വാഷിംഗ്ടണ്‍, ഡി.സി: ഇതൊരു ആക്രമണമായിരുന്നു.... ഇതൊരു സാധാരണ ഫ്ലു ആയിരുന്നില്ല- പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പിന്റെ പരാമര്‍ശത്തില്‍ രോഷം. ട്രില്യനുകള്ഇതിനെ നേരിടാന്‍ ചെലവിടുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നു പ്രസിഡന്റ് പറഞ്ഞു-ദി ഹില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇത്തരമൊന്നു സംഭവിക്കുന്നത് ആരും മുന്‍ കൂട്ടി കണ്ടില്ല-ട്രമ്പ് പറഞ്ഞു.
തുടക്കത്തില്‍ ഇന്ഫ്ലുവന്സയോടാണു ട്രമ്പ് ഈ രോഗത്തെ താരതമ്യപ്പെടുത്തിയിരുന്നത്
ആദ്യം നല്കിയ 2.2 ട്രില്യന്‍ ഡോളറിനു പുറമെ 384 ബില്യന്റെ സാമ്പത്തിക പാക്കേജും സമ്പദ് രംഗത്തെ പിടിച്ചു നിര്‍ത്താനായി ഫെഡറല്‍ ഗവണ്മെന്റ് അനുവദിക്കുകയുണ്ടായി. 24 ട്രില്യന്‍ കടബാധ്യത ആണു അമേരിക്കക്കുള്ളത്. അതില്‍ നല്ലൊരു പങ്ക് ചൈനക്ക് കൊടുക്കാനുള്ളതാണ്.
അതേ സമയം, വുഹാന്‍ വൈറോളജി ലാബിലും മറ്റു സ്ഥലങ്ങളിലും പഠന സന്ദര്‍ശനം നടത്താന്‍ അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ക്ക് ചൈന അനുമതി നിഷേധിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പെയ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ഈ മഹാമാരി നേരിടാന്‍ സുതാര്യത ആണു വേണ്ടത്. അതു ഉണ്ടാവുന്നില്ല.
സുതാര്യത ഉറപ്പു വരുത്തേണ്ടിയിരുന്നത് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ആണ്. അവര്‍ അതില്‍ പരാജയപ്പെട്ടു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ ഘടനാപരമായ മാറ്റം ഉണ്ടാകാതെ പറ്റില്ല.
കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനക്കുള്ള 400-മില്യന്റെ ഗ്രാന്റ് നിര്‍ത്തുമെന്ന് പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.
ഇതേ സമയം, വെന്റിലേറ്ററിലുള്ള രോഗികളില്‍ 88 ശാതമാനത്തിലേറേ മരണപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തി. ന്യു യോര്‍ക്കിലെ ഏറ്റവും വലിയ ഹെല്‍ത്ത് സിസ്റ്റം ആയ നോര്‍ത്ത് വെല്‍ ഹെല്‍ത്തിലെ 5,700 ഇലക്ട്രോനിക്ക് മെഡിക്കല്‍ റിക്കോര്‍ഡ് പരിശോധിച്ച ശേഷമാണു ജേര്‍ണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് ഇത് പ്രസിദ്ധീകരിച്ചത്.
കോവിഡ് രോഗികളെ ദോഷമായി ബാധിക്കുന്നത് ബ്ലഡ് പ്രഷര്‍ (56.6 ശതമാനം) അമിത വണ്ണം (41.7 ശതമാനം) ഡയബെറ്റിസ് (33.8 ശതമാനം) എന്നിവ ആണെന്നും പഠനം കണ്ടെത്തി
Comments