You are Here : Home / USA News

ആറന്മുള എയര്‍പോര്‍ട്ട്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍

Text Size  

Story Dated: Tuesday, July 16, 2013 01:52 hrs UTC

`സേവ്‌ ആറന്മുള ഫ്രെം ലാന്‍ഡ്‌ മാഫിയാ'ഫെയ്‌സ്‌ ബുക്കില്‍ ചിലര്‍ മാസങ്ങളായി പോരടിക്കുന്നു. അന്തരീക്‌ഷത്തോടെ മുഷ്‌ടി യുദ്‌ധം നടത്തുന്നു. കലമണ്ണില്‍ ഏബ്രഹാം സ്വപ്‌നം കണ്ട ഏവിയേഷന്‍ സ്‌കൂള്‍, വളര്‍ന്ന്‌ ഒരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടായി രൂപപ്പെടാനുള്ള സാദ്‌ധ്യത തെളിഞ്ഞപ്പോള്‍ പതിവുപോലെ പാരകള്‍ പലവിധം. ഇന്ന്‌ വരട്ടുവാദത്തില്‍ കുരുങ്ങി അന്യദേശക്കാര്‍ അഭിപ്രായം പറഞ്ഞ്‌, കേരളത്തിലെ തലമൂത്തതും തല നരച്ചതുമായ മാന്യവ്യക്‌തികള്‍ ഇനിയും അവിടെ കൃഷിക്കിറങ്ങുന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. ലാന്‍ഡ്‌മാഫിയയും എയര്‍പോര്‍ട്ടും തമ്മിലെന്തു ബന്‌ധം? പട്ടയം പിടിച്ചതിലെ ക്രമക്കേടുകളോ, ആരുടെയെങ്കിലും ഇടപെടലുകളോ പണംതട്ടിപ്പോ, വര്‍ഗ്ഗീയ ബാലിശചിന്താഗതികളോ ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണുകയാണ്‌ വേണ്ടത്‌, അല്ലാതെ ലാന്‍ഡ്‌മാഫിയ യെന്ന്‌മുദ്രകുത്തി `എയര്‍പോര്‍ട്ടി'നെതിരേ പൊരുതുകയല്ല. `എലിയെതോല്‍പ്പിച്ച്‌ ഇല്ലം ചുടരുത്‌'. ഇടതു സര്‍ക്കാരുടെ കാലത്ത്‌ അനുവാദം നല്‍കി തരിശായി കിടന്ന വയല്‍ നികത്തി വലതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ അതിന്റെ 10 ശതമാനം ഓഹരികളും വാങ്ങാന്‍ തീരുമാനിച്ചു.

 

