You are Here : Home / USA News

ആത്മീയ നിര്‍വൃതിയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് ഇന്നു സമാപനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, July 13, 2013 11:16 hrs UTC

ന്യൂയോര്‍ക്ക്: എലന്‍വില്ലിലുള്ള ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ജനങ്ങള്‍ക്ക് അനര്‍ഘങ്ങളായ ആത്മീയ നിമിഷങ്ങള്‍ സമ്മാനിച്ച ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് ഇന്നു സമാപനം. നാലു ദിവസങ്ങള്‍ നീണ്ട കോണ്‍ഫറന്‍സ് സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുന്ന ഹൃദയദ്രവീകരണ മൊഴിമുത്തുകള്‍ക്ക് വഴിയൊരുക്കിയും ആശിഷമായി ചൊരിഞ്ഞു. ആറാമിന്ദ്രിയമായ വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച സമ്പന്നവും സജീവുമായിരുന്നു. രാവിലത്തെ യാമപ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഫാ. സണ്ണി ജോസഫ് ധ്യാനം നയിച്ചു.

 

തുടര്‍ന്ന് ഓണേഴ്‌സ് ഹേവന്റെ സുന്ദരമായ പുല്‍ത്തകിടിയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെല്ലാം ഒത്തുകൂടി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ചിന്താവിഷയത്തില്‍ അധിഷ്ഠിതമായ പ്രസംഗങ്ങളുടെ തുടര്‍ച്ച അറ്റ്‌ലാന്റിക്ക് സമ്മിറ്റ് ഹാളില്‍ നടന്നു. റവ. ഡോ ബേബി വറുഗീസ്, ഫാ റോബര്‍ട്ട് മിക്ലീന്‍ എന്നിവര്‍ നയിച്ച പണ്ഡിതോചിതങ്ങളായ പ്രസംഗങ്ങള്‍ക്ക് ശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകള്‍ നടന്നു. സൂപ്പര്‍ സെഷനുകളുടെ വിഷയങ്ങള്‍ വ്യത്യസ്തമായിരുന്നു. ആരാധനയിലെ പ്രതീകങ്ങള്‍ റവ. ഡോ ബേബി വറുഗീസ് അവതരിപ്പിച്ചു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയം മാര്‍ത്തമറിയം വനിതാ സമാജം ഫാ.ടി.എ തോമസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ എസ്‌റ്റേറ്റ് പ്ലാനിങ് എപ്രകാരമായിരിക്കണം എന്നതിനെ അധികരിച്ച് ജെയ്മി ജോഷ്വാ ക്ലാസ് എടുത്തു. വോളിബോള്‍ മത്സരത്തില്‍ വിജയിച്ച നസ്രേത്ത് ടീമിന് മാര്‍ ബര്‍ണബാസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ വിജയിച്ച ബേത്‌ലഹേം ടീമിന് മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ഭദ്രാസനാധിപന്‍ മാര്‍ നിക്കോളോവോസ് സമ്മാനിച്ചു.

 

 

വടംവലി മത്സരത്തില്‍ വിജയിച്ച താബോര്‍ ടീമിന് വേണ്ടി ജീമോന്‍ വറുഗീസ് സമ്മാനം ഏറ്റുവാങ്ങി. തുടര്‍ന്നു, കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ ദീപ്തമായ സ്മരണകളെ പുല്‍കിയുണര്‍ത്തിയ മെമ്മറി എറ്റേര്‍ണല്‍ എന്ന വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു. പ്ലീനറി സെഷനില്‍ സുനില്‍ കുര്യന്‍ മോഡറേറ്റര്‍ ആയിരുന്നു. ബിനു സാമുവല്‍, ടൈറ്റസ് മാത്യു, സരോജ വറുഗീസ്, റീന സൂസന്‍ മാത്യു, എം.എം. ഏബ്രഹാം, ലീലാമ്മ തോമസ്, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ഡോ. അമ്മു പൗലൂസ്, ഡോ. സാക്ക് സഖറിയാ, മിനു മാത്യു, ജേയ്‌സി ജോണ്‍, ആദര്‍ശ് വറുഗീസ് എന്നിവര്‍ ഗ്രൂപ്പ് സംവാദങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാറാ പോത്തന്‍, ടെസിയ തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കാലോചിതമായ ചില ചോദ്യങ്ങള്‍ പ്ലീനറി സെഷനില്‍ പരാമര്‍ശിക്കപ്പെട്ടതിന്റെ വെളിച്ചത്തില്‍ മാര്‍ നിക്കോളോവോസ് വ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കുകയുണ്ടായി. 40,000 ഡോളര്‍ സമാഹരിച്ച് കോണ്‍ഫറന്‍സിന്റെ സാമ്പത്തികഭാരം കുറയ്ക്കാന്‍ സഹായിച്ച സുവനീര്‍ പ്രകാശന കര്‍മ്മമാണ് പിന്നീട് നടന്നത്. ചീഫ് എഡിറ്റര്‍ ഉമ്മന്‍ കാപ്പില്‍, ബിസിനസ്സ് മാനേജര്‍ അജിത് വട്ടശ്ശേരില്‍ എന്നിവര്‍ സംസാരിക്കുകയും തങ്ങളോടൊപ്പം അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.

 

 

എഡിറ്റോറിയല്‍ ബോര്‍ഡിലും ഫിനാന്‍സ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ച 12 പേരുടെയും സാന്നിധ്യത്തില്‍ മാര്‍ നിക്കോളോവോസ് സുവനീറിന്റെ ആദ്യപ്രതി വെരി.റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. സുവനീര്‍ ഫണ്ട് റെയിസിങ്ങിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയ സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ഇടവകയ്ക്ക് വേണ്ടി വികാരി ഫാ. അലക്‌സ് ജോയിയും, ഫിലഡല്‍ഫിയ സെന്റ് തോമസ് ഇടവയ്ക്ക് വേണ്ടി വികാരി ഫാ. എം.കെ കുര്യാക്കോസും മാര്‍ നിക്കോളോവോസില്‍ നിന്നും പ്രശംസാ ഫലകങ്ങള്‍ ഏറ്റുവാങ്ങി. സുവനീര്‍ പ്രിന്റിങ്ങിന് കൈത്താങ്ങായ എം.ജി.എം ഗ്രാഫിക്‌സിന്റെ തോമസ് വറുഗീസിന് മാര്‍ നിക്കോളോവോസ് ഉപഹാരം നല്‍കി. യൂത്ത് കീനോട്ട് സ്പീക്കര്‍ റവ.ഫാ.ഡോ റോബര്‍ട്ട് മിക്ലീനും ഉപഹാരം നല്‍കി. 2014-ലെ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനുള്ള പ്രീ രജിസ്‌ട്രേഷന്‍ മലങ്കര അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗം പോള്‍ കറുകപ്പിള്ളിക്ക് ആദ്യ ഫോം നല്‍കി മാര്‍ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസ് നന്ദി പ്രകാശിപ്പിച്ചു. സന്ധ്യാ നമസ്‌ക്കാരത്തിന് ശേഷം റവ. ഡോ വറുഗീസ് എം. ഡാനിയല്‍ കുമ്പസാരത്തിലേക്ക് നയിക്കുന്നതിനുതകുന്ന ധ്യാനപ്രസംഗം നടത്തി. വിശുദ്ധ കുര്‍ബാനയോടെ കോണ്‍ഫറന്‍സ് ഇന്നു സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.