കെസിആര്‍എം നോര്‍ത് അമേരിക്ക ഡിസംബര്‍ 11, 2019 (December 11, 2019) ബുധനാഴ്ച്ച നടത്തിയ ഇരുപത്തിരണ്ടാമത് ടെലികോണ്‍ഫെറന്‍സിന്റെ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോണ്‍ഫെറന്‍സ് ശ്രീ എ സി ജോര്‍ജ് കൊച്ചിയില്‍നിന്ന് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളില്‍നിന്നുമായി വളരെ അധികം ആള്ക്കാര് അതില്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ റവ ഡോ വല്സന് തമ്പു (Rev. Dr. ValsonThampu) ആയിരുന്നു. വിഷയം:"മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന് മതത്തിനുവേണ്ടിയോ" (Religion for man, or man for religion). ഡോ തമ്പു യാത്രയിലായിരുന്നതിനാല്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ടിലിരുന്നാണ് സംസാരിച്ചത്.
വിഷയസംബന്ധമായി അവതരിപ്പിക്കപ്പെട്ട പ്രധാന പോയിന്റുകള്ചുവടെ കൊടുക്കുന്നു.മാര്‍ക്കോസിന്റെ സുവിശേഷം 2: 28,“സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന് സാബത്തിനുവേണ്ടിയല്ല”. മതങ്ങളില്‍ വ്യതിയാനങ്ങള്‍ എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. യേശുവിന്റെ കാലത്ത് യഹൂദമതം അനീതിനിറഞ്ഞ് ലജ്ഞാകരമായ അവസ്ഥയിലായിരുന്നു. മതങ്ങളില്‍ പണം കുമിഞ്ഞുകൂടിയപ്പോള്‍ പുരോഹിത വര്‍ഗം ഉണ്ടായി. ധനവും അധികാരവും ഒന്നിക്കുമ്പോള്‍ നിരീശ്വരചിന്ത രൂപപ്പെടും. മതത്തെസ്ഥാപനവല്ക്കരിച്ചുകൊണ്ടാണ് പുരോഹിത വര്‍ഗം അധികാരം നിലനിര്‍ത്തുന്നത്. യേശു അന്ന് അഭിമുഖീകരിച്ചതും അതുതന്നെ.
പുരോഹിതര്‍ ഇന്ന്, ദൈവത്തിനും മനുഷ്യനുമിടക്കുള്ള ഇടനിലക്കാരായായാണ് വര്‍ത്തിക്കുന്നത്.ആ ഇടനിലക്കാര്‍ പാലമാകാതെ മതിലാകുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ടവര്‍ മതില് കെട്ടുന്നു. അത് പാടില്ല. യേശു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തള്ളിപ്പറഞ്ഞു. ആചാരം യാന്ത്രികമാണ്; അടിമത്തമാണ്. ആചാരാനുഷ്ഠാനങ്ങളുടെ നാലുകെട്ടില്‍നിന്ന് വെളിയില്‍ വരണം.ശിഷ്യരെ പഠിപ്പിക്കുകയാണ്യേശു ചെയ്തത്.വളര്‍ച്ചയുടെ സംസ്കാരത്തിലേക്ക് മാറണം. മത്തായിയുടെ 7: 7ല്‍ പറയുന്നത് "....അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും...." എന്നാണ്. മതദര്‍ശനം ഊന്നിനില്‍ക്കണ്ടത് അന്വേഷണത്തിലാണ്. പാശ്ചാത്യമനുഷ്യര്‍ വചനത്തോട് ബന്ധംവരുത്തി അന്വേഷിക്കാന്‍ തുടങ്ങി. അതോടെഅവര് ആചാരാനുഷ്ഠാനങ്ങളില്‍നിന്നും മാറിത്തുടങ്ങി.
പുരോഹിതവര്‍ഗത്തിന്റെ ദൈവം ധനമാണ്. ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കുക സാധ്യമല്ല. പണം ദൈവമല്ലാത്ത ആത്മീയതയിലേക്ക്, മാമോനെ ആരാധിക്കാത്ത ആത്മീയതയിലേയ്ക്ക് സഭ മാറണം.
