ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പരിഹാരമാര്‍ഗ്ഗം കാണുവാന്‍ ശ്രമിക്കുന്നതുമായിരിക്കുമെന്ന് ജോസ് കെ. മാണി എം.പി അറിയിച്ചു. ഡബ്ല്യു.എം.സി പ്രതിനിധി പി.സി മാത്യുവിന്റെ നേതൃത്വത്തില്‍ എത്തിയ ദൗത്യസംഘത്തിന്റെ പരാതി സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.പി. പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ എയര്‍പ്പോര്‍ട്ടിലും മറ്റു ഗവണ്മെന്റ് ഓഫീസുകളിലും അവര്‍ക്കര്‍ഹിക്കുന്ന വിധത്തിലുള്ള നീതി ലഭിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുക; അമേരിക്കന്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ഒ.സി.ഐ കാര്‍ഡ് പ്രശ്‌നം പരിഹരിക്കുന്നതിനായി പാസ്‌പ്പോര്‍ട്ടില്‍ ഒ.സി.ഐ കാര്‍ഡ് സ്റ്റാമ്പ് ചെയ്യുന്ന സമ്പ്രദായം മാറ്റി, അത് അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുപോലുള്ള സംവിധാനത്തില്‍ പ്രത്യേകമായി നല്‍കുക; ഒ.സി.ഐ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ തന്നെ വിസ ഓണ്‍ അറൈവല്‍ സംവിധാനം നടപ്പിലാക്കുക; ആറന്മുള വിമാനത്താവളം സാക്ഷാത്ക്കരിക്കുന്നതിനു ഇപ്പോഴുള്ള തടസ്സങ്ങള്‍ നീക്കുന്നതിനു സത്വര നടപടികള്‍ സ്വീകരിക്കുക; ഭയ ലേശമെന്യെ വിദേശികള്‍ക്കും പ്രവാസികള്‍ക്കും നാട്ടിലെത്തി സ്വതന്ത്രരായി സഞ്ചരിക്കുന്നതിനുള്ള അവസരമൊരുക്കുക; ഹോട്ടലുകളിലുകളും തദ്ദേശവാസികളും പാതയോരങ്ങളിലും, അഴുക്കുചാലുകളിലും വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങളാലും എച്ചിലുകളാലും ചീഞ്ഞു നാറുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക; ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പരിസ്ഥിതിയും പ്രകൃതിയും പരിരക്ഷിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പില്‍ വരുത്തുക; മുതലായവയായിരുന്നു ഒരു നിവേദനത്തില്‍ കൂടി അവര്‍ ആവശ്യപ്പെട്ടത്.
ഡബ്ല്യു.എം.സി അമേരിക്കന്‍ റീജിയണല്‍ വൈസ് പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റും, പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപക മെമ്പറുമാണ് പി.സി. മാത്യു. പ്രസിദ്ധ നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. കെ. പി മാത്യു, കേരള കോണ്‍ഗ്രസ്സ് പത്തനംതിട്ട ജില്ല മുന്‍ കൗണില്‍ മെംബര്‍ വിനയന്‍ കൊടിഞ്ഞൂര്‍ എന്നിവരും ദൗത്യ സംഘത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments