പി.പി.ചെറിയാൻ
കാലിഫോർണിയ:വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ. 2019 അവസാന മാസങ്ങളിലെ കണക്കുകളേക്കാള്‍ ഇരട്ടിയാണിത്. ലോക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ വീട്ടിലിരിക്കുന്നതാണ് ഈ നേട്ടത്തിന് കാരണമയത്.
ഉപയോക്താക്കള്‍ കൂടിയതോടു കൂടി നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരിവില 30 ശതമാനത്തിലേറെ ഉയര്‍ന്നു എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജൂണ്‍ അവസാനത്തോടെ 70 ലക്ഷത്തിലധികം (7.5മില്യണ്‍) ഉപയോക്താക്കളെ കൂടി ലഭിക്കുക എന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.
അതേ സമയം ലോക്ഡൗണ്‍ കാരണം ചില പ്രതിന്ധികളും കമ്പനി നേരിടുന്നുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നെറ്റ്ഫ്‌ളിക്‌സിന്റെ ഷൂട്ടിംഗുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് മുടങ്ങുന്നത് പുതിയ റിലീസുകള്‍ക്ക് കാലതാമസത്തിനിട വരികയും ഇത് ഭാവിയില്‍ പ്രേക്ഷകരെ പിന്നോട്ടടിപ്പിക്കാനുള്ള സാധ്യതയുമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.
ഒപ്പം വിവിധ രാജ്യങ്ങളില്‍ കറന്‍സി മൂല്യം ഇടിഞ്ഞതും കമ്പനിക്ക് ഗുണകരമല്ല. മാത്രവുമല്ല കൊവിഡ് പ്രതിരോധത്തിനായി വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ എടുത്തുകളയുന്നതോടെ ഈ ഇടിച്ചു കയറല്‍ നില്‍ക്കുമെന്ന ആശങ്ക കമ്പനിക്കും നിക്ഷേപകര്‍ക്കും ഉണ്ട്.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നിപ്ലസ് എന്നീ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ നേട്ടമാണ് ലോക്ഡൗണ്‍ കാലളവില്‍ ഉണ്ടായത്. ഈ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം സമാന ആശങ്ക
നിലനില്‍ക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വിവിധ രാജ്യങ്ങളിലെ ഡിസ്‌നിപാര്‍ക്കുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഡിസ്‌നിപ്ലസിന് ഇത് മറ്റൊരു നഷ്ടമാണ്.
Comments