You are Here : Home / USA News

ഡി. വിനയചന്ദ്രന്‍ കവിതയും ജീവിതവും ഒന്നായി കണ്ട മനുഷ്യസ്‌നേഹി: ഡോ.എം.വി. പിള്ള

Text Size  

Story Dated: Monday, November 25, 2019 12:53 hrs UTC

കവി ഡി. വിനയചന്ദ്രന് സ്വന്തം ജീവിതവും കവി എന്ന നിലയിലുള്ള സര്‍ഗ്ഗ ജീവിതവും രണ്ടായിരുന്നില്ല എന്നു കവിയുടെ സഹപാഠിയും പ്രസിദ്ധ ഭിഷഗ്വരനും സാഹിത്യകാരനുമായ ഡോ. എം.വി പിള്ള. ഡാളസില്‍ നടന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) പതിനൊന്നാമത് സമ്മേളനത്തില്‍ ഡി. വിനയചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. എം.വി പിള്ള.

യൂണിവേഴ്‌സിറ്റി കോളജില്‍ ഒരേ ക്ലാസില്‍, ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച രണ്ടു പേരും കവിതാ രചനാ മത്സരത്തില്‍ പങ്കെടുക്കുകയും ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുകയും ചെയ്തത് അദ്ദേഹം അനുസ്മരിച്ചു. മലയാളത്തിലെ ആധുനിക കവിതയുടെ വക്താക്കളില്‍ ഒരാളായ ഡി. വിനയചന്ദ്രന്‍, കീഴടക്കപ്പെട്ട പ്രകൃതിക്കും മനുഷ്യനും വേണ്ടി നിരന്തരം പാടിക്കൊണ്ടേയിരുന്നു. തന്റേതായ ശൈലിയില്‍ കവിതകളെഴുതുകയും തന്റേതായ രീതിയില്‍ അരങ്ങുകളില്‍ ഉറക്കെ കവിത ചൊല്ലുകയും ചെയ്ത വിനയചന്ദ്രന് മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നില്ല. സ്വന്തം കാലത്തിന്റെ  ശബ്ദവും പ്രത്യാശയും ചിന്തയും പ്രതിക്ഷേധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. മലയാള സാഹിത്യ ചരിത്രത്തില്‍ ഡി. വിനയചന്ദ്രന്‍ ഒരു ഒറ്റപ്പെട്ട വ്യക്തിത്വമായി എന്നും നിലനില്‍ക്കുമെന്നു ഡോ. എം.വി പിള്ള പറഞ്ഞു.

തുടര്‍ന്ന് ഡി. വിനയചന്ദ്രന്റെ 'വീട്ടിലേക്കുള്ള വഴി' എന്ന കവിത ചൊല്ലിയ കെ.കെ. ജോണ്‍സണ്‍ കവിയുമായുണ്ടായിരുന്ന സൗഹൃദവും അദ്ദേഹത്തോടൊത്തുള്ള യാത്രകളുടേയും സൗഹൃദകൂട്ടായ്മകളുടേയും അനുഭവങ്ങള്‍ അനുസ്മരിച്ചു. ചെറുകഥാകൃത്ത് കെ.വി. പ്രവീണ്‍, ഹരിദാസ് സി.ടി എന്നിവരും വിനയചന്ദ്രന്റെ കവിതകള്‍ അവതരിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.