്രീമു വർഗീസ്, ഡോക്ടർ അനിൽ പൗലോസ് സജി ഹെഡ്ജ്, പാസ്റ്റർ ബാബു പി തോമസ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് താരാ സാജൻ, റെവ: മാത്യു വർഗീസ്, ഗോപിനാഥക്കുറുപ്പ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു, അമേരിക്കൻ സാക്സഫോൺ കലാകാരൻ ജോർജ് ബ്രൂക്സിനൊപ്പം സ്റ്റീഫൻ ഒരു മാസ്മരിക പ്രകടനമാണ് കാഴ്ച വെച്ചത്, ജാസ് എന്ന സംഗീതോപകരണത്തെ ഇന്ത്യൻ ശാസ്ത്രീയ സംഗീതവുമായി സംയോജിപ്പിച്ച കലാകാരനാണ് ജോർജ് ബ്രൂക്സ്.
കേരളപ്പിറവിദിനത്തിൽ മലയാളികൾക്ക് മുന്നിലേക്ക് ഒരു സംഗീത ആല്‍ബവുമായി സ്റ്റീഫൻ എത്തിയിരുന്നു. 'ഉറപ്പാണേ' എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. ന്യൂ യോർക്കിൽ ദിലീപ് വർഗീസ് അനിയൻ ജോർജ്, ടോം കോലെത്തു, സോജി ചാക്കോ, ഡാനിയേൽ വർഗീസ് തുടങ്ങി അനേകം അതിഥികൾ പങ്കെടുത്ത ചടങ്ങിൽ എം ജി ശ്രീകുമാറാണ് ആൽബത്തിന്റെ റിലീസ് ചെയ്തത്. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. അജീഷ് ദാസൻ എഴുതിയ വരികൾക്ക്, സ്റ്റീഫന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമുള്ള സമ്മാനമാണ് "ഉറപ്പാണേ" എന്ന് സ്റ്റീഫൻ പറയുന്നു.
സംഗീതത്തിൻറ്റെ മാസ്മരിക ലോകത്തിലേയ്ക്ക് തന്നെ കൈപിടിച്ചുയർത്തിയ കേരളക്കരയോടും തന്നെ എക്കാലവും സ്നേഹിക്കുകയും തന്റെ വളർച്ചയിൽ സന്തോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള അമേരിക്കൻ മലയാളികളോട് താൻ എക്കാലവും കടപ്പെട്ടിരിക്കുമെന്നും സ്റ്റീഫൻ പറഞ്ഞു.
Comments