പുരോഹിതവര്‍ഗത്തെ വഷളാക്കുന്നത് അല്മായരാണ്. അത് പ്രധാനമായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. പള്ളിയ്ക്ക് വീണ്ടും വീണ്ടും പണം കൊടുക്കുക. വൈദികര്‍ പറയുന്നത് മുഴുവന്‍ വെട്ടിവിഴുങ്ങുക. മറുപടി പറയാന്‍ സഭയില്‍ അവസരമില്ല. ചോദ്യം ചോദിക്കാത്ത ആത്മീയഅടിമത്തമാണ് ഇന്നുനടക്കുന്നത്. പുരോഹിതരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്ക്കാന്അല്മായര് പഠിക്കുക. ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ഇടനിലക്കാരായ പുരോഹിതര്‍ വേണ്ട. പുരോഹിതവര്‍ഗത്തിന്റെ നുകത്തിന്‍കീഴില്‍ കെട്ടിയിട്ട മനുഷ്യര്‍ മനസ്സിലാക്കണം മനുഷ്യന് മതത്തിനുവേണ്ടിയല്ലായെന്ന്. വസ്തുനിഷ്ഠമായും, വചനാധിഷ്ഠിതവുമായുള്ള നിരന്തര അന്വേഷണത്തിലൂടെ സമൂലമായ മാറ്റം അനിവാര്യമാണ്.ജീവിതം ഒരു അനുഭവമാണ്, രൂപാന്തരണമാണ്,സംസ്കാരമാണ്. അത് പുരോഹിതരുടെ നാടകംകളിയാകാന്‍ പാടില്ല. അന്ധവിശ്വാസത്തെ പരിപോഷിപ്പിച്ചാണ് പുരോഹിതര്‍ നിലനില്‍ക്കുന്നത്.
വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചര്‍ച്ച നടക്കുകയുണ്ടായി.ചില പ്രധാനപോയിന്റുകള്‍ ചുവടെ ചേര്‍ക്കുന്നു: യേശു ശിഷ്യരെയാണ് തെരെഞ്ഞെടുത്തത്. പുരോഹിതരെ നിയമിച്ചില്ല. യേശു മതം സ്ഥാപിച്ചിട്ടില്ല. സഹോദരര്‍ പരസ്പരം സ്നേഹിക്കണമെന്ന്യേശു പഠിപ്പിച്ചു. ഇന്നത്തെ സഭ റോമാസാമ്രാജ്യത്തിന്റെ തനി പകര്‍പ്പാണ്. പൗരോഹിത്യ മേധാവിത്വത്തില്‍നിന്നും ജനങ്ങള്‍ രക്ഷപ്പെട്ടാല്‍ പുരോഹിതരുടെ കച്ചവടം പൂട്ടും. സഭയില്‍ നിന്നുകൊണ്ട് നവീകരണം അസാധ്യമാണ്. യഹൂദ മത ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് യേശു യഹൂദമതത്തെ പരിഷ്ക്കരിക്കാന്‍ ശ്രമിച്ച് പരാജയപ്പൂട്ടു. യഹൂദജനം തച്ചന്റെ മകനെ ആക്ഷേപിക്കുകയാണ് ചെയ്തത് (മത്താ. 13). അവസാനം കുരിശില്‍ തൂക്കി കൊല്ലുകയും ചെയ്തു.യാതൊരുവക സംവാദത്തിനും സഭാധികാരം നില്‍ക്കില്ല. യുവതീയുവാക്കന്മാര് സഭയെ ഉപേക്ഷിച്ചുപോയിത്തുടങ്ങി.
ഡോ വല്സന് തമ്പുവിന്റെ വിഷയാവതരണംബൗദ്ധികമായഒരു ഉണര്വിന് കാരണമായിയെന്ന് കോണ്ഫെറന്സില് സംബന്ധിച്ച എല്ലാവരുംതന്നെഅഭിപ്രായപ്പെടുകയുണ്ടായി.മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് എല്ലാവര്ക്കുംപ്രത്യേകിച്ച് ഡോ വല്സന് തമ്പുവിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.
അടുത്ത ടെലികോണ്‍ഫെറന്‍സ് ജനുവരി 08, 2020 ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ (AKCAAC) ചെയര്മാന് അഡ്വ ബോറിസ് പോള്‍ ആയിരിക്കും. വിഷയം: 'ക്രിസ്ത്യന്‍ സ്വത്തുഭരണത്തിലെ അഴിമതികളും ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ട്രസ്റ്റ് ബില്ലും'.
Comments