കെ.ജി.എസ്‌ ഗ്രൂപ്പ്‌ പണി ആരംഭിക്കവേ ഇതാ ഈക്വിലാബ്‌ സിന്താബാദ്‌. ആറന്മുളയുടെ പൈതൃകം പറഞ്ഞ്‌ കുമ്മനം രാജശേഖരനു പിന്നാലെ ഇപ്പോള്‍ അണിനിരക്കുന്ന നാട്ടുകാരെ! ന്യൂനപക്‌ഷമേ!`കലമണ്ണില്‍ ഏബ്രഹാം വസ്‌തുക്കള്‍ വാങ്ങിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു.? ആദ്യ ലോറി മണ്ണ്‌ കൊണ്ടിട്ടപ്പോള്‍, ഇടതു പക്‌ഷ എം.എല്‍.എ രാജു ഏബ്രഹാം അതിന്‌ പച്ചക്കൊടി കാട്ടിയപ്പോള്‍ നിങ്ങളെവിടെയായിരുന്നു? കഴിഞ്ഞ 5 വര്‍ഷമായി എല്ലാം എല്ലായിടത്തും ശരിയായിരുന്നു. പിന്നിപ്പോള്‍ എന്തു പറ്റി? പത്തനംതിട്ട ജില്ലാ നിവാസികള്‍ ഒന്നറിയുക! കേരളത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയില്‍ കാര്യമായ ഭാഗംതേടുന്ന പ്രവാസികളുള്ള മദ്‌ധ്യ തിരുവിതാംകൂറില്‍ ഒരുഎയര്‍പോര്‍ട്ട്‌ വന്നാല്‍ തിരുവനന്തപുരത്തിന്റെയും എറണാകുളത്തിന്റെയും വളര്‍ച്ച മുരടിക്കും. ഇതുതന്നെയാണ്‌ ഈ പാരകള്‍ക്ക്‌ കാരണം. കോഴിക്കോട്‌, കണ്ണൂര്‍ എന്നീ സിറ്റികളുമായി പത്തനംതിട്ടയെ താരതമ്യം ചെയ്‌താല്‍ എത്ര ഖേദകരമാണ്‌ ഇവിടുത്തെ യാത്രാസൗകര്യങ്ങള്‍. (എയര്‍പോര്‍ട്ട്‌ വന്നാല്‍ സമീപ റോഡുകള്‍ നന്നാവും) കേരളത്തിലെ പൊതുഗതാഗതം ഒരിക്കലും നന്നാകാനാവാത്ത വിധം മാറപ്പെട്ടിരിക്കുന്നു. തീരദേശ റെയില്‍വേ, ശബരിമല തീവണ്ടിപ്പാത, സൂപ്പര്‍ഹൈവേ, ജലഗതാഗതം എല്ലാം എവിടെ? ഇന്നിപ്പോള്‍ എല്ലാവനും ഓരോ വണ്ടിയുമായി ഇടുങ്ങിയ റോഡില്‍ കിടന്ന്‌ തള്ളുകയാണ്‌. റോഡ്‌ വികസനം ആവാത്ത വിധത്തില്‍ കെട്ടിടം പണിതും, മാത്രമല്ല മലകളും താഴ്‌വരകളുമായി കിടക്കുന്ന കേരളത്തില്‍ ഇതൊക്കെ ഉണ്ടാവുമെന്ന്‌ സ്വപ്‌നം കാണുന്ന വിഡ്ഡികളുടെ സ്വര്‍ഗ്ഗമാണ്‌ ദൈവത്തിന്റെസ്വന്തനാട്‌.

 

കേരളം ഒരുടൂറിസ്റ്റ്‌ കേന്ദ്രമാക്കാന്‍ ആണ്‌ ഇരു സര്‍ക്കാരും കൂട്ടുനിന്നത്‌. യാത്രാ സൗകര്യമില്ലാതെ എന്തുടൂറിസം? എന്താണ്‌ ടൂറിസം? ഇതറിയാത്തതാണോ, അതോ അറിഞ്ഞില്ലെന്നു നടിക്കുന്നതാണോ നിവേദനത്തില്‍ ഒപ്പിട്ട സാംസ്‌കാരിക നായകര്‍? ഞങ്ങളവിടെ കൃഷിയിറക്കുമെന്ന്‌ പറഞ്ഞത്‌ പഴയകാല ഓര്‍മ്മയായിരിക്കാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലിയുള്ള കേരളത്തില്‍ ഇനി വരുംകാലം കൃഷിയുമില്ല, കൃഷി പാഠവുമില്ല, തൊഴിലറിയാവുന്ന ഒരു തൊഴിലാളിയുമിപ്പോള്‍ ഇല്ലയെന്നതല്ലേ സത്യം? പിന്നെന്താ? 700 ഏക്കര്‍ സഥലം നികത്തിയാല്‍ ആവാസ വ്യവസ്‌ഥ തെറ്റുമെന്നോ? കടലുകടന്നാല്‍ ശാപംകിട്ടുമെന്ന്‌ ഇപ്പോഴും വിശ്വസിക്കുന്നുവോ? നിവേദനത്തില്‍ ഒപ്പിട്ട 72 ഹരിത, സരിത എം. എല്‍. എമാരേ! സാംസ്‌കാരിക നായകരേ! സ്വകാര്യവ്യക്‌തികള്‍ ഇടിച്ചു നികത്തിയ ആയിരക്കണക്കിനേക്കര്‍ മൂന്നാറില്‍. മണല്‍ മാഫിയകള്‍ വെട്ടിയിടിച്ചും കുഴിച്ചവാരിയും ഇല്ലാതാക്കിയ 44 നദികള്‍, വന്യ മൃഗങ്ങളെപ്പോലും ഭയപ്പെടുത്തി ഉതിര്‍ക്കുന്ന കൂറ്റന്‍ വെടികളാല്‍ തകര്‍ക്കപ്പെടുന്ന ക്വാറികള്‍, എക്‌സ്‌ട്രാ നടികളെന്നും, സിനിമയെന്നും പറഞ്ഞ്‌ അന്യസംസ്‌ഥാനങ്ങളില്‍ നിന്നിറക്കിയും കേരളത്തില്‍ ഉടനീളം നടക്കുന്ന പെണ്‍വാണിഭം ഇതൊന്നും നിങ്ങള്‍ കാണുന്നില്ലേ? കേള്‍ക്കുന്നില്ലേ? ആറന്മുള കേരളത്തിന്റെ ഹൃദയമാണ്‌. മതങ്ങളുടെ ആസ്‌ഥാനമാണ്‌, പുണ്യനദിയുടെ തീരമാണ്‌.

