പി.പി.ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനും അമേരിക്കയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും രണ്ടു മാസത്തേക്ക് ഇമ്മിഗ്രേഷന്‍ വിസ സസ്പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഏപ്രില്‍ 22 ബുധനാഴ്ച ഒപ്പു വച്ചു.
തല്ക്കാലം 60 ദിവസത്തേയ്ക്കാണെങ്കിലും നീട്ടാന്‍ സാധ്യതയുണ്ടെന്നും ട്രമ്പ് സൂചന നല്കി.
കൊറോണ വൈറസിനെ തുടര്‍ന്ന് തൊഴില്‍ മേഖല തകരാതിരിക്കുന്നതിനും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സാധ്യതയും സുരക്ഷിതത്വവും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും ഉത്തരവില്‍ ഒപ്പ് വച്ചശേഷംട്രമ്പ് പറഞ്ഞു.
നൂറുകണക്കിനു താല്‍ക്കാലിക വര്‍ക്ക് വിസ നല്‍കുന്നതിന് ഈ ഉത്തരവ് തടസ്സമല്ല എന്നും ട്രമ്പ് വ്യക്തമാക്കി. അമേരിക്കന്‍ പൗരത്വമുള്ളവരുടെ ഭാര്യമാരോ ഭര്ത്താക്കന്മാരോ കുട്ടികളോ ഇവിടേക്ക് വരുന്നതിനും തടസ്സമില്ല. മാത്രമല്ല അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ പ്രൊഫഷണല്‍സ് എന്നിവര്‍ക്കും ഈ ഉത്തരവ് ബാധകമല്ലെന്നും ട്രമ്പ് പറഞ്ഞു.
പ്രസിഡന്റ് ഒപ്പുവച്ച ഉത്തരവിനെതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് സൂചനയും ലഭിച്ചിട്ടുണ്ട്.
Comments