ജോര്‍ജ് തുമ്പയില്‍
ന്യൂജേഴ്സി: ഇതിനിടെ ന്യൂജേഴ്സിയിലേക്കുള്ള പി.പി.ഈ (പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ്) യുടെ വിഹിതം കുറഞ്ഞതും ലോക്കല്‍ വിപണിയില്‍ കിട്ടാനില്ലാത്തതും ആരോഗ്യപ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഒരിക്കല്‍ മാത്രം ഉപയോഗിക്കേണ്ടതായ എന്‍ 95 മാസ്ക്ക് സ്റ്റെറിലൈസ് ചെയ്ത് ഉപയോഗിക്കാന്‍ എഫ്.ഡി.എ അംഗീകാരം നല്കി. ആശുപത്രികളില്‍ സ്റ്റാഫിന്റെയിടയില്‍ മുറുമുറുപ്പും പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. യൂണിറ്റുകളില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് ദിവസേന നല്‍കിയിരുന്ന ബണ്ണിസ്യൂട്ടിനും ക്ഷാമമാണ്. ഡിസ്പോസിബിള്‍ ആയ ബണ്ണിസ്യൂട്ടുകള് വീണ്ടും വീണ്ടും ഉപയോഗിക്കുവാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം.
മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുന്ന ആശുപത്രി ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും ഉത്തേജിപ്പിക്കാനും ആത്മീയവും വൈകാരികവുമായ പിന്തുണ നല്‍കാനുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലേഖകന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ക്രിസ്ത്യന്‍, മുസ്ലീം, യഹൂദ പ്രാര്‍ത്ഥനകള്‍ക്ക് സ്ഥലം ക്രമീകരിച്ചു നല്കി. ബാര്‍ണബാസ് സിസ്റ്റം ആശുപത്രികളില്‍ നൂറിലധികം ഐപാഡുകള്‍ വിതരണം ചെയ്തു. യൂണിറ്റിനുള്ളില്‍ കഴിയുന്ന രോഗികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്ത്തുന്നതിനാണിത്. പ്രിന്‍സ്ടൗണ്‍ ക്രിസ്ത്യന്‍ ചര്‍ച്ച് സംഭാവന ചെയ്ത 10 ഐപാഡുകള്‍ ഇന്നലെ യൂണിറ്റുകളിലെത്തി. കഴിഞ്ഞയാഴ്ച ഡോ. ജോളി കുരുവിളയുടെ നേതൃത്വത്തില്‍ മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക ഇക്കാര്യത്തിനായി സംഭാവന ചെയ്ത 10 ഐപാഡുകള്‍ മെഡിക്കല്‍ സെന്ററില്‍ വിതരണം ചെയ്തിരുന്നു.
ആശുപത്രി ജീവനക്കാരിലും കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്റ്റാഫിന്റെ കുറവ് പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. ഓവര്‍ടൈം ചെയ്യുന്നവര്‍ക്ക് അതിനുള്ള വേതനം കൂടാതെ വളരെ ആകര്‍ഷകമായ ബോണസ് നല്‍കുന്നുണ്ട്. ഓരോ ഹോസ്പിറ്റല്‍ സിസ്റ്റവും ഓരോ രീതിയിലാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്. ചിലയിടത്ത് ഓരോ മണിക്കൂറിനും 50 ഡോളര്‍വരെ കൂടുതലായി നല്കുന്നു. മറ്റു ചിലയിടത്ത് 12 മണിക്കൂര്‍ ചെയ്യുന്ന ഒരു ഷിഫ്റ്റിന് 350 മുതല്‍ 500 ഡോളര്‍ വരെ അധികമായി നല്കുന്നു. മറ്റൊരു ആശുപത്രിയില്‍ കോവിഡ് കാലത്ത് സ്വമനസ്സാലെ ജോലിക്കു മുന്നോട്ട് വന്ന അവശ്യജീവനക്കാരായ നേഴ്സുമാര്‍, റെസ്പിറ്റോറി തെറാപിസ്റ്റുകള്‍ എന്നിവര്‍ക്ക് മൂന്നു ഗഡുക്കളായി 15,000 ഡോളര്‍ ഒരുവര്‍ഷം കൊണ്ടു നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് എന്നു കേട്ടപ്പോള്‍ പേടിച്ചരണ്ട് വീട്ടില്‍ ഒളിച്ചവര്‍ക്കും കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടര്‍മാരുടെ കുറിപ്പടി നല്കിയവര്ക്കും ലീവ് ഓഫ് ആബ്സന്സിന് അപേക്ഷ നല്കിയവര്ക്കും ഒരു ബോണസും ലഭിക്കുകയില്ല.
ഇതേസമയം, മുന്‍നിര ജോലിക്കാരായ ആശുപത്രി, പോലീസ്, ഫയര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരെ അഭിനന്ദിക്കാന്‍ സന്നദ്ധ സംഘടനകളും പള്ളികളും പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഭക്ഷണം, ഹൈജീന്‍ പാക്കറ്റുകള്‍, വിറ്റമിന്‍ ഗുളികകള്‍, ആശുപത്രിയില്‍ ഉപയോഗിക്കാവുന്ന വസ്ത്രം, ചെരിപ്പ് തുടങ്ങി പലതും ആശുപത്രികളില്‍ എത്തുന്നു. സുമനസുകളായ ആള്‍ക്കാരുടെ മനസും പേഴ്സും തുറക്കുന്ന സമയമാണിത്.
Comments