ടൊറന്റോ: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പൂര്‍ണ്ണ ഇടവകയായി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. ജൂലൈ 20-ന് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച മെത്രാപ്പോലീത്ത ഇടവകാംഗങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കുകയും ഇതു സംബന്ധിച്ച കല്‍പ്പന വികാരി റവ.ഫാ.ഡോ. ഡാനിയേല്‍ തോമസിന് കൈമാറുകയും ചെയ്‌തു. ഒരു ഇടവകയെന്ന നിലയില്‍ ഈ ആത്മീയ സമൂഹത്തിനുള്ള ഉത്തരവാദിത്വങ്ങളെപ്പറ്റി മാര്‍ നിക്കളാവോസ് തിരുമേനി ഇടവക ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ക്രിസ്‌തുവിന്റെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്ന ഉത്തമരായ മലങ്കര സഭാ വിശ്വാസികളായി ടൊറന്റോയില്‍ വളര്‍ന്നു വരുവാനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പേരും പെരുമയും കാത്തുസൂക്ഷിക്കുന്ന സഭാ മക്കളായി പ്രവര്‍ത്തിക്കാനും കഴിയട്ടെ എന്ന് മാര്‍ നിക്കളാവോസ് ഇടവകാംഗങ്ങളെ ആശംസിച്ചു. ഇടവകയ്‌ക്കുവേണ്ടി രൂപകല്‍പ്പന ചെയ്‌ത പുതിയ ലോഗോ മാര്‍ നിക്കളാവോസ് അനാഛാദനം ചെയ്‌തു. വികാരി റവ.ഡോ. ഡാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ മെത്രാപ്പോലീത്തയ്‌ക്ക് ഊഷ്‌മളമായ വരവേല്‍പ് നല്‍കി. കാനഡയില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ആദ്യത്തേയും, ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭദ്രാസനത്തിലെ 53-മത്തെ ഇടവകയും ആണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stmarysorthodoxchurch.ca
Comments