ഷാജീ രാമപുരം
ന്യുയോര്‍ക്ക്: ദേവാലങ്ങള്‍ തുറന്ന് ആരാധനകള്‍ നടത്തുവാന്പറ്റാത്ത സാഹചര്യത്തില്‍ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യുയോര്‍ക്ക് സീനായ് മാര്‍ത്തോമ്മ സെന്ററില്‍ ഉള്ള അരമന ചാപ്പലില്‍ നിന്ന് ഈ വര്‍ഷത്തെ പീഡാനുഭവവാര ശുശ്രുഷകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് അറിയിച്ചു.
ഏപ്രില്‍ 5 ഹോശാന ഞയറാഴ്ച ന്യുയോര്‍ക്ക് സമയം രാവിലെ 10 മണിക്ക് മലയാളത്തിലും, ഏപ്രില്‍ 9 പെസഹാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഇംഗ്ലീഷിലും, ഏപ്രില്‍ 12 ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് ഇംഗ്ലീഷിലും ആരാധനയും വിശുദ്ധ കുര്‍ബാന ശുശ്രുഷയും ഉണ്ടായിരിക്കും. ഏപ്രില്‍ 10 ദുഃഖവെള്ളിയാഴ്ച്ച മൂന്നു ഭാഗങ്ങളിലായിട്ടാണ് ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗ ശുശ്രുഷ മലയാളത്തിലും, രണ്ടും മുന്നും ഭാഗ ശുശ്രുഷകള്‍ ഇംഗ്ലീഷിലും ആയിരിക്കും.
ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തപ്പെടുന്ന പീഡാനുഭവ ആഴ്ചകളിലെ ശുശ്രുഷകള്‍ www.marthomanae.org എന്ന ഭദ്രാസന വെബ്സൈറ്റില്‍ നിന്നും ദര്‍ശിക്കാവുന്നതാണ്. അബ്ബാന്യൂസ് നോര്‍ത്ത് അമേരിക്കയും പ്രസ്തുത ശുശ്രുഷകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസിന്റെ നേതൃത്വത്തില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഭദ്രാസന ആസ്ഥാനത്തു നിന്നും നടത്തപ്പെടുന്നതായ ഈ ശുശ്രുഷകളില്‍ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തില്‍ സംബന്ധിക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.
Comments