ഷിക്കാഗോ: വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ 2001 മാര്‍ച്ച് പതിമൂന്നാം തീയതി സ്ഥാപിതമാകുകയും പ്രഥമ മെത്രാനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക ദിനമായ ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ രൂപത അത്ഭുതകരമായ വളര്‍ച്ചയുടെ 12 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയ്ക്ക് പുറത്തുള്ള ഏക രൂപതയാണിത്. ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാശ്ശീഹായുടെ നാമത്തില്‍ രൂപീകൃതമായ ഈ രൂപത, അപ്പസ്‌തോലന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം നല്‍കിയ വലിയ സമ്മാനമാണ്.
ജറുസലേമില്‍ നിന്ന് കരയും കടലും യാത്ര ചെയ്ത് വിദൂരദേശമായ ഭാരതത്തിലെത്തി സുവിശേഷം പ്രസംഗിക്കുകയും സഭാ സമൂഹങ്ങള്‍ക്ക് രൂപംകൊടുക്കുകയും ചെയ്ത തോമാശ്ശീഹായുടെ മക്കളായ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് മാതൃരാജ്യത്തില്‍ നിന്ന് ഏറെ അകലെയുള്ള അമേരിക്കന്‍ മണ്ണില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് ജീവിക്കുവാനും ഇളംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും ലഭിച്ചിരിക്കുന്ന മഹാഭാഗ്യമാണ് ഈ രൂപത. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ നേതൃത്വത്തില്‍ രൂപതയുടെ വളര്‍ച്ചയ്ക്കായി ശുശ്രൂഷ ചെയ്യുന്ന 60 വൈദീകരുടേയും മാതൃസഭയെ സ്‌നേഹിക്കുകയും അതിന്റെ വളര്‍ച്ചയ്ക്കായി അര്‍ത്ഥവും സമയവും ചെലവഴിക്കുന്ന പതിനായിരക്കണക്കിന് അത്മായ സഹോദരങ്ങളുടേയും പ്രയത്‌നത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി ഈ രൂപതയ്ക്ക് ഇന്ന് വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി 30 ഇടവകളും 37 മിഷനുകളുമുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ ഒള്‍ക്കൊള്ളുന്ന രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമായി ആയിരത്തോളം വിശ്വാസപരിശീലകരുടെ നേതൃത്വത്തില്‍ ആറായിരത്തില്‍പ്പരം കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്നു.
സ്വന്തമായ പള്ളികളോ സൗകര്യങ്ങളോ ഇല്ലാത്ത പല മിഷനുകളും കൂട്ടായ പരിശ്രമത്തിലൂടെയും നിര്‍ലോഭമായ സാമ്പത്തിക സഹകരണത്തിലൂടെയും സ്വന്തമായ ദേവാലയം നിര്‍മ്മിച്ച് ഇടവകയുടെ നിലവാരത്തിലേക്ക് എത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. രൂപതാ സ്ഥാപനത്തിന്റേയും അഭിവന്ദ്യ മാര്‍ അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റേയും പന്ത്രണ്ടാം സംയുക്ത വാര്‍ഷികം രൂപതാ മധ്യസ്ഥനായ മാര്‍ത്തോമാ ശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തീയതി ബെല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വെച്ച് നടത്തപ്പെട്ടു. തദവസരത്തില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹബലിയിലും അനുമോദന പരിപാടികളിലും വൈദീകരും അത്മായരുമുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.
Comments