You are Here : Home / USA News

അന്യന്റെ അടുക്കളയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന മലയാളികള്‍

Text Size  

Story Dated: Tuesday, July 23, 2013 03:01 hrs UTC

വാസുദേവ്‌ പുളിക്കല്‍

 

വിവേകാനന്ദസ്വാമികളുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികം ആഘോഷിച്ചുകൊണ്ട്‌, കെ. സി. എ. എന്‍. യും വിചാരവേദിയും ചേര്‍ന്ന്‌ `സമകാലീന കേരളം' എന്ന വിഷയത്തില്‍ ജൂലൈ13-ന്‌ നടത്തിയ സെമിനാറില്‍ കേരളത്തിന്റെ പഴമയും പുതുമയും ചര്‍ച്ച ചെയ്യപ്പെട്ടു. കെ. സി.എ.എന്‍. എ. പ്രസിഡന്റ്‌ സാംസി കൊടുമണ്ണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. സി. എ. എന്‍. എ. ട്രഷറര്‍ വര്‍ഗീസ്‌ ചുങ്കത്തില്‍?ആമുഖമായി സെമിനാറിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെ കുറിച്ച്‌ വിശദമായി സംസാരിച്ചു. വാസുദേവ്‌ പുളിക്കല്‍ സ്വാഗത പ്രസംഗത്തില്‍, കേരളത്തിലെ ജാതിവ്യവസ്ഥിതിയുടെ നികൃഷ്‌ഠത കണ്ടിട്ടാണ്‌ വിവേകാനന്ദ സ്വാമികള്‍ കേരളത്തെ ഭ്രാന്താലയം എന്ന്‌ വിളിച്ചതെങ്കില്‍ ഇന്ന്‌ ജാതിമതഭേദചിന്ത കേരളീയരില്‍ നിന്ന്‌ ഏതാണ്ട്‌ അപ്രത്യക്ഷമായിട്ടുണ്ടെന്നും കേരളം സാമുഹ്യസാംസ്‌കാരിക രംഗങ്ങളില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പറഞ്ഞു. മുഖ്യപ്രഭാഷക ഡോ. എന്‍. പി. ഷീല കേരളത്തെ പിറകോട്ടോടുന്ന നാടെന്നും പഴയകാര്യങ്ങളില്‍ ഊറ്റം കൊള്ളുന്നവരാണ്‌ കേരളീയര്‍ എന്നും സ്വതസിദ്ധമായ നര്‍മ്മരസത്തില്‍ പറഞ്ഞപ്പോള്‍ ശ്രോതാക്കളുടെ ചുണ്ടുകളില്‍ പുഞ്ചിരിയൂറി. കുറ്റവാളികളെ തോളിലേറ്റുന്ന സമൂഹമാണ്‌ നമ്മുടെതെന്ന്‌ ചുണ്ടിക്കാണിക്കാന്‍ അക്‌ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ നടന്ന ഒരു സംഭവം ടീച്ചര്‍ ഉദാഹരണമായെടുത്തു. നാല്‌ കള്ളന്മാരില്‍ ഒന്നും രണ്ടും മൂന്നും പ്രതികളെ രാജാവ്‌ ശിക്ഷിച്ചില്ലെങ്കിലും അവര്‍ അവരെ സ്വയം ശിക്ഷിച്ചു.

 

നാലാമനെ രാജകല്‍പനയനുസരിച്ച്‌ മൊട്ടയടിച്ച്‌ ജനമദ്ധ്യത്തിലേക്ക്‌ തള്ളി വിട്ടപ്പോള്‍ ജനങ്ങള്‍ ആ കള്ളനെ ആരവങ്ങളോടെ എതിരേല്‍ക്കുകയും നഗരം ചുറ്റിക്കുകയും ചെയ്‌തു. ഇന്ന്‌ കേരളീയനും സമാനമനോഭാവമുള്ളവരാണെന്ന്‌ ടീച്ചര്‍ സമര്‍ത്ഥിച്ചപ്പോള്‍ കേരളത്തിന്റെ മുഖച്ഛായ എത്ര വികൃതമാണെന്ന്‌ വ്യക്തമായി. കന്യാകുമാരിയും ഗോകര്‍ണ്ണവും കൈവിട്ടുപോയപ്പോള്‍ ദേവനും ദേവിയും നഷ്ടപ്പെട്ട കേരളമായി നമ്മുടെതെന്ന്‌ പ്രസ്ഥാവിച്ചുകൊണ്ടാണ്‌ ഡോ. ജോയ്‌ കുഞ്ഞാപ്പൂ തന്റെ വളരെ പ്രസ്‌കതമായ പ്രഭാഷണം ആരംഭിച്ചത്‌. കേരളത്തെ നവോത്ഥനത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങളും അതില്‍ പങ്കാളികളായ ചട്ടമ്പി സ്വാമികള്‍, നാരായണഗുരു മുതലായ ആത്മീയ ആചാര്യന്മാരെയും എടുത്തു കാണിച്ച്‌ പഴമയും പുതുമയും ഉദാഹരിച്ച്‌ അതോടൊപ്പം ഇന്നത്തെ രാഷ്ട്രീയ സ്ഥിരതയില്ലായ്‌മ വരുത്തി വരുന്ന അസ്വസ്ഥത, സ്‌ത്രീശാക്തീകരണത്തിന്റെ ആവശ്യകത, ലൈഗീക അരാജകത്വം, ലൈഗീക അച്ചടക്കമില്ലായ്‌മ മുതലായവ ചുണ്ടിക്കാണിച്ചു കൊണ്ടു ഡോ. ജോയ്‌ കുഞ്ഞാപ്പൂ ചെയ്‌ത പ്രഭാഷണം ശ്രോതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചു. കേരളത്തില്‍ ഇന്ന്‌ നടക്കുന്ന ലജ്ജാകരമായ അവസ്ഥയില്‍ ഈ ചര്‍ച്ചാവിഷയം ഏറ്റവും പ്രസക്തമാണെന്ന്‌ ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു.

