You are Here : Home / USA News

ട്രംപിന്റെ സ്വന്തം റിയാലിറ്റി ഷോ അഥവാ പൊറാട്ടുനാടകം

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, November 14, 2019 02:19 hrs UTC

റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ആതിഥേയനായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആ ഷോകളിലെല്ലാം അജണ്ട നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണ ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഒരു റിയാലിറ്റി ഷോയാണ്.
 
ഈ ഷോയില്‍ ട്രംപിനെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുകയാണ്. ആദ്യമൊക്കെ മടിച്ചു നിന്നതിനുശേഷം സജീവമായി മുന്നോട്ട് പോകുന്ന ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ഹൗസ് ഇന്റലിജെന്‍സ് കമ്മിറ്റി ചെയര്‍, കലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ആഡം ബിഷിഫും ഷോ നിയന്ത്രിക്കുന്നു. ഹൗസ് വേയ്‌സ് ആന്‍ഡ് മീന്‍സ് കമ്മിറ്റി റൂമില്‍ നടന്ന ആദ്യ ദിവസ വിചാരണയില്‍ ഉക്രെയിന്‍ ഉന്നത സ്ഥാനപതി വില്യം ബി. ടെയ്‌ലറും മൊഴി നല്‍കി.
 
ജൂലൈയില്‍ പ്രസിഡന്റ് ട്രംപ് ഉക്രെയിന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരെ അന്വേഷണം നടത്തി വിവരം കൈമാറിയാല്‍ മാത്രമേ അമേരിക്ക സാമ്പത്തിക സഹായം നല്‍കുകയുള്ളൂ എന്ന് പറഞ്ഞതായാണ് ആരോപണം. അമേരിക്കയുടെ വൈസ് പ്രസിഡന്റായി ബൈഡന്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് മകന് ഒരു ഉക്രെയിന്‍ കമ്പനിയില്‍ ഉന്നത പദവി ലഭിച്ചത്. കണക്ടിക്കട്ടില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജിം ഹൈംസ് പറഞ്ഞത് ട്രംപ്, ഉക്രെയിനിലെ അഴിമതിയും ബൈഡനും 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുവാനാണ് ശ്രമിച്ചതെന്നാണ്.
 
മൂന്ന് തവണ രാജ്യം ഇതിന് മുന്‍പ് ഒരു ഇംപീച്ച്‌മെന്റിന്റെ നിഴലില്‍ ആയിരുന്നിട്ടുണ്ട്. എന്നാല്‍ ഇതാദ്യമാണ് സമൂഹമാധ്യമങ്ങളുടെയും പ്രസിഡന്റ് ഉള്‍പ്പടെ പലരുടെയും കമന്ററിയുടെയും പശ്ചാത്തലം ഉണ്ടാകുന്നത്. ടോട്ടല്‍ ഇംപീച്ച്‌മെന്റ് സ്‌കാം എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
 
വാട്ടര്‍ഗേറ്റ് വിചാരണയില്‍ കാന്‍സര്‍ ഓണ്‍ ദ പ്രസിഡന്‍സി എന്ന് ചിലര്‍ വിശേഷിപ്പിച്ചിരുന്നു. ഇത്തവണ അത് ഉണ്ടാവുന്നില്ല. ട്രംപിന്റെ ഇതൊരു വിച്ച് ഹണ്ടാണ് എന്ന പ്രതികരണം റിച്ചാര്‍ഡ് നിക്‌സനില്‍ നിന്നുണ്ടായതിന് തുല്യമാണ്. റിപ്പബ്ലിക്കനുകളുടെ വാദം പ്രസിഡന്റിന്റെ ആദ്യ നാള്‍ മുതല്‍ ട്രംപിനെ സ്ഥാനഭഷ്ടനാക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ്.
 
ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ അഭിനന്ദനം അറിയിച്ചിരുന്നു. മുന്‍ യുഎസ് റിയാലിറ്റി ടിവി ഹോസ്റ്റും ഉക്രെയിനി യന്‍ കൊമേഡിയനും സുഹൃത്തുക്കളായി മാറി. എന്നാല്‍ ജൂലൈയിലെ ട്രംപിന്റെ ഫോണ്‍ കോള്‍ സംഗതികള്‍ വഷളാക്കി. അജ്ഞാതനായ ഒരു വിസില്‍ ബ്ലോവര്‍ തനിക്ക് ധാരാളം യുഎസ് ഗവണ്‍മെന്റ് അധികാരികളില്‍ നിന്ന് പ്രസിഡന്റ് തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതായും ഒരു വിദേശ രാജ്യത്തോട് 2020ലെ ഇലക്ഷനില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതറിയിച്ച് ഇയാള്‍ ഹൗസിന്റെയും സെനറ്റിന്റെയും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്ക് കത്തയച്ചു. ഡമോക്രാറ്റുകള്‍ ഈ കത്ത് കൈക്കലാക്കി. ഇംപീച്ച്‌മെന്റിന് വഴി ഒരുങ്ങി.
 
വൈറ്റ് ഹൈസ് അധികൃതര്‍ അഹോരാത്രം പ്രതിരോധ തന്ത്രങ്ങള്‍ മെനയുന്നതില്‍ വ്യാപൃതരായി. എന്നാല്‍ ഇവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കിടമത്സരങ്ങളും കൊഴിഞ്ഞുപോക്കും നിര്‍ബാധം തുടര്‍ന്നു. ടെയ്‌ലറും ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ റൂഡി ജൂലിയാനിയും തമ്മിലുള്ള പോരാട്ടം മറനീക്കി രംഗത്തുവന്നു. ജൂലിയാനിയാണ് ഭരണകൂടത്തിന്റെ വിദേശ നയങ്ങള്‍ തീരുമാനിക്കു് എന്ന് ആരോപണം ഉണ്ടായി.
 
സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ കെന്റ് പറഞ്ഞത് ട്രംപ് ഉക്രെയിനോട് മൂന്ന് കാര്യങ്ങള്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ്. അവ അന്വേഷണം, ബൈഡന്‍, (ഹിലരി) ക്ലിന്റണ്‍ എന്നിവയാണ്.
 
ഇംപീച്ച്‌മെന്റ് വിചാരണ തുടരും. ഈ മാസാവസാനം താങ്ക്‌സ് ഗിവിങ്ങിനടുത്ത് വിചാരണ ഹൗസ് ജൂഡീഷ്യറി കമ്മിറ്റിയിലേയ്ക്ക് നീങ്ങും. ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് പരിഗണിക്കാനാണ് ഇത്. ക്രിസ്മസോടെ ഹൗസ് ഇംപീച്ച്‌മെന്റ് പ്രമേയം വോട്ടിനിടനാണ് സാധ്യത. മിക്കവാറും പ്രമേയം പാസാകും. അതിനുശേഷം സെനറ്റിലെ വിചാരണ ആരംഭിക്കും. ഇത് അടുത്ത വര്‍ഷാരംഭത്തോടെ ആയിരിക്കും. സെനറ്റില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.