 

 

സാംസ്‌കാരികതയുടെ ഉറവിടമാണ്‌. പട്ടിണി പാവങ്ങളുള്ള നാടാണ്‌. തെക്കനും വടക്കനും ഏതു വഴിപോക്കനും കൊട്ടാവുന്ന ചെണ്ടയായി ഈ ജില്ലയിലെ ജനങ്ങള്‍ വിഘടിക്കരുത്‌. എയര്‍പോര്‍ട്ട്‌ ഒരുവികസനം തന്നെയാണ്‌. നാല്‌ അവശജില്ലകളുടെ ഉന്നമനത്തിന്‌ ഇതുകാരണമാവും. ഈ വികസനത്തിലൂടെ ലോകഭൂപടത്തില്‍ `ആറന്മുള' രേഖപ്പെടുത്തപ്പെടും. 5 മണിക്കൂര്‍ യാത്രയാണ്‌ മല്ലപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തിനും കൊച്ചിക്കും. ഇതൊന്നുമറിയാതെയല്ലേ ഈ ബഹളങ്ങള്‍. കോഴിക്കോടിന്റെ അടുത്ത ജില്ലയാണ്‌ കണ്ണൂര്‍.അവിടെ എയര്‍പോര്‍ട്ട്‌ പണിയുന്നു. എന്തിനാണ്‌ കേരളത്തില്‍ ഇത്രയധികം എയര്‍പോര്‍ട്ടെന്ന്‌ അവിടെ ആരും ചോദിക്കുന്നില്ല. ഈ രണ്ടു ജില്ലയോടും ചേര്‍ന്ന്‌ കിടക്കുന്ന മലപ്പുറത്ത്‌ ഈ പതിറ്റാണ്ടില്‍ തന്നെ വലിയൊരു എയര്‍പോര്‍ട്ട്‌ പണിയും. അവിടെയെങ്ങും പത്തനംതിട്ടയിലെ കൃഷീവലന്മാരുടെയോ, പ്രകൃതിസ്‌നേഹികളുടെയോ അവശബ്‌ദങ്ങള്‍ഉണ്ടാകില്ല. `ആറന്മുള'യിലിതാ ഇവര്‍ വിഡ്ഡി ലോകത്ത്‌ വിത്തുവിതച്ച്‌ മൂഢസ്വര്‍ഗ്ഗത്തില്‍ കൊയ്‌ത്തു നടത്തുന്നു. `കോരന്‌ എന്നും കുമ്പിളില്‍ കഞ്ഞി!'.

 

    Comments

    Jann July 19, 2013 11:04

    അല്ലയോ വിമാനത്താവളീ... എല്ലിൻ കഷണമെറിഞ്ഞാൽ എന്തും എഴുതിക്കൊടുക്കുന്ന തനിക്ക് ഒരു ഉളുപ്പുമില്ലാതെ വിളിക്കാം "സരിത എം എൽഎ" മാരെന്ന്. എന്നാൽ ഇയാൾ തെറി വിളിച്ച ഹരിത എം എൽ എ മാരിൽ ഒരാളെ പോലും സരിത വിളിച്ചിട്ടില്ല. വിളിച്ചതൊക്കെയും ആറന്മുള വിമാനത്താവളികളായ മുഖ്യനെയും കൂട്ടു താവളികളെയും. ആ കണക്കിന് ഇവറ്റകളെയെല്ലാം സരിത വിമാനത്താവളികളെന്ന് തന്നെ വിളിക്കണം. ആറന്മുളയെ സരിത വിമാനത്താവളമെന്നും.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.