ഹൂസ്റ്റണ്‍: മയാമി ബീച്ചില്‍ മുങ്ങിമരിച്ച സായിനാഥ കുറുപ്പിന്റെമൃതദേഹം ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. മകന്‍ ഹരിനന്ദന്‍ ചിതയ്ക്ക് തീ കൊളുത്തി. ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനാത്തെയിരുന്നു. ഹൂസ്റ്റണില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ സംസ്കാര ചടങ്ങുകളിലൊന്നായിരുന്നു സായിനാഥിന്റേത്. ഷുഗര്‍ലാന്റ് ഡിഗ്‌നിറ്റി ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം ദര്‍ശിക്കാന്‍ നൂറുകണക്കിനു പേര്‍ എത്തിയിരുന്നു. കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍ നായര്‍, മുന്‍ പ്രസിഡന്റ് മന്മഥന്‍ നായര്‍, ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രേഖാ നായര്‍, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെന്നഡി തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഫ്‌ളോറിഡയില്‍ എത്തിയ സായിനാഥ് മയാമി ബീച്ചില്‍ മുങ്ങിമരിക്കുകയായിരുന്നു. കൃഷ്ണജ (നിമ്മി) ആണ് ഭാര്യ. ഹരിനന്ദന്‍, കൃഷ്‌ണേന്ദു എന്നിവര്‍ മക്കളുമാണ്. ബി.ജെ.പി ദേശീയ സെക്രട്ടറി പികെ. കൃഷ്ണദാസിന്റെ പിതൃസഹോദരപുത്രനാണ് സായിനാഥ്. അന്ത്യകര്‍മ്മ ചടങ്ങുകള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് തത്സമയം കാണുവാന്‍ സൗകര്യം ഒരുക്കിയിരുന്നു.
Comments