(രവിശങ്കർ, ഫോമാ ന്യൂസ് ടീം)
ഡാളസ്: ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018 ലെ കേരളത്തിലെ മഹാപ്രളയം. പ്രകൃതിയുടെ വികൃതിക്ക് മുമ്പിൽ നിസ്സഹായനായി നിൽക്കുന്ന മനുഷ്യൻ. ജാതി, മത, രാഷ്ട്രിയ, വർണ്ണ, വർഗ്ഗ വിവേചനങ്ങൾക്കതീതമായി മനുഷ്യൻ ഒരുമിച്ച് ഒറ്റക്കെട്ടായി ഈ ദുരന്തത്തിൽ നിന്നും കരകയറി. കേരളക്കരയിലെ മാനവ മൈത്രിയുടെയും കൂട്ടായ്മയുടെയും മുമ്പിൽ ലോകമെമ്പാടുമുള്ള സംഘടനകളും വ്യക്തികളും സഹായങ്ങളുമായി ഓടിയെത്തി. അങ്ങനെ കേരളം ഈ മഹാപ്രളയത്തിൽ നിന്നും കരകയറി. ഈ പ്രളയ കാലഘട്ടത്തിൽ, കേരളത്തിൽ ഉണ്ടായിരുന്ന പ്രവാസിയായ എനിക്ക് ഈ ദുരിതങ്ങളുടെ കഠിന്യവും ആഴവും നേരിട്ട് കാണുന്നതിന് സാധിച്ചു. ഫോമായുടെ നേതൃത്വത്തിൽ, വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയും സഹകരണത്തോടെയും കേരളത്തിൽ ഉടനീളം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും, വസ്ത്രവും, മരുന്നുകളും മറ്റ് ആവശ്യമായ എല്ലാ സാമഗ്രികളും എത്തിച്ചു കൊടുക്കുന്നതിൽ പങ്കാളിയാകുവാൻ കഴിഞ്ഞു. വിവിധ ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തകരോടൊപ്പം യാത്ര ചെയ്യുവാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും സാധിച്ചു എന്നത് ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു.
പ്രളയക്കെടുതിയുടെ അനന്തര ഘട്ടങ്ങളിൽ നിന്നും കരകയറാൻ നന്മുടെ സഹോദരങ്ങൾ ഏറെ ബുദ്ധിമുട്ടി. സ്കൂൾ കുട്ടികൾക്ക് പാഠ പുസ്തകങ്ങളും, വസ്ത്രങ്ങളും വാങ്ങി നൽകി അവരെ സ്കൂളുകളിൽ മടക്കി എത്തിച്ചു. പ്രളയത്തെ തുടർന്നുണ്ടായ പകർച്ച വ്യാധികളെക്കുറിച്ച് വിവിധ പഞ്ചായത്തുകളിൽ ബോധവൽക്കരണം സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി. വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ പണിതു നൽകി. ഭാഗികമായി കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് അറ്റകുറ്റപണികൾ നടത്തി പാർപ്പിട യോഗ്യമാക്കി.
ഈ വിനീതനായ എന്നിൽ വിശ്വാസം അർപ്പിച്ച് എന്നെ വിവിധ സംഘടനകളും വ്യക്തികളും ഏൽപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ അതിനു വേണ്ടിയുള്ള ഫണ്ടുകൾ എല്ലാം നൂറു ശതമാനം മനസ്സാക്ഷിയോടെ നിർവ്വഹിച്ചു എന്നതിൽ സന്തോഷമുണ്ട്. എന്നിൽ പരിപ്പൂർണ്ണ വിശ്വാസം അർപ്പിച്ച വ്യക്തികൾ, സംഘടനകൾ ഏവരോടും മനസ്സു നിറഞ്ഞ നന്ദി. കേരളത്തിലുള്ള ക്യാമ്പ് കോ-ഓർഡിനേറ്റേഴ്സ്, വോളന്റിയേഴ്സ്, നല്ലവരായ നാട്ടുകാർ, ഇവരോടൊപ്പം ഒരു മെയ്യായ് കൈകോർത്ത് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷിക്കുന്നു. ഇവരോടുള്ള നന്ദിയും സ്നേഹവും നിസ്സീമമാണ്. ഇനിയൊരു ദുരന്തം നമ്മെ വേട്ടയാടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ഒപ്പം പ്രകൃതിയോട് മത്സരിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യാം.
Comments