You are Here : Home / USA News

മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഒരുക്കമായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 13, 2013 11:03 hrs UTC

മലങ്കര യാക്കോബായ സുറിയാനി സഭ, അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു സുവര്‍ണ്ണ അദ്ധ്യായം കൂടി ചേര്‍ക്കപ്പെട്ടുകൊണ്ട്, ജൂലൈ 18 ഡാളസിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രൗണ്‍ പ്ലാസാ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച്, 28-മത് യൂത്ത് ആന്റ്ഫാമിലി കോണ്‍ഫറന്‍സിന്, തിരി തെളിയുമ്പോള്‍, തികഞ്ഞ ആത്മീയ വിശുദ്ധിയുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനായി, വിശ്വാസികള്‍ ഒത്തുകൂടുന്ന ഈ ധന്യ സംഗമം ഒരു പുത്തന്‍ അനുഭവത്തിന് വേദിയായി മാറുകയാണ്. ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിലും, പാത്രിയര്‍ക്കല്‍ വികാരിയും, ഇടവക മെത്രാപോലീത്തായുമായ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടേയും, അഭിവന്ദ്യ മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടേയും, സജീവ നേതൃത്വത്തിലും, അഭിവന്ദ്യനായ അയൂബ് മാര്‍ സില്‍വാനോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തിലും, സഭാ കൗണ്‍സില്‍ അംഗങ്ങളുടെ മേല്‍നോട്ടത്തിലും നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, എത്തിചേരുന്ന നൂറുകണക്കിന് വിശ്വാസികളെ വരവേല്‍ക്കാന്‍ എല്ലാവിധ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്, ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ സ്വീകാര്യതയായി കണക്കാക്കപ്പെടുന്നു.

 

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള പ്രോഗ്രാമുകള്‍, യാമ പ്രാര്‍ത്ഥനകള്‍, ഗാനശ്രൂഷകള്‍, ധ്യാന യോഗങ്ങള്‍, ചര്‍ച്ചാവേദികള്‍, വ്യത്യസ്തമായ കലാ കായിക മത്സരങ്ങള്‍ തുടങ്ങി വിവിധങ്ങളായ, പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ കുടുംബ സംഗമം എത്രയും വിജയകരമായി നടത്തുന്നതിനുള്ള അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. "ന്യായം പ്രവര്‍ത്തിക്കുക, ദയാതല്പരനായിരിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടക്കുക- മീഖാ-6-8. "എന്നതായിരിക്കും കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താ വിഷയം. അിറയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ശാലോം ടിവി പ്രഭാഷകനുമായ റവ.ഫാ.തോമസ് പള്ളിയമ്പില്‍ മുഖ്യപ്രഭാഷകനായിരിക്കും. ഭദ്രാന ജനങ്ങളുടെ ആത്മീയ കൂട്ടായ്മയും, കലാകായിക തലങ്ങളിലെ ഉന്നമനവും മുന്നില്‍ കണ്ട് നടത്തപ്പെടുന്ന ഈ കുടുംബസംഗമത്തിന്റെ, ആദ്യദിവസമായ, 18- തീയതി വ്യാഴാഴ്ച 2 മണിക്ക് പള്ളി പ്രതിപുരുഷ യോഗവും, വൈകീട്ട് 6 മണിക്ക് ഡാളസ് സെന്റ ഇഗ്നേഷ്യസ് കത്തീഡ്രലിന്റേയും, സെന്റ് മേരീസ് ജാക്കോബൈറ്റ് പള്ളിയുടേയും, സംയുക്ത ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാമും നടത്തപ്പെടും. കുടംബ സംരക്ഷവും, വ്യക്തികളുടെ മാനസീക വളര്‍ച്ചയും ലക്ഷ്യമാക്കി നടത്തപ്പെടുന്ന സെമിനാറില്‍, പ്രമുഖ മാര്യേജ് കൗണ്‍സിലറും, മികച്ച പ്രഭാഷകനുമായ വെരി.റവ.എബ്രഹാം ഒ. കടവില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ മോഡറേറ്റരായിരിക്കും.

 

പ്രഗല്‍ഭരായ പല വ്യക്തികളും പാനല്‍ അംഗങ്ങളായും പ്രവര്‍ത്തിക്കും. പ. അന്ത്യോഖ്യാ സിംഹാനത്തോടും, മലങ്കര സഭയോടുമുള്ള കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട്, ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും മറ്റും അകമ്പടിയോടെ, അഭിവന്ദ്യ തിരുമേനിമാര്‍, ബ. വൈദികര്‍, ശെമ്മാശ്ശന്മാര്‍, കൗണ്‍സില്‍ മെംമ്പേഴ്‌സ് എന്നിവര്‍ നേതൃത്വം കൊടുത്ത് തനി കേരളീയ പാരമ്പര്യം വിളിച്ചറിയിക്കും വിധത്തിലുള്ള, വേഷവിധാനങ്ങളുമായി, അതാത് ഇടവക ബാനറിന്‍ കീഴില്‍ അണിനിരന്നുകൊണ്ട് നടത്തപ്പെടുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര, ഈ പ്രോഗ്രാമിലെ തിളക്കമാര്‍ന്ന ഒരിനമായിരിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി, വെ.റവ.ഏബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.പോള്‍ തോട്ടക്കാട്ട്, ശ്രീ. സാജു മാറോത്ത് എന്നിവര്‍ ജനറല് കണ്‍വീനര്‍മാരായും വെരി.റവ.മാത്യൂ തോമസ് ഇടത്തറ കോര്‍ എപ്പിസ്‌ക്കോപ്പാ, വെരി.റവ.വര്‍ഗീസ് മരുന്നിനാല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, കമാണ്ടര്‍ ബാബു വടക്കേടത്ത്, ശ്രീ. ജിജോ ജോസഫ്, ശ്രീ.സാജു പൗലോസ് ശ്രീ.സാജു സക്കറിയ, ശ്രീ. ജോസ് പാലയ്ക്കാത്തടം, ശ്രീ.കുര്യന്‍ ജോര്‍ജ്, ശ്രീ ഷാജി പീറ്റര്‍, ശ്രീ. ബോബി തര്യത്ത്, ശ്രീ. ഷോമി മാത്യൂ( ശ്രീ.ജോണ്‍. എ.കടവില്‍, ശ്രീ.ജേക്കബ്ബ് പാലമറ്റം, മിസ്സിസ്സ്. ആശ മാത്യൂ-യൂത്ത് കോ- ഓര്‍ഡിനേറ്റേഴ്‌സ്). ശ്രീ. റെജി വര്‍ഗീസ്(സണ്ടേ സ്‌ക്കൂള്‍) ശ്രീ. സൂസന്‍ ജോണ്‍(VBS) എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായുള്ള വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

 

 

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും കണ്‍ഫെര്‍മേഷന്‍ ലെററര്‍ അയച്ചു കഴിഞ്ഞതായും, അംഗങ്ങള്‍ കണ്‍ഫര്‍മേഷന്‍ ലെറ്ററ് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ കാണിക്കതക്കവണ്ണം കരുതേണ്ടതാണെന്നും, രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജിജോ ജോസഫ് അറിയിച്ചു. ഡാളസ് എയര്‍പോര്‍ട്ടില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ആവശ്യമായിട്ടുള്ളവര്‍, കമാണ്ടര്‍ ബാബു വടക്കേടത്ത്(കോ-ഓര്‍ഡിനേറ്റര്‍), ശ്രീ.ഏലിയാസ് പുന്നൂസ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.malankara.comഎന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.