മേരിലാന്റ് ∙ പത്തു പേരിൽ കൂടുതൽ ഒരുമിച്ചു കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിന് ഷോൺ മാർഷൽ മയേഴ്സിനെ (46) മേരിലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 27 വെള്ളിയാഴ്ചയായിരുന്നു സംഭവം. കൊറോണ വൈറസ് വ്യാപകമാകുന്നതിനെ പ്രതിരോധിക്കുന്നതിനു പത്തിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന് ഗവർണർ ലാറി ഹോഗൻസ് ഉത്തരവ് ലംഘിച്ചു വീട്ടിൽ അറുപതിൽ അധികം പേരെ ക്ഷണിച്ചു പാർട്ടി നടത്തിയതിനായിരുന്നു ഷോണിനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാത്തവരെ അറസ്റ്റു ചെയ്തു ജയിലിലടക്കുമെന്ന് ചാൾസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.ഷോൺ ഒരാഴ്ച മുമ്പ് ഇതുപോലെ ഒരു പാർട്ടി വീട്ടിൽ സംഘടിപ്പിച്ചിരുന്നതായും കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു. അന്ന് പൊലീസ് ഷോണിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നു കൂടിവന്നവരെ പൊലീസ് പിരിച്ചു വിടുകയും ചെയ്തു. എമർജൻസി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ ഷോണിനെതിരെ കേസെടുത്തിട്ടുണ്ട്. ഷോണിന്റെ പ്രവർത്തനം നിരുത്തരവാദവും അപകടകരവുമായ നടപടിയാണ് ഗവർണർ ഹോഗൻ ഈ സംഭവത്തെക്കുറിച്ചു ട്വിറ്ററിൽ കുറിച്ചത്. ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ അതു നിയമ ലംഘനമായി കണക്കാക്കി കർശന നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
Comments