ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ആവേശകരമായ തുടക്കം. ഭദ്രാസനചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധമുള്ള പങ്കാളിത്തമാണ് ഇത്തവണത്തേത്. ആത്മീയ പാതയിലുടെ വിജയകരമായ വ്യക്തി ജീവിനം നയിക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രതിസന്ധികള്‍ മറികടക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ വഴിതെളിക്കുമെന്നും അച്ചടക്കമുള്ള ജീവിതശൈലിയിലൂടെ കുടുംബജീവിതത്തില്‍ വിജയിക്കാന്‍ ഭദ്രാസന കുടുംബാംഗങ്ങളെ പ്രാപ്തരാക്കുകയാണ് ഫാമിലി കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മീയവും മാനസികവുമായ വളര്‍ച്ചയും വ്യക്തിജീവിതത്തില്‍ ആത്മവിശ്വാസവും വളര്‍ത്താന്‍ കോണ്‍ഫറന്‍സ് വഴി തെളിക്കട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.
ഭദ്രാസന ജനങ്ങളുടെ ആത്മീയ പുരോഗതിക്കൊപ്പം, കലാ- കായിക സാംസ്‌കാരിക തലങ്ങളിലെ അഭിവൃദ്ധിയും ലക്ഷ്യമിടുന്ന കോണ്‍ഫറന്‍സ്, ന്യുയോര്‍ക്ക് എലന്‍വില്ലിലുളള ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ വൈകിട്ട് 4.00 ന് രജിസ്‌ട്രേഷനോടെ ആരംഭിച്ചു. കോണ്‍ഫറന്‍സ് ജൂലൈ 13 ശനിയാഴ്ച സമാപിക്കും. ഏറ്റവും മികച്ച രീതിയിലാണ് സഭാംഗങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. രണ്ട് ലൈനുകളിലായി നിരനിരയായി മെറൂണ്‍ സാരി ഉടുത്ത് വനിതകളും കറുത്ത പാ ന്റും വെള്ളഷര്‍ട്ടും ചുവന്ന ടൈയുമായി പുരുഷന്മാരും ഘോഷയാത്രയ്ക്ക് നിറച്ചാര്‍ത്ത് നല്‍കി. മുന്നില്‍ ചെണ്ടമേളത്തിന്റെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പ്രത്യേകമായി തയ്യാറാക്കിയ ശീമക്രമമനുസരിച്ചായിരുന്നു പ്രാര്‍ത്ഥന. കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറാര്‍ തോമസ് ജോര്‍ജ്, ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. സുവനീര്‍ എഡിറ്റര്‍ ഉമ്മന്‍ കാപ്പില്‍, സുവനിര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത് വട്ടശ്ശേരില്‍ എന്നിവര്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്കു സുവനീര്‍ കോപ്പി നല്‍കി.
കാലം ചെയ്ത വലിയ തിരുമേനി മാര്‍ ബാര്‍ണബസിനു മുന്നില്‍ സുവനീര്‍ സമര്‍പ്പിക്കുന്നുവെന്നു ആദ്യ കോപ്പി സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഗായകന്‍ കെ. ജി. മാര്‍ക്കോസിന്റെ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗാനമേള 8.30 നു തുടങ്ങി. കെ.ജി മാര്‍ക്കോസിനെ സുജ ജോസ് സ്വാഗതം ചെയ്തു. സ്‌നേഹസംഗമവുമായി ഏപ്രിലില്‍ വന്നിരുന്ന തനിക്ക് വീണ്ടും വരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മാര്‍ക്കോസ് പങ്കു വച്ചു. ഇടയകന്യകേ എന്ന ഗാനത്തോടെയായിരുന്നു ഗാനമേളയുടെ തുടക്കം. പിന്നീട്, എന്‍ മനോഫലകങ്ങള്‍.. , ഇമ്മാനുവല്‍..., വിശ്വം കാക്കണേ നാഥാ.... എന്നീ പാട്ടുകളിലൂടെ ആസ്വാദകരുടെ മനം കവരാന്‍ മാര്‍ക്കോസിനു കഴിഞ്ഞു. ശാലിനി രാജേന്ദ്രനായിരുന്നു ഫീമെയ്ല്‍ സിംഗര്‍. കോണ്‍ഫറന്‍സില്‍ ഇന്ന്: യാമപ്രാര്‍ത്ഥനകളോടെയാണ് രണ്ടാം ദിവസമായ ഇന്ന് കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണങ്ങളും ചര്‍ച്ചാക്ലാസ്സുകളും ഇന്നു നടക്കും.
സൂപ്പര്‍ സെഷനുകളും ഉണ്ടാവും. പ്രാര്‍ത്ഥനകള്‍, കോണ്‍ഫറന്‍സ് ക്വയര്‍ നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷ, ധ്യാനപ്രസംഗങ്ങള്‍ എന്നിവയോടെ അവസാനിക്കുന്ന രണ്ടാം ദിവസം വൈകുന്നേരം ടാലന്റ് ഷോ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഇടവകയ്ക്കും ഏഴു മിനിറ്റ് വീതം ലഭിക്കും. ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുവിന്‍ എന്ന ചിന്താവിഷയത്തിലൂന്നിയ ധ്യാനവും, പ്രസംഗപരമ്പരകളും, ചര്‍ച്ചാക്ലാസ്സുകളുമാണ് ഇന്നത്തെ പ്രത്യേകത.
Comments