——————————-
മിസ്സിസ്സാഗ: ഭൂമിദേവിക്ക് ഒരു സ്നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് അവതരിപ്പിച്ച നൃത്തശില്പം അവനി ആസ്വാദകർക്ക് നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി !
മിസ്സിസ്സാഗായിലുള്ള മെഡോവയിൽ തീയേറ്ററിലെ നിറഞ്ഞ സദസ്സിൽ ശബ്ദ -വെളിച്ച സാങ്കേതിക മികവിൽ 16—ഓളം കലാകാരികൾ ആസ്വദിച്ചു നൃത്തമാടിയപ്പോൾ ആസ്വാദക മനസ്സിൽ അതൊരു അവിസ്മരണീയാനുഭവമായി.
ഇൻഡോ -കനേഡിയൻ കൾച്ചറൽ ഇനീഷ്യേറ്റീവ് വിമൻ ഹീറോ, വാട്ടർ ഫ്രണ്ട് അവാർഡ് തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ ഗായത്രി ദേവി വിജയകുമാറായിരുന്നു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ നൃത്താവിഷ്കാരത്തിന്റെ ശില്പി .
ആശയാവിഷ്ക്കാരവും കോറിയോഗ്രഫിയും നിർവ്വഹിച്ചത് ഈ വർഷത്തെ സംസ്ഥാന സംഗീത-നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ നർത്തകിയും കോറിയോഗ്രാഫറുമായ അശ്വതി വി നായരാണ് .
പ്രമുഖരായ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി , എൻ.കെ മധുസൂദനൻ ചിട്ടപ്പെടുത്തിയിരിക്കുന്ന 'അവനി' യിലെ സംഗീതം പൂർണ്ണമായും പ്രീ-റെക്കോർഡ് ചെയ്തത് ഇന്ത്യയിലായിരുന്നു .
നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ- സാർണിയ, ലണ്ടൻ, സ്‌കാർബൊറോ, മിസ്സിസ്സാഗ, ബ്രാംപ്ടൻ , കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമാണ് ഇതിൽ പങ്കെടുത്തത് .
ഗായത്രിദേവിയുടെ പുത്രിയും നൃത്ത രംഗത്തു ഇതിനോടകം കഴിവ് തെളിയിച്ചു നിരവധി "എമേർജിങ് ആർട്ടിസ്റ്റ് " പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഉത്തരമേനോനായിരുന്നു ഭൂമിദേവിയായി സ്റ്റേജ് നിറഞ്ഞാടിയത് .
സി.ഐ.ബി.സി. മൊബൈൽ മോർട്ഗേജ് അഡ്വൈസർ അനിൽ കരിപ്പൂർ, ശുഭ (യോഗി ആൻഡ് പാർട്ട്ണെസ്) , വിബിൻ വിൻസെന്റ് (റിയൽ എസ്റ്റേറ്റ് ) , ചൈതന്യ ഹെൽത്ത് സർവീസസ് എന്നിവരായിരുന്നു 'അവനി' യുടെ പ്രധാന സ്‌പോൺസർമാർ.
എസ് .ജി എക്സ്പ്രെഷൻസ് മാനേജിങ് ഡയറക്ടറും നൃത്ത -സംഗീത അദ്ധ്യാപികയുമായ സുജാത ഗണേഷായിരുന്നു പരിപാടിയുടെ പ്രധാന അവതാരക.
നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടന്ന "നുപൂരോത്സവ"ത്തിന്റെ ഭാഗമായാണ് "അവനി " അവതരിപ്പിച്ചത്. ഈ കലാ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കാനഡയിലെ കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ എത്തിയിരുന്നു.
പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണത്തോടെ നൂപൂരോത്സവം സമംഗളം പര്യവസാനിച്ചു .
Comments