തിരുവല്ല: കേരള കോണ്‍ഗ്രസ് പ്രവാസികളുടെ ശബ്ദമായി മാറണമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണ്‍ പ്രസിഡന്റുമായ പി.സി മാത്യു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയും നീയമസഭയില്‍ കര്‍ഷകന്റെ പ്രതീകവുമായിരുന്ന ഈജോണ്‍ ജേക്കബിന്റെ ജന്മ ശദാബ്ദിയോടനുബന്ധിച്ച് തിരുവല്ല ടി.ബി ഹാളില്‍, പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണ് പ്രവാസികള്‍ക്കുവേണ്ടി ഇപ്രകാരം വാദിച്ചത്. ഈജോണ്‍ ജേക്കബ് സ്‌മാരക മന്ദിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വവിധ പിന്തുണയും അദ്ദേഹം ചടങ്ങില്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ധനകാര്യ, നീയമ വകുപ്പു മന്ത്രി കെ.എം മാണി ഈജോണ്‍ ജേക്കബിന്റെ സേവനങ്ങള്‍ പ്രകീര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി കര്‍ഷക പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പലിശരഹിത വായ്‌പ തുടങ്ങിയവ നടപ്പില്‍ വരുത്തിയ കേരള കോണ്‍ഗ്രസ് എന്നും അദ്ധ്വാന വര്‍ഗ്ഗത്തിനുവേണ്ടി നിലകൊണ്ടിരുന്നു എന്നു അദ്ദേഹത്തെ അനുസ്‌മരിച്ചു. തുടര്‍ന്നദ്ദേഹം ഈജോണ്‍ ജേക്കബ് സ്‌മാരക മന്ദിരത്തിന്റെ രൂപരേഖ പ്രകാശനം ചെയ്‌തു. മുന്‍ മന്ത്രി ടി.എസ് ജോണ്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് എം. പുതുശ്ശേരി, മുന്‍ എംഎല്‍എ എലിസബേത്ത് മാമ്മന്‍ മത്തായി, മുന്‍ എംഎല്‍എ ജോസ് കോയിപ്പള്ളി, സാം ഈപ്പന്‍, വിക്ടര്‍ ടി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.വിനയന്‍ കൊടിഞ്ഞൂര്‍, വി.ആര്‍ രാജേഷ്, ബിനു കല്ലേമണ്ണില്‍, നെബു മാത്യു, ജേക്കബ് വട്ടശ്ശേരില്‍, സാബു കെ.ജി, കുഞ്ഞുകോശി പോള്‍, വര്‍ഗീസ് പേരയില്‍, മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments