പി പി ചെറിയാൻ
ബ്രാംപ്ടൺ (കാനഡ )∙ മൂന്നു പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി. തമിഴ്നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും ഏപ്രിൽ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61)ആശുപത്രിയിൽ കോവിഡിനെ തുടർന്നു മരണമടഞ്ഞത് .രണ്ടു ദിവസത്തിനു മുൻപ് മാതാവ് പുഷ്പറാണി (56) മരണത്തിനു കീഴടങ്ങിയിരുന്നു.
ഇവരുമായി അടുത്ത ബന്ധമുള്ള കുടുംബാംഗമാണ് ദമ്പതികൾ മരിച്ച വിവരം വെളിപ്പെടുത്തിയത് .ഇവരുടെ 29,22,19 വയസുള്ള പെൺമക്കളും കൊറോണ വൈറസിന് പോസിറ്റീവായി ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നു. രോഗത്തിൽ നിന്നും മുക്‌തി നേടിയ ഇവർ ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്.
ബ്രാംപ്ടണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന തമിഴ് ന്യൂസ് പേപ്പർ ഉദയനില പാർട്ട് ടൈം ജീവനക്കാരനാണ് നാഗരാജ്. സാമ്പത്തികമായി ഈ കുടുംബത്തെ സഹായിക്കുന്നതിനു ഗോ ഫണ്ട് മീയിലൂടെ 60,000 ഡോളർ സമാഹരിച്ചിട്ടുണ്ട്. തങ്ങളെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കൾക്ക് അന്ത്യ ചുംബനം പോലും കൊടുക്കാനാകാതെ ദുഃഖം അടക്കിപ്പിടിച്ചു കഴിയുകയാണ് മൂന്നു പെൺമക്കൾ
Comments