 

 

കേരളത്തിലെ ജാതിരാഷ്ട്രീയത്തിന്റെ വളര്‍ച്ച വരുത്തി വച്ചേക്കാവുന്ന പ്രശ്‌നങ്ങളെ ഉല്‍ഘണ്‌ഠയോടെ വീക്ഷിക്കുകയും നിയമസഭയിലെ ആഭാസകരമായ പ്രകടനങ്ങളേയും മീഡിയങ്ങളുടെ ധാര്‍മ്മികകതയില്ലായ്‌മയേയും അദ്ദേഹം അപലപിക്കുകയും ചെയ്‌തു. കേരളത്തില്‍ മാത്രം സംഭവിക്കുന്ന എറണാകുളം നഗരത്തില്‍ നിന്നും വെയിറ്റിംഗ്‌ ഷെഡ്‌ മോഷണം പോയതിനെ പരാമര്‍ശിച്ചുകൊണ്ടാണ്‌ പി. റ്റി. പൗലോസ്‌ പ്രസംഗം ആരഭിച്ചത്‌. എതാനം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച്‌ മുപ്പത്തി ഒന്‍പതാമത്തെ വയസ്സില്‍ അകാലചരമം പ്രാപിച്ച വിവേകാനന്ദന്‍ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച ആത്മീയ ആചാര്യനായിരുന്നു. മറ്റു ആത്മീയ ആചാര്യന്മാരില്‍ നിന്നും വ്യത്യസ്ഥമായി ജാതിമതഭേദചിന്തകള്‍ക്കതീതനായി നിന്നുകൊണ്ട്‌ അദ്ദേഹം ഒരു നവയുഗം സൃഷ്ടിക്കുന്നതിന്‌ ആഗ്രഹിച്ചിരുന്നു എന്ന്‌ പി. റ്റി. പൗലോസ്‌ പ്രസ്ഥാവിച്ചു. നെറികേടുകളെ സേവിക്കുന്ന രാഷ്ട്രീയക്കാരും യുവാക്കളും സാമുഹ്യപ്രവര്‍ത്തകനും കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക്‌ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

 

 

മോണ്‍സി കൊടുമണ്‍, ജോസ്‌ ചെരിപുറം, സണ്ണി പണിക്കര്‍, ഡോ. നന്ദകുമാര്‍, രാജു തോമസ്‌, രാജു എബ്രാഹം എന്നിവരും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ പരാമര്‍ശിച്ച്‌ സംസാരിച്ചു. പ്രിന്‍സ്‌ തോമസ്‌ എന്റെ ഭാവിയിലെ കേരളം എന്ന കവിത അവതരിപ്പിച്ചു. അന്യന്റെ അടുക്കളയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന മലയാളികള്‍ അപരനെ കുരുക്കാനുള്ള തന്ത്രം മെനയുന്നതില്‍ വ്യഗ്രതയുള്ളവരാണ്‌. കൂട്ടുകുടുംബത്തില്‍ നിന്ന്‌ അണുകുടുംബത്തിലേക്ക്‌ മാറിയതോടെ നമ്മുടെ സ്വാര്‍ത്ഥത വര്‍ദ്ധിച്ചു. ഗല്‍ഫ്‌ പണം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ അമ്പേ തകിടം മറിച്ചു. അവനേക്കാള്‍ വല്യവനാകണം എന്ന ദുരാഗ്രഹം നമ്മളെ ധാര്‍മ്മികച്യുതിയിലേക്ക്‌ വലിച്ചിഴച്ചു. ഇന്നലെകളിലെ സുന്ദരകേരളം ഇന്നത്തെ രഷ്ട്രീയക്കാര്‍ താറുമാറാക്കി. വിദ്യര്‍ത്ഥികളുടെ മുന്നില്‍ വച്ച്‌ അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്ന സമൂഹം, പട്ടാപകല്‍ തീവണ്ടിയില്‍ പെണ്‍കുട്ടികളുടെ മാനം പിച്ചി ചീന്തുന്ന കാപാലികരുടെ സമൂഹം - ഈ സമൂഹത്തില്‍ എങ്ങനെ ധാര്‍മ്മികത നിലനില്‌ക്കും. നമുക്ക്‌ എന്തു ചെയ്യാന്‍ കഴിയും എഴുതുക, പ്രതികരിക്കുക, ബോധവല്‍ക്കരിക്കുക. ഇതൊക്കെയെ നമുക്ക്‌ ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന്‌ സാംസി കൊടുമണ്‍ ഉപസംഹാരമായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.