ന്യൂയോര്‍ക്ക്: പ്രശസ്‌ത ദൈവശാസ്‌ത്രജ്ഞനും ന്യൂസിറ്റി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിലെ അസോസിയേറ്റ് പാസ്റ്ററുമായ റവ.ഡോ. വര്‍ഗീസ് ചെത്തിപ്പുഴ, അമേരിക്കയിലെ മൂന്നര പതിറ്റാണ്ടുകള്‍ നീണ്ട സ്‌തുത്യര്‍ഹമായ സഭാ സേവനത്തിനുശേഷം ചങ്ങനാശേരി അതിരൂപതയിലെ സഭാ ശുശ്രൂഷകള്‍ക്കായി ഓഗസ്റ്റ് ആദ്യവാരം മടങ്ങിപ്പോകുന്നു. 1983-ല്‍ ഉന്നത പഠനത്തിയായി ന്യൂയോര്‍ക്കില്‍ എത്തിയ ഫാ. ചെത്തിപ്പുഴ തന്റെ അജപാലന രംഗമായി തെരഞ്ഞെടുത്തത് ന്യൂയോര്‍ക്ക് അതിരൂപതയായിരുന്നു. പഠനകാലത്ത് നോര്‍ത്ത് സെന്‍ട്രല്‍ ബ്രോങ്ക്‌സ് ഹോസ്‌പിറ്റല്‍, മോണ്ടി ഫിയറി മെഡിക്കല്‍ സെന്റര്‍ എന്നീ ആതുരശുശ്രൂഷാ കേന്ദ്രങ്ങളില്‍ കാത്തലിക് ചാപ്ലെയിനായി സേവനം അനുഷ്‌ഠിച്ചു. 1999-മുതല്‍ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള ന്യൂസിറ്റി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ സേവനം അനുഷ്‌ഠിച്ചുവരികയാണ് ഫാ. ചെത്തിപ്പുഴ. സെന്റ് അഗസ്റ്റിന്‍സ് ഇടവകാംഗങ്ങള്‍ക്കെന്നപോലെ കൗണ്ടിയിലെ മലയാളികള്‍ക്കേവര്‍ക്കും ഏറ്റവും പ്രിയങ്കരനാണ് ചെത്തിപ്പുഴയച്ചന്‍.
ഇടയനില്ലാത്ത ആടുകളെപ്പോലെ ചിതറിയിരുന്ന അമേരിക്കയിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് ഒരു ഭരണ സംവിധാനം ഉണ്ടാക്കുന്നതിനുവേണ്ടി, സീറോ മലബാര്‍ സഭാ സിനഡിന്റെ ആദ്യകാലത്തെ ബാഹ്യകേരള സഭാ പ്രതിനിധിയായിരുന്ന അഭിവന്ദ്യ ഗ്രിഗറി കരോട്ടെമ്പ്രയില്‍ തിരുമേനിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ ഫാ. ചെത്തിപ്പുഴയുടെ സേവനങ്ങള്‍ മഹത്തരമായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഫാ. ചെത്തിപ്പുഴ സഭാ പഠനങ്ങളില്‍ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബ്ലാന്റണ്‍ പീല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയതുകൂടാതെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കി. വളരെ വിശാലമായ സൗഹൃദങ്ങളുടെ ഉടമയായ ഫാ ചെത്തിപ്പുഴയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട്, അദ്ദേഹം സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന ന്യൂസിറ്റി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ ജൂലൈ 28-ന് ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്ക് അദ്ദേഹം കൃതജ്ഞതാബലി അര്‍പ്പിക്കുന്നതാണ്. പ്രസ്‌തുത ദിവ്യബലിയില്‍ തന്റെ പ്രിയ ഇടവകാംഗങ്ങളോടൊപ്പം അമേരിക്കയിലുടനീളമുള്ള ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത് അദ്ദേഹത്തിന് പ്രാര്‍ത്ഥനാ മംഗളങ്ങളും ആശംസകളും അര്‍പ്പിക്കുന്നതാണ്. റോയ് ആന്റണി അറിയിച്ചതാണിത്.
Comments