പി.പി.ചെറിയാൻ
അറ്റ്ലാന്റാ ∙ സ്റ്റേ അറ്റ് ഹോം നിലവിലുള്ളതിനാൽ പുറത്തിറങ്ങി പോകരുതെന്ന മാതാപിതാക്കളുടെ വിലക്ക് ലംഘിച്ചു പുറത്തു പോയ പതിനാറുകാരന് ദാരുണാന്ത്യം. പുറത്തു പോയ ശേഷം തിരികെ വന്ന മകനുമായി വളർത്തച്ചൻ തർക്കിക്കുകയും തുടർന്ന് തോക്കെടുത്ത് നിറയൊഴിക്കുകയുമായിരുന്നു. നിരവധി തവണ വെടിയേറ്റ മകനു
സംഭവ സ്ഥലത്തു വച്ചു തന്നെ ദയനീയ അന്ത്യം സംഭവിച്ചു. ഏപ്രിൽ 22 ബുധനാഴ്ചയായിരുന്നു സംഭവം.
റോബർട്ട് എന്ന പതിനാറുകാരനാണ് മാതാപിതാക്കൾ പറഞ്ഞതനുസരിക്കാതെ പുറത്തിറങ്ങിയത്. രാത്രി വൈകി വീടിനു മുന്നിലെത്തിയ റോബർട്ട് വാതിൽ ബലം പ്രയോഗിച്ചു തുറക്കുന്നതിനു ശ്രമിച്ചു.തുടർന്ന് വീട്ടിലുണ്ടായിരുന്ന വളർത്തച്ചൻ ബെർണി ഹാർഗ്രോവുമായി ബലപ്രയോഗം നടന്നു. ഇതിനിടയിലാണ് വളർത്തച്ഛൻ റോബർട്ടിനു നേരെ നിരവധി തവണ നിറയൊഴിച്ചത്.
സംഭവത്തിൽ വളർത്തച്ചനെ കൊലപാതക കുറ്റം ചുമത്തി ഫൾട്ടൺ കൗണ്ടി ജയിലിലടച്ചു.
മാതാവിനെതിരെ കേസെടുത്തിട്ടില്ല.മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനു കുട്ടികൾ വിമുഖത കാണിക്കുന്നുവെന്നും അവർ കോവിഡിന്റെ ഗൗരവം മനസ്സിലാക്കാതെ പൊതുസ്ഥലങ്ങളിൽ ലോക്കൽ ഗവൺമെന്റുകളുടേയോ ബിസിഡിയുടേയോ വിലക്കുകൾ ലംഘിച്ചു സഞ്ചരിക്കുന്നതായും നിരവധി പരാതികൾ ഉയരുന്നുണ്ട്.
കോവിഡിനെ പ്രതിരോധിക്കുന്നതിനു നൽകിയിട്ടുള്ള നിർദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും അറ്റ്ലാന്റാ പോലീസ് വക്താവ് സ്റ്റീവ് എവറി അഭ്യർത്ഥിച്ചു.
Comments