You are Here : Home / USA News

മനുഷ്യന്‍ മനുഷ്യനെ ഭയക്കുന്ന കാലം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Text Size  

Story Dated: Saturday, April 04, 2020 04:06 hrs UTC

 
 
മനുഷ്യന്‍ മനുഷ്യനെ ഭയക്കുന്ന കാലമാണിത്. കൊറോണ വൈറസ് പകരുന്നത് മനുഷ്യരില്‍ കുടി ആണ് എന്ന് അറിഞ്ഞതുമുതല്‍ സോഷ്യലൈസിങ്ങ് അമേരിക്കയില്‍ ഇല്ല എന്നുതന്നെ പറയാം.പലരും റോഡില്‍ കുടി നടക്കുമ്പോള്‍ ആളുകളെ കണ്ടാല്‍ മറു സൈഡില്‍കൂടി മാറിപ്പോകുന്ന അവസ്ഥ.
 
എനിക്ക് ഉണ്ടായ അനുഭവമാണ് ഇത്.
 
രാവിലെ ജോലിക്കു പോകുന്നതിനു മുന്‍പ്ഭാര്യ പറഞ്ഞു പഴം തീരാറായി, പാലും മുട്ടയും കുറച്ചേയുള്ളു. പണ്ടേ കടയില്‍ പോകുന്ന ശീലം ഇല്ല. അവധി ആയി വീട്ടില്‍ ഇരുന്നാലും ഒന്നും ചെയ്യുകയില്ല എന്ന ഭാര്യയുടെ പരാതി മാറ്റിക്കളയാം എന്ന് വിചാരിച്ചാണ് ഷോപ്പിങ്ങിനു ഇറങ്ങിയത്.
 
ഇന്റര്‍നെറ്റില്‍ സാംസ്ക്ലബ് എപ്പോഴാ തുറക്കുന്നത് എന്ന് നോക്കി. ഒന്‍പതു മണി. എട്ടുമണിക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ തിരക്കായതിനാല്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ലൈനില്‍ നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചു പോന്നു. അതുകൊണ്ടാണ് കടതുറക്കുന്നതിനു ഒരു മണിക്കൂര്‍ മുന്നേ പോയി നില്‍ക്കാം എന്ന് വിചാരിച്ചത്. അവിടെ ചെന്നപ്പോള്‍ ഒരു മൈല്‍ നിളത്തില്‍ ലൈന്‍. പാര്‍ക്കിങ്ങ് ലോട്ടും കഴിഞ്ഞു റോഡുവരെ നീണ്ട നിരയായി ആറു ഫീറ്റ് അകലത്തില്‍ ജനം  നില്‍ക്കുന്നു. ഇത്രയും ആളുകളെ കണ്ടു ഭയന്ന് ഞാന്‍ അടുത്ത ഷോപ്പ് റൈറ്റിലേക് നീങ്ങി.
 
അവിടെ ചെന്നപ്പോള്‍ ആശ്വാസമായി. ഷോപ്പ് റൈറ്റ് തുറന്നിട്ടുണ്ട്. കാറില്‍വെച്ചു തന്നെ മാസ്‌ക്, കൈയുറകള്‍, തല മൊത്തത്തില്‍ കവര്‍ ചെയ്യുന്ന ഹാറ്റ്, കണ്ണ് ഒഴിച്ച് ബാക്കി എല്ലാഭാഗങ്ങളും കവര്‍ ചെയ്തു ഒരു യോദ്ധാവിനെ പോലെ ഷോപ്പിനുള്ളിലേക്കു നീങ്ങി. കൊറോണ വൈറസ് പോലും എന്നെ കണ്ടാല്‍ മാറിനില്‍ക്കും.
 
ഷോപ്പിനുള്ളിലേക്കു കയറി കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു സ്ത്രി എന്നെ കണ്ടു ഭയന്നു മാറി നില്‍ക്കുന്നു. എലിയെ കാണുമ്പോൾ പൂച്ച പതുങ്ങുന്നത് പോലെയുള്ള അവരുടെ പമ്മല്‍ കണ്ടു ഞാന്‍ അറിയാതെ ചിരിച്ചു, പിന്നീടാണ് എന്നിക്ക് മനസിലായത് ഞാന്‍ കടന്നു പോകാന്‍ വേണ്ടി അവര്‍ അവിടെ മാറി നില്‍ക്കുകയായിരുന്നു എന്ന്. അടുത്ത റോയില്‍ ചെന്നപ്പോഴും ഇത് പോലെ തന്നെ എല്ലാവരും ചെയ്യുന്നു. മനുഷ്യര്‍ക്കു മനുഷ്യരെ പേടി
 
ഞാന്‍ നേരെ നോക്കുബോള്‍ ഒരു സ്ത്രി കുനിഞ്ഞു നിന്ന് പ്രാര്‍ത്ഥിക്കുന്നത് പോലെ, നോക്കിയപ്പോള്‍ അവരുടെ അടുത്ത് ഒരാള്‍ മാസ്‌കും ഗ്ലൗസും ഒന്നും ധരിക്കാതെ നില്‍ക്കുന്നു. അയാളെ കണ്ടപാടെ അയാളുടെ മുഖം കാണാതിരിക്കാന്‍ വേണ്ടി മുഖം മറച്ചു തലകുനിച്ചു നിന്നു. അയാള്‍ നടന്നകന്നപ്പോള്‍ അവര്‍ കുരിശ് വരക്കുന്നത് കാണാമായിരുന്നു. ഞാന്‍ ഉള്ളില്‍ ഒന്ന് ചിരിച്ചു, തിരിഞ്ഞു നോക്കിയതും ആമനുഷ്യന്‍ എന്റ്‌റെ അടുത്തേക്ക് വരുന്നു. ഞാന്‍ ജീവനും കൊണ്ട് അടുത്ത റോയില്‍ കൂടെ കടന്നു.
 
