You are Here : Home / USA News

ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്റെ മൃതദേഹം പാക്കിസ്താനില്‍ സംസ്‌ക്കരിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, December 09, 2019 02:54 hrs UTC

ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ പാക്കിസ്താന്‍ വംശജനായ ഉസ്മാന്‍ ഖാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനില്‍ സംസ്‌ക്കരിച്ചു. ഉസ്മാന്‍ ഖാന്‍ പാക് വംശജനല്ല എന്ന പാക്കിസ്താന്റെ നിലപാടിന് തിരിച്ചടിയായി ഈ സംഭവം. എന്നാല്‍ ഉസ്മാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനിലേക്ക് കൊണ്ടുവന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്‌കൈ ന്യൂസിനോടാണ് ഈ വിവരം പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
യുകെയില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെയാണ് ഉസ്മാന്റെ മൃതദേഹം പാക്കിസ്താനിലെത്തിച്ചത്. 28 കാരനായ ഉസ്മാന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് പാസഞ്ചര്‍ വിമാനത്തില്‍ കയറ്റിയതായി യുകെ അധികൃതര്‍ അറിയിച്ചു.  മൃതദേഹം വെള്ളിയാഴ്ച പാക്കിസ്താന്‍ അധിനിവേശ കശ്മീരിലെ കജലാനി ഗ്രാമത്തില്‍ സംസ്‌കരിച്ചു.
 
സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ സ്ഥിതിചെയ്യുന്ന കേംബ്രിഡ്ജിലെ മാര്‍ക്ക്ജി ജാമിയ ഗൗസിയയില്‍ അടക്കം ചെയ്യുന്നതില്‍ പ്രാദേശിക മുസ്ലിം സമൂഹത്തില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡിലാണ്  ഉസ്മാന്റെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മെട്രോപൊളിറ്റന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഉസ്മാന്റെ കുടുംബം അവന്റെ തെറ്റിനെ അപലപിച്ചതായി സൂചിപ്പിച്ചിരുന്നു.
 
പാക് അധിനിവേശ കശ്മീരിലെ (പികെ) പൂര്‍വ്വിക ഗ്രാമത്തില്‍ ഉസ്മാന്റെ പിതാവിനും മറ്റ് അടുത്ത ബന്ധുക്കള്‍ക്കും മൃതദേഹം കൈമാറിയെന്ന് ഉസ്മാന്റെ ബന്ധു സ്‌കൈ ന്യൂസിനോട് പറഞ്ഞു. മൃതദേഹം രഹസ്യമായി മറവു ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഉസ്മാന്റെ മൃതദേഹം യുകെയില്‍ സംസ്‌കരിക്കാന്‍ കുടുംബം ആഗ്രഹിച്ചിരുന്നില്ല. എന്നിരുന്നാലും, മൃതദേഹം പാകിസ്ഥാനിലേക്ക് അയയ്ക്കുന്നതിന് മുമ്പ്, ബര്‍മിംഗ്ഹാമിലെ ഒരു പള്ളിയില്‍ സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.
 
പാക് വാര്‍ത്താ വിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ ഡിസംബര്‍ 1 ന് പാക്കിസ്താന്‍ ദിനപത്രമായ ഡോണ്‍ ന്യൂസിനെതിരെ ഉസ്മാന്‍ 'പാകിസ്ഥാന്‍ വംശജ'നാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം തന്നെ കോപാകുലരായ ഒരുകൂട്ടം ജനങ്ങള്‍ ഇസ്ലാമാബാദിലെ പത്രത്തിന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. ജനക്കൂട്ടം മണിക്കൂറുകളോളം ഓഫീസ് ഉപരോധിച്ചിരുന്നു. ഡിസംബര്‍ 6 ന് നൂറോളം പ്രതിഷേധക്കാര്‍ വീണ്ടും പത്ര കാര്യാലയം വളയുകയും പത്രത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.