ന്യു യോര്‍ക്കിലും ന്യു ജെഴ്‌സിയിലും മരണ സംഖ്യയില്‍ നിത്യേന കുറവ് വരുന്നത് പ്രതീക്ഷ ഉണര്‍ത്തുന്നു. ന്യു യോര്‍ക്കില്‍ 24 മണിക്കൂറില്‍ 478 പേരാണു മരിച്ചത്. ഇതില്‍ 23 പേര്‍ നഴ്‌സിംഗ് ഹോമിലാണ് മരിച്ചത്.ഇതാദ്യമായാണു സ്റ്റേറ്റില്‍മരണം 500-ല്‍ താഴുന്നത്.
ന്യു ജെഴ്‌സിയില്‍ 177 പേര്‍ 24 മണിക്കൂറില്‍ മരിച്ചു. മൊത്തം മരണം 3500 കഴിഞ്ഞു.
ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ആകെ മരണം 14,000 പിന്നിട്ടു. വൈറസ് ബാധ ഉച്ചസ്ഥയിയിലെത്തിയ ശേഷം താഴേക്കു പോകുന്നതായാണു വിലയിരുത്തല്‍. എങ്കിലും സമ്പദ് രംഗം ഉടനെ തുറക്കാന്‍ പരിപാടിയൊന്നുമില്ലെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ പറഞ്ഞു. ആശുപത്രിയിലെത്തുന്നവരുടെയും വെന്റിലേറ്ററിലാകുന്നവരുടെയും എണ്ണവും കുറഞ്ഞു കൊണ്ടിരിക്കുന്നു.
ഹെല്ത്ത്‌കെയര്‍ തുടങ്ങിയ അവശ്യ സര്‍വീസ് ജോലിക്കാര്‍ക്കെല്ലാം ശമ്പളത്തിന്റെ പകുതി ബോണസായി നല്കണമെന്ന് കോമൊ പ്രസിഡന്റിനോട് അഭ്യര്‍ഥിച്ചു. ജീവന്‍ പണയം വച്ചുള്ള അവരുടെ സേവനത്തിനു ഇത്രയെങ്കിലും പ്രതിഫലം നല്‌കേണ്ടതുണ്ട്. പോലീസ്, ഫയര്‍ ഫോഴ്‌സ്, ഗ്രോസറി സ്റ്റോര്‍ ജോലിക്കാര്‍ തുടങ്ങിയവരൊക്കെ അത്യാവശ്യ സര്‍വീസില്‍ പെടും.
മെയ്, ജൂണ്‍ മാസങ്ങളിലെ എല്ലാ പരേഡുകളും വലിയ സമ്മേളനങ്ങളുംറദ്ദാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.
അതെ സമയം, 102 വര്‍ഷം മുന്‍പ് സ്പാനിഷ് ഫ്‌ലൂവില്‍ സഹോദരി മരിച്ച സ്ത്രീ കൊറോണ ബാധിച്ച് മരിച്ചതായി എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസിലെ ഓസ്റ്റിനില്‍ നഴ്‌സിംഗ് ഹോമിലായിരുന്ന സെല്മാ എസ്‌തെര്‍ റയനാണു കഴിഞ്ഞയാഴ്ച മരിച്ചത്. 96 വയസായിരുന്നു. സഹോദരി മരിച്ച് 5 വര്‍ഷം കഴിഞ്ഞാണ് സെല്മ ജനിച്ചത്.
Comments