ന്യൂയോര്‍ക്ക്: ജനകീയ സംരംഭങ്ങളിലൂടെ പുതിയ പദ്ധതികള്‍ക്ക് രൂപവും ഭാവവും നല്‍കി അവ യുക്തിപൂര്‍വ്വം നടപ്പിലാക്കുന്നതില്‍ ശ്രദ്ധാലുക്കളായഫോമ നേതൃത്വം പുതിയൊരു കാല്‍വെയ്പിലൂടെ മറ്റൊരു ദൗത്യവും പൂര്‍ത്തിയാക്കി. ലക്ഷോപലക്ഷം പ്രവാസി മലയാളികളുള്ള വടക്കേ അമേരിക്കയിലെ 52 മലയാളിസംഘടനകളെ ഒന്നിച്ചൊരു കുടക്കീഴിലാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്, വ്യത്യസ്ഥ കര്‍മ്മപരിപാടികളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഫോമ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മേഘലയില്‍ തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുന്നു എന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു അഭിമാനത്തോടെ പറഞ്ഞു. ഏകദേശം അര മില്യനോളം വരുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ഗുണകരമായേക്കാവുന്ന പദ്ധതിയാണ് ഫോമ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അരിസോണയിലെ ഫീനിക്‌സില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ സി.ഒ. ഡോ. സ്റ്റാന്‍ മെയറും ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യുവും വിദ്യാഭ്യാസ കരാറില്‍ ഒപ്പു വെച്ചതോടെ ഫോമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത് രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഫോമ നേതൃത്വം അവകാശപ്പെട്ടു. പ്രസ്തുത കരാര്‍ പ്രകാരം ഫോമ അംഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീ ഇനത്തില്‍ 15% സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഈ സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ അവിടെ പഠിക്കുന്നവര്‍ക്കും പുതുതായി അഡ്മിഷന്‍ നേടുന്നവര്‍ക്കും ലഭിക്കുന്നതാണ്. കൂടാതെ, വിദേശത്തെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി മൂല്യനിര്‍ണ്ണയം നടത്തുകയും യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നടക്കുന്ന തൊഴിലധിഷ്ടിത പ്രോഗ്രാമില്‍ സൗജന്യ പ്രവേശനവും ലഭിക്കുന്നതാണ്. 1949-ല്‍ സ്ഥാപിതമായ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്. നൂറു കണക്കിന് ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ ഡിഗ്രീ പ്രോഗ്രാമുകള്‍ കൂടാതെ നഴ്‌സിംഗ് രംഗത്തും, ഹെല്‍ത്ത് കെയര്‍ രംഗത്തും നിരവധി ഗ്രാജ്വേറ്റ്, അണ്ടര്‍ഗ്രാജ്വേറ്റ് പ്രോഗ്രാമുകളും ലഭ്യമാക്കുന്നു. ഈ മഹത്തായ വിദ്യാഭ്യാസ സ്ഥാപനവുമായി കരാറില്‍ ഒപ്പുവെയ്ക്കാന്‍ കഴിഞ്ഞത് ഒരു നേട്ടമായി കരുതുന്നു എന്ന് ജോര്‍ജ് മാത്യു പ്രസ്താവിച്ചു. ബാബു തോമസ് തെക്കേക്കര (മെരിലാന്റ്), സജീവ് വേലായുധന്‍ (ലോസ് ആഞ്ചലസ്) എന്നിവരാണ് ഫോമ-ജി.സി.യു. വിദ്യാഭ്യാസ സഹകരണ കോ-ഓര്‍ഡിനേറ്റര്‍മാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു തോമസ് തെക്കേക്കര 410 740 0171, 443 535 3955 ഇ-മെയില്‍ babutt59@yahoo.com, സജീവ് വേലായുധന്‍ 951 852 6630. www.fomaa.com
Comments