അങ്ങനെ മാസ്‌കും ഗ്ലവ്സും ധരിക്കത് കടയില്‍ കൂടെ നടക്കുന്നവരെ കാണുബോള്‍ തന്നെ മറ്റുള്ളവര്‍ അകലം പാലിക്കുന്നതിനേക്കാള്‍ ഉപരി അവരില്‍ നിന്ന് വളരെ അകന്ന് നില്‍ക്കാന്‍ ശ്രദ്ധിക്കുന്നതു കണ്ടു. ഒരു സ്ത്രി പിറു പിറക്കുന്നത് കേട്ടു ഇവനൊക്കെ എന്തിനാണ് മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി ഇറങ്ങി നടക്കുന്നത് .
 
എനിക്കും കൊറോണ വൈറസ് പകരും എന്നതു കൊണ്ട്ഞാനും മറ്റുള്ള മനുഷ്യരില്‍ നിന്നും അകലം പാലിച്ചു തന്നെയാണ് നടന്നത്. എന്നേക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെ ആണ് ഓരോ മനുഷ്യരും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നത്. പണ്ടേപ്പോലെ ആളുകളെ കാണുബോള്‍ വിഷിങ്ങും സംസാരവും ഒന്നുമില്ല.പരിചയക്കാരെ കണ്ടാലും കണ്ട മട്ടുപോലും കാണിക്കാറില്ല.എങ്ങനെ എങ്കിലും എത്രയും പെട്ടെന്ന് സാധനങ്ങള്‍ വാങ്ങി സ്ഥലം വിടണം എന്നത് തന്നെ ലക്ഷ്യം.
 
അകലം, അച്ചടക്കം, ആത്മവിശ്വാസം എന്നിവയിലൂടെ കൊറോണ വൈറസിന്റെ വ്യാപനം കഴിയുന്നത്ര തടയുക എന്നതാണ് ലക്ഷ്യം. സഹജീവികളുമായി അകലം പാലിക്കുക എന്നത് ഈ വൈറസ് പകരാതിരിക്കാന്‍ അത്യാവശ്യമാണ്. എല്ലാവര്‍ക്കും എപ്പോഴും വീട്ടിലിരിക്കാനാവില്ല എന്നത് ശരിയാണ്. ചിലപ്പോള്‍ സാധനകള്‍ വാങ്ങാന്‍ പുറത്തു പോകേണ്ടി വന്നാല്‍ മാസ്‌കും ഗ്ലവ്സും ധരിക്കാതെ പുറത്തു പോകരുത്. മാസ്‌കും ഗ്ലവ്സും ധരിച്ചില്ലെങ്കിലും എന്നെ വൈറസ്ഒന്നും ചെയ്യില്ല എന്ന രീതിയില്‍ നടക്കുന്നവരെ മറ്റുള്ളവര്‍ ഭയക്കുന്നു
 
നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്നത് നമുക്കത്ര പഥ്യമല്ല. ഭീതി പ്രചരിപ്പിക്കുന്നത് സമൂഹത്തെ മാനസികമായി തളര്‍ത്തും. കഴിവതും നല്ലത് പറയുക, പ്രചരിപ്പിക്കുക. മറ്റുള്ളവരുടെ സമീപത്തുകൂടി നടക്കുബോള്‍ ആറു അടി അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഈ രോഗം പണ്ഡിതനെയും പാമരനേയും , ധനികനേയും ദരിദ്രനെയും ഒരു പോലെ ബാധിക്കുന്നു . അതുകൊണ്ട് ഇതിനെക്കുറിച്ചു കൂടുതല്‍ മനസിലാക്കി, ചെയ്യാവുന്ന മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
 
നമ്മളില്‍ ഈ വൈറസ്ഉണ്ട് എന്ന ചിന്തയോടെ, നാം ഓരോ ദിവസവും വേണ്ടുന്ന മുന്‍കരുതലുകള്‍ എടുക്കുമെങ്കില്‍, തീര്‍ച്ചയായും ഈ രോഗാണുവിനെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയും.
 
ഇതൊരു പകര്‍ച്ചവ്യാധിയാണ്. ഓരോ ജീവനും വിലപെട്ടതാണ്. നിസ്സാരമായ രോഗം ആണെങ്കില്‍ പോലും വലിയൊരു വിഭാഗത്തിലേക്ക് പടര്‍ന്നാല്‍ രോഗത്തിന്റെ ഗൗരവത്തെക്കാള്‍ ഉപരി രോഗികളുടെ എണ്ണമായിരിക്കും പ്രശ്നം സൃഷ്ടിക്കുക. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.