You are Here : Home / USA News

ഇ -സ്റ്റാംപിങ് പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, July 05, 2013 04:24 hrs UTC

ഡാലസ്:ഹൃസ്വകാല അവധിക്ക് നാട്ടില്‍ പോയി സ്ഥലം ക്രയവിക്രയം നടത്താന്‍ മുദ്രപത്രം വാങ്ങുവാന്‍ വേണ്ടിയുള്ള അലച്ചില്‍ ചില്ലറയല്ല. ചില സമയങ്ങളില്‍ മുദ്രപ്പത്രത്തിനു വേണ്ടി വളരെ ദൂരം പോകേണ്ടതായി വരുന്നു. സ്ഥലം വാങ്ങാന്‍ പണമുണ്ടാക്കുന്നതിനെക്കാള്‍ കഷ്ടപ്പാടാണ് ഇന്ന് നാട്ടില്‍ അധാരമെഴുതുവാന്‍. ഉടമസ്ഥന്‍ സ്ഥലത്തില്ലാത്ത വസ്തു ഇടപാടുകള്‍ അതുകൊണ്ടു തന്നെ കേരളത്തില്‍ കാലതാമസം വരുന്ന ഏര്‍പ്പാടാണ്. എന്നാല്‍ ആ പ്രശ്‌നത്തെക്കുറിച്ച് ആലോചിച്ചു ഇനിയും വേവലാധിപ്പെടേണ്ട. കേരളത്തില്‍ ഇ- സ്റ്റാംപിങ് സമ്പ്രദായം ഈ വര്‍ഷം അവസാനത്തോടുകൂടി നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇ- സ്റ്റാംപിങ് വര്‍ഷവസാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. മുദ്രപ്പത്രവുമായി ആധാരമെഴുത്ത് ആപ്പീസിനു മുന്നില്‍ മണിക്കൂറുകളും, ദിവസങ്ങളും കാത്തിരിക്കുന്നത് ഒഴിവാക്കപ്പെടും. ഓണ്‍ലൈനായി പണം അടക്കുവാനുള്ള സൗകര്യവും ഉണ്ടാവും.

 

രജിസ്ട്രാര്‍ ഓഫീസില്‍ പോയി ഇ- സ്റ്റാംപിങ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതോടെ ആധാരം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. വ്യാജ മുദ്രപ്പത്രങ്ങളിലൂടെ ഭൂമിതട്ടിപ്പു വ്യാപകമായ സാഹചര്യത്തിലും ഇടനിലക്കാരെയും റിയല്‍ എസ്‌റ്റേറ്റ് ലോബികളെയും ഇല്ലായ്മ ചെയ്യുന്നതിനുമാണ് നടപടി. രജിസ്‌ട്രേഷനുവേണ്ടിയുള്ള പ്രത്യേകം വെബ് സൈറ്റ് നിലവില്‍ വരും. ഇതോടുകൂടി വില്ലേജ്, സര്‍വേ നമ്പര്‍ എന്നിവ എന്റര്‍ ചെയ്താല്‍ ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കി മുദ്രപ്പത്രത്തിന്റെ വില ലഭിക്കും. ഈ തുകയാണ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടത്. രൂപ അടച്ചതിന്റെ രസീത് പ്രിന്റ്ഔട്ടുമായി സബ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തിയാല്‍ ഓണ്‍ലൈനായി ലഭിച്ച രേഖകള്‍ പരിശോധിച്ചശേഷം സബ് റജിസ്ട്രാര്‍ ഭൂമിയുടെ റജിസ്‌ട്രേഷന്‍ നടത്തും. ഹോളോഗ്രാം മുദ്രയോടു കൂടിയ ഇ-സ്റ്റാംപ് സര്‍ട്ടിഫിക്കറ്റില്‍ ഡിജിറ്റല്‍ ഒപ്പാണു ഇടേണ്ടത്. ബാര്‍കോഡ് പതിച്ചിട്ടുള്ള ഇ-സര്‍ട്ടിഫിക്കറ്റ് തിരിമറി നടത്താന്‍ പ്രയാസമാണ്. ഇ- സര്‍ട്ടിഫിക്കറ്റിനു ബാര്‍കോഡ് ഉണ്ടായിരിക്കും. ട്രഷറി വകുപ്പുമായി ബന്ധപ്പെടുത്തി നടത്താന്‍ ഉദ്ദേശിക്കുന്ന ഇ- സ്റ്റാംപിങ് പുതിയ സമ്പ്രദായത്തിനു ദേശസാല്‍കൃത ബാങ്കുകളുടെ സഹായവും ഉണ്ടാവും. ആധാരമെഴുത്തുകാര്‍ക്കും വെണ്ടര്‍മാര്‍ക്കും ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കുന്നതിലൂടെ അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കയില്ല എന്ന് കരുതാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.