ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണവും സ്ഥൈര്യലേപനവും വിപുലമായി നടത്തപ്പെട്ടു. കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭി. മാത്യു മാര്‍ മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോയി ചക്കിയാന്‍, ഫാ. ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഭക്തിനിര്‍ഭരമായ സമൂഹബലിയിലും, സെന്റ് മേരീസ് ഗായകസംഘത്തിന്റെ ഇമ്പമേറിയ ഗാനങ്ങളിലും ദേവാലയത്തിലും പരിസരത്തും തിങ്ങിനിറഞ്ഞ വിശ്വാസികള്‍ സജീവമായി പങ്കെടുത്തു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ വെച്ച് ജേക്കബ് പഴയിടത്ത്, ജോഹാന്‍ കൂട്ടോത്തറ, ജെറമി തച്ചേട്ട്, നെഹമി തച്ചേട്ട്, ക്രിസ് മങ്ങാട്, റ്റെവിന്‍ തേക്കാലക്കാട്ടില്‍ എന്നീ കുട്ടികള്‍ അഭിവന്ദ്യ പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചു. വിശ്വാസത്തില്‍ വളരുന്നതിനും സഭയോടൊത്ത് തീക്ഷണമായ ക്രൈസ്തവ ജീവിതം നയിക്കുന്നതിനും ഈ കുട്ടികള്‍ക്ക് ദൈവം ശക്തിപകരട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി സമൂഹത്തില്‍ നന്മ ചെയ്യുന്ന കെട്ടുറപ്പുള്ള മാതൃകാപരമായ, ഭിന്നപ്പില്ലാത്ത, ദാമ്പത്യജീവിതം നയിക്കുവാന്‍ എല്ലാകുടുംബങ്ങള്‍ക്കും ദമ്പതികള്‍ക്കും സാധിക്കട്ടെ എന്നും പിതാവ് ആശംസിച്ചു. ഇടവകാംഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ വിശുദ്ധ കുര്‍ബാനയോടുള്ള വിശ്വാസവും ഭക്തിയും മാതൃകാപരവും പ്രശംസാര്‍ഹവുമാണെന്ന് അഭിവന്ദ്യ പിതാവ് എടുത്തുപറഞ്ഞു. സിമി തൈമാലിയുടെ നേതൃത്വത്തില്‍ വേദപാഠ അധ്യാപകരാണ് കുട്ടികളെ പരിശീലിപ്പിച്ച് ഒരുക്കിയത്. കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഇടവകാംഗങ്ങളുടേയും സജീവമായ സഹകരണം ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. മാതാപിതാക്കളെ പ്രതിനിധീകരിച്ച് ബിജു തേക്കാലക്കാട്ടില്‍ സ്വാഗതവും റെജി കുട്ടോത്തറ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. ബിബി സ്റ്റീഫന്‍ അറിയിച്ചതാണിത്.
Comments