ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്‌നാനായ നൈറ്റ് നവംബര്‍ 23-നു ശനിയാഴ്ച ചിക്കാഗോയിലെ താഫ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജഡ്ജ് ജൂലി മാത്യു, പ്രമുഖ നടന്‍ പ്രേം പ്രകാശ്, കെ.സി.സി.എന്‍.എ പ്രസിഡന്റ് അനി മഠത്തിതാഴെ എന്നിവര്‍ ഇതോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ യോഗത്തില്‍ അധ്യക്ഷനായിരിക്കും.
നന്നേ ചെറുപ്പത്തില്‍ കേരളത്തില്‍ നിന്നും കുടിയേറി അമേരിക്കന്‍ മുഖ്യധാരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജഡ്ജി ജൂലി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട് ബെന്റ് കൗണ്ടിയിലെ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍- അമേരിക്കന്‍ വനിതയാണ് ജൂലി മാത്യു. മലയാള സിനിമയിലും ടിവിയിലും മികച്ച നടന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ പ്രേം പ്രകാശ് മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായ പത്തില്‍പ്പരം സിനിമകളുടെ നിര്‍മ്മാതാവുകൂടിയാണ്. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അനി മഠത്തില്‍താഴെ ആശംസകള്‍ അര്‍പ്പിക്കും. കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കെ.സി.എസിന്റെ ലെയ്‌സണ്‍ ബോര്‍ഡിലേക്കും, ലെസ്ലേറ്റീവ് ബോര്‍ഡിലേക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സദസിനു പരിചയപ്പെടുത്തും.
കെ.സി.എസ് നടത്തിയ യുവജനോത്സവത്തിലെ കലാപ്രതിഭ, കലാതിലകം, റൈസിംഗ് സ്റ്റാര്‍ എന്നിവര്‍ക്കും, കെ.സി.എസ് ഒളിമ്പിക്‌സിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയവര്‍ക്കുമുള്ള ട്രോഫികളും സമ്മേളനത്തില്‍ വിതരണം ചെയ്യും.
2020-ല്‍ ലോസ്ആഞ്ചലസില്‍ വച്ചു നടത്തുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഷിക്കാഗോയിലെ കിക്ക്ഓഫ് സമ്മേളനത്തില്‍ വച്ചു നടത്തുന്നതാണ്. കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കില്‍, റീജണല്‍ വൈസ് പ്രസിഡന്റ് അലക്‌സ് പായിക്കാട് എന്നിവര്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫിനു നേതൃത്വം നല്‍കും.
ചിക്കാഗോയിലെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ഏകദേശം നാനൂറില്‍പ്പരം അംഗങ്ങള്‍ അവതരിപ്പിക്കുന്ന മൂന്നുമണിക്കൂര്‍ നോണ്‍സ്റ്റോപ്പ് കലാപരിപാടികള്‍ ഈവര്‍ഷത്തെ ക്‌നാനായ നൈറ്റിന്റെ പ്രത്യേകതയാണ്. വൈകിട്ട് ആറിനു കിഡ്‌സ് ക്ലബിലെ 150-ല്‍പ്പരം കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികളോടെ ക്‌നാനായ നൈറ്റിനു തിരശീല ഉയരും. പൊതുസമ്മേളനത്തിനുശേഷം മറ്റു പോഷക സംഘടനകളുടെ കലാപരിപാടികള്‍ അരങ്ങേറും. ലിന്‍സണ്‍ കൈതമലയില്‍ ചെയര്‍മാനായും, നിധിന്‍ പടിഞ്ഞാത്ത്, മിഷേല്‍ ഇടുക്കുതറ, ജോസ് ആനമല എന്നിവര്‍ അംഗങ്ങളായുമുള്ള എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അനിറ്റ് ലൂക്കോസ്, ജിനു നെടിയകാലാ, ജീനാ മറ്റത്തില്‍, സോനു പുത്തന്‍പുരയില്‍, സമയാ തേക്കുംകാട്ടില്‍, മഞ്ജു കൊല്ലപ്പള്ളില്‍ എന്നിവര്‍ കിഡ്‌സ് ക്ലബിന്റെ പരിപാടികള്‍ക്കും, അഭിലാഷ് നെല്ലാമറ്റം, ജിനു നെടിയകാലാ, ദീപ തേക്കുംകാട്ടില്‍ എന്നിവര്‍ കെ.സി.ജെ.എല്ലിന്റെ പരിപാടികള്‍ക്കും നേതൃത്വം നല്‍കും.
ആല്‍വിന്‍ പിണര്‍കയില്‍, സിയാല്‍ സൈമണ്‍ (കെ.സി.വൈ.എല്‍), ആല്‍ബിന്‍ പുലിക്കുന്നേല്‍, അനിറ്റാ പഴയമ്പള്ളി (യുവജനവേദി), ആന്‍സി കുപ്ലിക്കാട്ട്, ചാരി വണ്ടന്നൂര്‍, ബീനാ ഇണ്ടിക്കുഴി, ആന്‍ കരികുളം, ഡോളി ഇല്ലിക്കല്‍ (വിമന്‍സ് ഫോറം), മാത്യു പുളിക്കത്തൊട്ടി, മാത്യു വാക്കേല്‍ (സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവരോടൊപ്പം കെ.സി.എസിന്റെ നാല്‍പ്പത്തഞ്ചില്‍പ്പരം ബോര്‍ഡ് അംഗങ്ങളും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.
കെ.സി.എസ് ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, കെ.സി.ഡബ്ല്യു.എഫ്.എന്‍.എ നാഷണല്‍ പ്രസിഡന്റ് ബീന ഇണ്ടിക്കുഴി, കെ.സി.വൈ.എല്‍ പ്രസിഡന്റ് ആല്‍വിന്‍ പിണര്‍കയില്‍, യുവജനവേദി പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ആന്‍സി കുപ്ലിക്കാട്ട് എന്നിവരും സമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കും.
ചിക്കാഗോ സമൂഹത്തിന്റെ ഒത്തൊരുമയുടെ പ്രതീകമായ ഈ ക്‌നാനായ നൈറ്റില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ ഏവരേയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂത്തക്കരി എന്നിവര്‍ ക്ഷണിക്കുന്നു.
പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ വൈകുന്നേരം 5.30-നു താഫ്റ്റ് ഹൈസ്കൂളില്‍ എത്തണമെന്നു സംഘാടര്‍ താത്പര്യപ്പെടുന്നു. വിലാസം: William Howard Thaft High School, 6530 W Bryn Mawr Ave, Chicago, IL 60631
റോയി ചേലമലയില്‍ (സെക്രട്ടറി, കെ.സി.എസ്) അറിയിച്ചതാണിത്.
Comments